ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍; റോബര്‍ടോ ഫിര്‍മീനോയും ഗബ്രിയേല്‍ ജെസൂസും പുറത്ത്

ബ്രസീലിയ | ഈ മാസാവസാനം നടക്കാനിരിക്കുന്ന അവസാന വട്ട ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍. റോബര്‍ട്ടോ ഫിര്‍മീനോ, ഗബ്രിയേല്‍ ജെസൂസ് എന്നി സൂപ്പര്‍ താരങ്ങള്‍ ടീമില്‍ ഇല്ല. പകരം ആഴ്‌സണലിന്റെ 20കാരന്‍ ഫോര്‍വേഡ് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ടീമില്‍ ഇടം നേടി. ഇത് ആദ്യമായാണ് മാര്‍ട്ടിനെല്ലി ദേശീയ ടീമില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ നെയ്മര്‍ ടീമില്‍ തിരികെയെത്തിയിട്ടുണ്ട്.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനായി മികച്ച പ്രകടനം നടത്തിയതോടെയാണ് മാര്‍ട്ടിനെല്ലിയെ ടിറ്റെ ടീമിലേക്ക് വിളിക്കുന്നത്. ടീമില്‍ നിന്ന് പുറത്തായ ഫിര്‍മീനോയും ജെസൂസും ലോകകപ്പ് ടീമില്‍ കളിച്ചേക്കില്ല. ലാറ്റിനമേരിക്കന്‍ മേഖലയിലെ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബ്രസീല്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ചിലി, ബൊളീവിയ എന്നിവര്‍ക്കെതിരെയാണ് ബ്രസീലിന്റെ അവസാനത്തെ രണ്ട് മത്സരങ്ങള്‍.

ഖത്വര്‍ ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് നടക്കും. ഇക്കൊല്ലം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായാണ് ഫുട്‌ബോള്‍ ലോകകപ്പ്. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയെ ലോകകപ്പില്‍ നിന്ന് വിലക്കിയിരിക്കുകയാണ്.

32 ടീമുകളാണ് ലോകകപ്പില്‍ കളിക്കുക. ആതിഥേയരായ ഖത്വര്‍, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങി 15 ടീമുകള്‍ ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ശേഷിക്കുന്ന സ്ഥാനങ്ങള്‍ക്കായുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ വൈകാതെ നടക്കും.

 



source https://www.sirajlive.com/brazil-announce-squad-for-world-cup-qualifiers-roberto-firmino-and-gabriel-jesus-are-out.html

Post a Comment

أحدث أقدم