ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, പിന്നെ തല്ലിക്കൊല്ലാൻ ആളെക്കൂട്ടുകയെന്നതാണ് സംഘ്പരിവാറിന്റെ പൊതുവെയുള്ള ശൈലി. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് “ദി കശ്മീർ ഫയൽസ്’ എന്ന സിനിമ. കശ്മീരിൽ നിന്ന് പലായനം ചെയ്യുന്ന പണ്ഡിറ്റുകളുടെ കഥയെന്ന പേരിലാണ് സിനിമ നിർമിച്ചത്. എന്നാൽ, ചരിത്രം സത്യസന്ധമായി അവതരിപ്പിക്കുന്നതിനു പകരം വികലമാക്കി മുസ്‌ലിം വിദ്വേഷം ജനിപ്പിക്കാനാണ് സിനിമയിലൂടെ അണിയറ ശിൽപ്പികൾ ശ്രമിക്കുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും അക്കാദമിക് പ്രൊഫസറും എഴുത്തുകാരനുമായ അശോക് സ്വയ്‌നും മറ്റും അഭിപ്രായപ്പെട്ടത് പോലെ ശുദ്ധനുണകളും അർധസത്യങ്ങളുമാണ് സിനിമയിലുടനീളം. സിനിമയിലെ അയഥാർഥങ്ങൾക്കെതിരെ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ പെട്ടവർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും ഈ സിനിമ കാണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതിയിൽ നിന്നതിനെ ഒഴിവാക്കിയതും സിനിമ കാണാൻ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി നൽകിയതും ഹിന്ദുത്വ കേന്ദ്രങ്ങളിൽ നിന്ന് സിനിമക്ക് ലഭിക്കുന്ന കലവറയില്ലാത്ത പിന്തുണയിലേക്കും അതിനു പിന്നിലെ ഗൂഢോദ്ദേശ്യത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
കാശ്മീരിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തിന് പിന്നിൽ സാമുദായിക വർഗീയതയല്ല, രാഷ്ട്രീയമാണെന്ന് ചരിത്രവസ്തുതകൾ ചൂണ്ടിക്കാട്ടുന്നു. ജമ്മു കശ്മീരിൽ 1987ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-നാഷനൽ കോൺഫറൻസ് സഖ്യമാണ് വിജയിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ പ്രതിപക്ഷത്തെ മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ട് തയാറായില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന ആരോപണവുമായി അവർ പ്രക്ഷോഭ രംഗത്തിറങ്ങി. ക്രമേണ അത് സായുധകലാപമായി മാറി. കലാപത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പലരും പലായനം ചെയ്യുകയുമുണ്ടായി. കലാപത്തിന്റെ ഇരകൾ പ്രത്യേക മതവിഭാഗം മാത്രമായിരുന്നില്ല. എല്ലാ മതവിഭാഗക്കാരുമുണ്ടായിരുന്നു. നാഷനൽ കോൺഫറൻസ് പ്രതിനിധിയായ യൂസുഫ് ഹൽവായി ഉൾപ്പെടെ നിരവധി മുസ്‌ലിംകളും കൊല്ലപ്പെട്ടിട്ടുണ്ട് കലാപത്തിൽ. രാഷ്ട്രീയ സംഘർഷത്തിൽ ജീവഹാനി ഭയന്ന് പലായനം ചെയ്തവരിലും മുസ്‌ലിംകളാണ് നല്ലൊരു വിഭാഗം. കശ്മീരി പണ്ഡിറ്റുകളും മുസ്‌ലിംകളും അടക്കം 59,542 കുടുംബങ്ങൾ പലായനം ചെയ്തെന്നാണ് ഇതുസംബന്ധിച്ച് 2010ൽ ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ വെളിപ്പെടത്തിയത്. ചില രേഖകളിൽ കശ്മീരി പണ്ഡിറ്റുകൾ എന്നതിന് പകരം കശ്മീരി അഭയാർഥികൾ എന്ന് രേഖപ്പെടുത്തിയതും ഇതുകൊണ്ടാണ്.
എന്നാൽ, ഹൈന്ദവർ മാത്രമാണ് ആ കാലഘട്ടത്തിൽ കശ്മീരിൽ കൊല്ലപ്പെട്ടതും പലായനം ചെയ്തതുമെന്ന തരത്തിലാണ് സിനിമയിലെ പ്രമേയം. കൊല്ലപ്പെട്ട പണ്ഡിറ്റുകളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്നു. കശ്മീരിൽ 4,000 ഹിന്ദു പണ്ഡിറ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ച വിവേക് അഗ്‌നിഹോത്രി പറയുന്നത്. അതേസമയം, ശ്രീനഗർ പോലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയനുസരിച്ച് 89 പണ്ഡിറ്റുകൾ മാത്രമാണ് അവിടെ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2011ൽ പാർലിമെന്റിനെ അറിയിച്ചത് 289 പണ്ഡിറ്റുകൾ കൊല്ലപ്പെട്ടെന്നാണ്. ആർ എസ് എസ് അനുകൂല പ്രസിദ്ധീകരണ സ്ഥാപനമായ സുരുചി സൻസ്ഥൻ 1991ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പോലും 600 പേർ കൊല്ലപ്പെട്ടു എന്നേ പറയുന്നുള്ളൂ. വിവേക് അഗ്‌നിഹോത്രിക്ക് എവിടെ നിന്നു കിട്ടി നാലായിരത്തിന്റെ കണക്ക്?
ബി ജെ പി ലക്ഷ്യംവെക്കുന്ന ഹിന്ദുത്വരാഷ്ട്ര നിർമിതിയിയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി ഇന്ത്യാ ചരിത്രമുടനീളം വളച്ചൊടിച്ചു കൊണ്ടിരിക്കുകയാണ് ബ്രാഹ്മണിക്കൽ പരിവാർ. ധീരദേശാഭിമാനിയും മതസഹിഷ്ണുതയുടെ വക്താവുമായ ടിപ്പു അവരുടെ ഭാഷയിൽ മതഭ്രാന്തനും വർഗീയ വാദിയുമാണ്. മലബാറിലെ ബ്രിട്ടീഷ്്വിരുദ്ധ സമരം അവർക്കു ഹിന്ദുവിരുദ്ധ കലാപമാണ്. വേദകാലഘട്ടത്തിലേക്ക് മടങ്ങിപ്പോകാനുള്ള ആഹ്വാനത്തോടെയാണ് 2016 ജൂലൈ 30ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കരട് ദേശീയ വിദ്യാഭ്യാസ നയം പുറത്തിറക്കിയത്. രാജ്യത്ത് പ്രഗത്ഭരായ നിരവധി ചരിത്രപ്രതിഭകൾ ഉണ്ടായിരിക്കെ, അവരെയെല്ലാം അവഗണിച്ചാണ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ നേതൃ സ്ഥാനത്തേക്ക് ആർ എസ് എസ് സഹയാത്രികരെ കൊണ്ടുവന്നത്. ഇതിന്റെയൊക്കെ തുടർച്ചയായി കാണേണ്ടതാണ് കശ്മീർ പണ്ഡിറ്റുകളുടെ പലായനത്തിന്റെ ഉത്തരവാദിത്വം മുസ്‌ലിംകളുടെ തലയിൽ വെച്ചുകെട്ടാനുള്ള ശ്രമവും.
ബ്രാഹ്മണിക്കൽ പരിവാറിന്റെ അജൻഡയാണ് മുസ്‌ലിംവംശഹത്യ. അതിന്റെ ഭാഗമായിരുന്നല്ലോ 2002ലെ ഗുജറാത്ത് മുസ്‌ലിംകൂട്ടഹത്യയും ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആൾക്കൂട്ടക്കൊലയുമെല്ലാം. ഗോദ്രയിൽ സബർമതി എക്‌സ്പ്രസ്സിലെ അഗ്നിബാധക്ക് പിന്നിൽ മുസ്‌ലിംകളായിരുന്നുവെന്ന കള്ളപ്രചാരണത്തിലൂടെയാണ് ഗുജറാത്ത് വംശഹത്യക്ക് തുടക്കമിട്ടത്. പശുവിനെ അറുത്തെന്നോ മാംസം കൈവശംവെച്ചെന്നോ വ്യാജാരോപണം നടത്തിയാണ് പലയിടങ്ങളിലും മുസ്‌ലിംകളെ തല്ലിക്കൊല്ലുന്നത്. അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിൽ നിന്ന് മുസ്‌ലിംകളെ മാത്രം മാറ്റിനിർത്തുന്ന പൗരത്വ ഭേദഗതി നിയമവും ഇതിന്റെ മറ്റൊരു പതിപ്പാണ്. ഇതുപോലെ വംശഹത്യക്കുള്ള വഴിമരുന്നിടലാണോ “ദി കശ്മീർ ഫയൽസ്’ എന്ന്
സംശയിക്കേണ്ടതുണ്ട്. സിനിമ കണ്ടിറങ്ങുന്ന സംഘ്പരിവാർ അനുകൂലികളിൽ നിന്നുള്ള പ്രതികരണം വിരൽചൂണ്ടുന്നത് അത്തരമൊരു സന്ദേഹത്തിലേക്കാണ്.
തിയേറ്ററ്ററുകളിൽ ആർ എസ് എസ് അനുകൂലവും മുസ്‌ലിംവിരുദ്ധവുമായ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. “ന്യൂനപക്ഷത്തിന്റെ മതഭ്രാന്ത് ക്രൂരമായ അക്രമത്തിൽ പൊട്ടിത്തെറിക്കുന്ന തരത്തിൽ ഇനി ഒരിക്കലും പൊറുപ്പിക്കില്ല’ എന്നായിരുന്നു ചിലരുടെ പ്രതികരണം. പൊതുസമൂഹത്തിൽ മുസ്‌ലിം വിദ്വേഷം ആളിക്കത്തിക്കാൻ സിനിമയെ ഉപയോഗപ്പെടുത്തുകയാണ് അണിയറ ശിൽപ്പികൾ. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന കലാ സൃഷ്ടികൾ നിരോധിക്കാൻ ബാധ്യതപ്പെട്ട ഭരണകൂടങ്ങളാകട്ടെ അതിന് സർവവിധ പിന്തുണയും നൽകുന്നുവെന്നതാണ് ഏറെ വിചിത്രവും ഖേദകരവും.
source https://www.sirajlive.com/historical-distortion-through-film.html
إرسال تعليق