ന്യൂഡല്‍ഹി | ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. സംഘര്‍ഷ ബാധിത മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് ചര്‍ച്ചയായി. ഖാര്‍ക്കിവില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്നവും മോദി ഉന്നയിച്ചു. വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് പുടിന്‍ സ്വീകരിച്ചതെന്നാണ് വിവരം.
സമയപരിധി അവസാനിച്ചു
കാര്‍കീവില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ എംബസി അനുവദിച്ച സമയം അവസാനിച്ചു. വിദ്യാര്‍ഥികളോട് ഇന്ന് വൈകിട്ട് പ്രാദേശിക സമയം ആറ് മണിക്ക് മുമ്പ് ഒഴിഞ്ഞുപോകാന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ ഉപദേശ പ്രകാരമാണ് ഇന്ത്യ ഈ നിര്‍ദേശം നല്‍കിയിരുന്നത്. വിദ്യാര്‍ഥികളെ രാത്രിക്ക് മുമ്പ് മാറ്റാന്‍ റഷ്യ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പ്രാദേശിക സമയം ആറ് മണിക്ക് മുമ്പ് കാര്‍കീവ് വിടണമെന്നും പെസോചിന്‍, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറണമെന്നുമായിരുന്നു നിര്‍ദേശം. ഒരു വാഹനവും കിട്ടിയില്ലെങ്കില്‍ നടന്നെങ്കിലും കാര്‍കീവ് വിടണമെന്നാണ് അടിയന്തര നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്. പിസോചിനിലേക്ക് യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ കിട്ടാത്ത വിദ്യാര്‍ഥികളോട് നടന്നുപോകാനാണ് എംബസി ആവശ്യപ്പെട്ടത്. വാഹനങ്ങള്‍ക്ക് കാത്തുനില്‍ക്കരുത്. കൈര്‍കീവില്‍ നിന്ന് പത്ത് കിലോമീറ്ററാണ് പിസോചിനിലേക്കുള്ളത്. ബബയെ, ബെസ്ലുഡോവ്ക എന്നീ നഗരങ്ങള്‍ക്ക് അടുത്തുള്ളവര്‍ അവിടേക്ക് ഉടനടി യാത്ര തിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
source https://www.sirajlive.com/eviction-of-indian-students-from-ukraine-modi-holds-talks-with-putin.html
إرسال تعليق