മൂന്ന് ദിവസം മുമ്പാണ് തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലെ കെ എസ് ആര്‍ ടി സി ബസില്‍ തൃശൂരിനടുത്ത് വെച്ച് ഒരു അധ്യാപികയോട് യാത്രക്കാരിലൊരാള്‍ മോശമായി പെരുമാറുകയും അതിനെതിരെ അവര്‍ ഉറക്കെ ശബ്ദമുണ്ടാക്കിയിട്ടുപോലും സഹയാത്രികര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തത്. ബസിലെ കണ്ടക്ടറോട് അധ്യാപിക പരാതിപ്പെട്ടപ്പോള്‍, അയാള്‍ അതിനെ ലഘുവായി കാണുകയും തെറ്റ് ചെയ്തയാള്‍ മാപ്പ് പറഞ്ഞില്ലേയെന്നും ഇനിയും എന്തിനാണ് ഒരു വിഷയമാക്കുന്നതെന്നും ചോദിച്ചത്രെ. ഏറെ വിഷമകരമായ കാര്യം, ആ അധ്യാപിക പഠിപ്പിക്കുന്ന കുട്ടികളുടെയത്ര മാത്രം പ്രായമുള്ള ചെറുപ്പക്കാര്‍ തൊട്ടടുത്ത സീറ്റില്‍ ഉണ്ടായിരുന്നിട്ടും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചില്ല എന്നതാണ്. ഈ സംഭവത്തില്‍ വലിയ അതിശയോക്തിയില്ല. നമ്മള്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണ്. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും പുകള്‍പെറ്റവരെന്ന് മേനിനടിക്കുമ്പോഴും തിരിച്ചറിവ് ലവലേശം കാണില്ല. കെ എസ് ആര്‍ ടി സി പോലെയൊരു സര്‍ക്കാര്‍ സംവിധാനത്തില്‍ കണ്ടക്ടര്‍ എന്ന ഒരു സര്‍ക്കാര്‍ സേവകന്റെ തൊട്ടടുത്ത്, സാമൂഹിക ഉത്തരവാദിത്വം പേറേണ്ട കുറച്ച് യുവാക്കളുടെയടുത്ത് ഒരു സ്ത്രീ; ഒരു അധ്യാപിക പീഡിപ്പിക്കപ്പെടുന്നു. അത് പരാതിപ്പെടുമ്പോള്‍ ആകട്ടെ നിസ്സാരമെന്ന് പറഞ്ഞുകൊണ്ട് അത് കണക്കിലെടുക്കാതിരിക്കുന്നു.
അതവിടെ നില്‍ക്കട്ടെ. ഇന്ന് ലോക വനിതാദിനമാണ്. ലോകമെമ്പാടും വനിതകള്‍ക്കായി വിപുലമായ പരിപാടികള്‍ നടത്തപ്പെടുന്നു. മേല്‍പ്പറഞ്ഞ പീഡകനടക്കം പൊതുവേദികളില്‍ സ്ത്രീകളെ പാടിപ്പുകഴ്ത്തുന്ന ദിനമാണിന്ന്. പൊതുവേദികളിലും സോഷ്യല്‍ മീഡിയകളിലും അവര്‍ക്കൊക്കെ സ്ത്രീ അമ്മയാണ്, പെങ്ങളാണ്. ഒരു വനിതാദിനത്തിന്റെ ആവശ്യമെന്താണെന്നും അവര്‍ക്കിപ്പോള്‍ എന്താണ് പ്രശ്നമെന്നും ചോദിക്കുന്ന പുരുഷകേസരികള്‍ ഈ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും ആ ചോദ്യം ചോദിക്കില്ലെന്ന് കരുതുന്നു.
കെ എസ് ആര്‍ ടി സി ബസിലെ സംഭവം തീര്‍ച്ചയായും ഈയവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അവര്‍ക്ക് ചുറ്റുമുള്ള ആണുങ്ങളില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു എന്നാണ് ആ അധ്യാപികയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. പാതിരാത്രിക്ക് വരെ തനിക്ക് അവര്‍ക്കിടയില്‍ സുരക്ഷിതമായി യാത്ര ചെയ്യാം എന്നൊരു പ്രതീക്ഷ. മാത്രമല്ല എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഉറക്കെ പ്രതികരിക്കാനാണ് അവര്‍ ശീലിച്ചിരിക്കുന്നത്. അതുകേട്ട് മറ്റുള്ളവര്‍ എന്നും കൂടെ നില്‍ക്കുമെന്ന് അവര്‍ക്കുണ്ടായിരുന്ന വലിയ പ്രതീക്ഷയാണത്രെ അന്നില്ലാതായത്. ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സ്ത്രീവിരുദ്ധ സംഭവങ്ങള്‍ക്കിടയില്‍ ചിലതൊക്കെ ഇതുപോലെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മന്ത്രിയുടെ ഇടപെടല്‍ വരെ നടന്നതിനു പിന്നാലെ കണ്ടക്ടര്‍ മാപ്പ് പറഞ്ഞെങ്കിലും നൂറിലോ ആയിരത്തിലോ ഒന്നായി മാത്രം പുറത്തറിയുന്ന സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതെങ്ങനെ? ഈ വനിതാദിനത്തില്‍ കഴിവുതെളിയിച്ച ധാരാളം സ്ത്രീരത്നങ്ങളെ ആദരിക്കാന്‍ ശ്രമിക്കുമ്പോഴും ഒരുപറ്റം സാധാരണക്കാരായ സ്ത്രീകള്‍ ചൂഷണത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍ ജീവിച്ചുവരുന്നുണ്ട്. അവരെ കണ്ടെത്തി, തിരിച്ചറിഞ്ഞ് സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം കൂടി സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.
ഈ വനിതാദിനത്തിലെ മറ്റൊരു സന്തോഷകരമായ കാര്യം മലയാളികളെ ഞെട്ടിച്ച, നടിയെ ആക്രമിച്ച കേസിലെ അതിജീവിത ആദ്യമായി ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടതാണ്. താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും തന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള ശ്രമം തുടരുമെന്നും ആ നടി ആത്മവിശ്വാസത്തോടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ ആരാധിക്കുന്ന മലയാള സിനിമാ താരങ്ങളില്‍ തന്നെ ഇത്തരമൊരു കുടിപ്പകയുടെയും വാശിതീര്‍ക്കലിന്റെയും ഗന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കണമെന്നും അവരോട് മാന്യമായി പെരുമാറണമെന്നുമുള്ള ഡയലോഗുകള്‍ സിനിമകളില്‍ പറയുകയും പ്രേക്ഷകരെ ആരാധകരാക്കി മാറ്റുകയും ചെയ്യുന്ന താരങ്ങളില്‍ നിന്ന് തന്നെ അവരുടെ മുഖത്തെ ചായം കഴുകിയുണങ്ങുന്നതിന് മുമ്പേ അവളെ അധിക്ഷേപിക്കുന്നതിന്റെ ശബ്ദങ്ങള്‍ നമുക്ക് കേള്‍ക്കേണ്ടിവരുന്നു. എന്നാല്‍ അതിജീവിത പൂര്‍വാധികം ശക്തിയോടെ തന്റെ അഭിമാനം തിരികെ പിടിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ മുന്നോട്ടുവരുന്നത് ഈ വനിതാദിനത്തിന്റെ സൗന്ദര്യങ്ങളില്‍ ഒന്നാണ്.
ഈ വനിതാദിനത്തില്‍ ഓരോ പുരുഷനും അവര്‍ക്കു ചുറ്റുമുള്ള സ്ത്രീകള്‍ക്ക് എന്ത് തരത്തിലുള്ള പരിഗണനയാണ് നല്‍കുന്നതെന്ന് വിലയിരുത്തണം. അവന്റെ മാതാവ്, ഭാര്യ, കൂട്ടുകാരി എന്നിങ്ങനെ പുരുഷനെ സ്വാധീനിക്കുന്ന ഓരോ സ്ത്രീയോടും ഏതുതരത്തിലാണ് ഇടപഴകുന്നതെന്നും ഇടപഴകേണ്ടതെന്നും തിരിച്ചറിഞ്ഞുകൊണ്ട് അതിലെ പിശകുകള്‍ പരിഹരിക്കേണ്ടതുണ്ട്. അത്തരം ചിന്തകളിലാണ് ആദ്യം സമത്വം കൊണ്ടുവരേണ്ടത്. അത് ലഭിച്ചില്ലെങ്കില്‍ ഓരോ സ്ത്രീയും അത്തരത്തില്‍ ആത്മാഭിമാനമാണ് ആര്‍ജിക്കേണ്ടത്. എന്നത്തെയും പോലെ തന്നെ മറ്റൊരു വനിതാദിനം ഏറെ പ്രതീക്ഷയോടെയും എന്നാല്‍ സ്ത്രീകളോടുള്ള മനോഭാവത്തില്‍ പ്രതീക്ഷാനിര്‍ഭരമായ വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെയും കടന്നുപോകുകയാണ്. വനിതാദിനങ്ങളില്‍ മാത്രം ചര്‍ച്ചയാകാതെ സ്ത്രീകളോടുള്ള മനോഭാവത്തില്‍ സമൂലമായ മാറ്റം സമൂഹത്തില്‍ വരേണ്ടതുണ്ട്.
വനിതകള്‍ക്കായി ശബ്ദമുയര്‍ത്തേണ്ട ഒരു ദിനത്തിന്റെ ആവശ്യകത പോലും ഇല്ലാതെയാകുന്ന ഒരു ദിനം വന്നണഞ്ഞാല്‍ മാത്രമേ നാം ജീവിക്കുന്നത് പരിഷ്‌കൃതമായ ഒരു സമൂഹത്തിലെന്ന് നമുക്ക് നമ്മെത്തന്നെ പറഞ്ഞ് തൃപ്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ.
source https://www.sirajlive.com/she-is-not-a-victim-anyone.html
إرسال تعليق