കോഴിക്കോട് | ഐ എന്‍ എല്‍ വിഭാഗങ്ങളുടെ പുതിയ സംസ്ഥാന കമ്മിറ്റികള്‍ ഇന്നും നാളെയുമായി നിലവില്‍ വരും. വഹാബ് വിഭാഗത്തിന്റെ കൗണ്‍സില്‍ ഇന്ന് കോഴിക്കോട് വര്‍ത്തക മണ്ഡലം ഹാളിലും കാസിം പക്ഷത്തിന്റെത് നാളെ പാരമൗണ്ട് ടവറിലുമാണ് ചേരുന്നത്. ഇരു വിഭാഗവും മെമ്പര്‍ഷിപ്പ് കാമ്പയിനുകള്‍ വെവ്വേറെ പൂര്‍ത്തിയാക്കിയ ശേഷമാണ് ജനറല്‍ കൗണ്‍സിലുകള്‍ വിളിച്ചുചേര്‍ത്തത്. വെവ്വേറെ കമ്മിറ്റികളാകുന്നതോടെ ഐ എന്‍ എല്‍ പൂര്‍ണമായും രണ്ടു വിഭാഗമായി അറിയപ്പെടും.
കാസിം വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ എത്തുന്നുണ്ട്. എ പി അബ്ദുല്‍ വഹാബ് പ്രസിഡന്റായ സംസ്ഥാന കമ്മിറ്റി ഇതിനു മുമ്പ് പിരിച്ചുവിട്ട് കാസിം പക്ഷം ദേവര്‍കോവില്‍ ചെയര്‍മാനായി അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അതേസമയം, കാസിം ഇരിക്കൂറിനെ പുറത്താക്കി നാസര്‍കോയ തങ്ങളെ ജനറല്‍ സെക്രട്ടറിയാക്കിയാണ് വഹാബ് പക്ഷം താത്കാലിക കമ്മിറ്റി രൂപവത്കരിച്ചത്.
അടുത്ത മൂന്നു വര്‍ഷത്തേക്കുള്ളതാണ് പുതുതായി നിലവില്‍ വരുന്ന കമ്മിറ്റികള്‍. കാസിം വിഭാഗം ജൂലൈ മുതല്‍ തന്നെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചിരുന്നുവെങ്കിലും വഹാബ് പക്ഷം വളരെ പെട്ടെന്നാണ് മെമ്പര്‍ഷിപ്പ് നടപടികള്‍ ആരംഭിച്ച് പൂര്‍ത്തിയാക്കിയത്. കോഴിക്കോട് മുതലക്കുളത്ത് സംസ്ഥാന പ്രതിനിധി സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
അതിനിടെ, ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയുടെ പേരും കൊടിയും ഉപയോഗിക്കുന്നത് സംബന്ധിച്ച തര്‍ക്കം വീണ്ടും കോടതി കയറുകയാണ്. ഇവ ഉപയോഗിക്കുന്നതില്‍ നിന്ന് വഹാബ് പക്ഷത്തെ വിലക്കുന്നതിന് കാസിം വിഭാഗം കോഴിക്കോട് സബ് കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഈ മാസം 31നാണ് പരിഗണിക്കുന്നത്. നേരത്തെ ഐ എന്‍ എല്ലിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ ഇത് സംബന്ധിച്ച് കേസ് നല്‍കിയിരുന്നു. എന്നാല്‍, മധ്യസ്ഥ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചിരുന്നുവെങ്കിലും പുതിയ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം വീണ്ടും കോടതി കയറുകയാണ്.
source https://www.sirajlive.com/inl-both-the-new-committees-will-come-into-existence-tomorrow-and-the-day-after-tomorrow.html
إرسال تعليق