രോഗികളാണ്, കനിവുണ്ടാകണം

കൊവിഡ് ഏല്‍പ്പിച്ച കഷ്ടനഷ്ടങ്ങളില്‍ നിന്ന് എല്ലാ മേഖലയിലും ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ സര്‍ക്കാറിന്റെ ചില ജനദ്രോഹപരമായ നയങ്ങളും തീരുമാനങ്ങളും ജനങ്ങളെ വീണ്ടും കൊണ്ടെത്തിക്കുന്നത് പ്രതിസന്ധികള്‍ നിറഞ്ഞ അവസ്ഥയിലേക്കാണ്. പെട്രോളിന്റെയും ഡീസലിന്റെയുമൊക്കെ വിലവര്‍ധന മൂലം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ജനങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒപ്പം പാചക വാതകങ്ങളുടെ വിലവര്‍ധന കൂടി സംഭവിച്ചിരിക്കുന്നു. കുടുംബ ബജറ്റില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടാണ് ഈ വിലക്കയറ്റങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്നത്.

ഈയവസരത്തിലാണ് മറ്റൊരു ഇടിത്തീയായി അവശ്യമരുന്നുകളുടെ വില ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മരുന്നു കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ജീവിതശൈലീരോഗങ്ങളുടെ അളവ് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇപ്പോള്‍ നിലവിലുള്ള മരുന്നിന്റെ വിലപോലും പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതിനു പിന്നാലെയാണ് വില വീണ്ടും കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ മനഃസമാധാനവും പണവും നഷ്ടപ്പെടുത്തുന്ന ഈ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കു കൂടി കാരണമായിട്ടുണ്ട്.

നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (NPPA) ആണ് ഏതാണ്ട് എണ്ണൂറോളം അവശ്യമരുന്നുകളുടെ മൊത്തവിലയില്‍ 10.76 ശതമാനം വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പാരസെറ്റമോള്‍ പോലെയുള്ള മരുന്നുകള്‍ക്ക് 130 ശതമാനം വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്.

അവശ്യ മരുന്ന് വില കൈ പൊള്ളിക്കും
പൊതുവായും ഏറെക്കുറെ സ്ഥിരമായും ഉപയോഗിക്കുന്ന അവശ്യ മരുന്നുകള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് വിഷയത്തെ കൂടുതല്‍ ഗൗരവകരമാക്കുന്നു. പാരസെറ്റാമോള്‍, അസിത്രോമൈസിന്‍ പോലെയുള്ള ആന്റിബയോട്ടിക്കുകള്‍, വിളര്‍ച്ചക്കുള്ള മരുന്നുകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവക്കുള്ള മരുന്നുകള്‍, കൊവിഡ് മരുന്നുകള്‍, വൈറ്റമിന്‍ മിനറല്‍ ഗുളികകള്‍, സ്റ്റിറോയിഡുകള്‍ തുടങ്ങിയ വലിയ ഡിമാന്റുള്ള മരുന്നുകള്‍ക്കൊക്കെ വില കൂടാന്‍ പോകുകയാണ്. ജീവിതശൈലീ രോഗങ്ങള്‍ ഇന്ന് സര്‍വ സാധാരണമാണ്. ഒരു പ്രത്യേക വയസ്സ് പിന്നിട്ട ഏതാണ്ട് 80 ശതമാനം ആളുകളും ഇന്ന് എന്തെങ്കിലുമൊക്കെ ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമകളാണ്. അതിന് പരിഹാരമായി രാവിലെകളിലും വൈകുന്നേരങ്ങളിലും ബീച്ചുകളിലും മറ്റും നടക്കാനും, ജോഗിംഗ് ചെയ്യാനുമൊക്കെ എത്തുന്നവരുടെ എണ്ണത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. എന്നിരുന്നാലും ഏതാണ്ട് എല്ലാവരും തന്നെ ഒരു മരുന്നെങ്കിലും കഴിക്കുന്നവരുമാണ്. ഇങ്ങനെ സ്ഥിരമായി മരുന്ന് കഴിക്കുന്നവരില്‍ ഇപ്പോഴുള്ള വിലക്കയറ്റം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കപ്പെടും.

മരുന്നു കമ്പനികളുടെ വിലപേശല്‍
ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏതാണ്ട് ഒരു ലക്ഷം കോടി രൂപക്ക് മുകളിലാണ് മരുന്നുകളുടെ കച്ചവടം നടക്കുന്നത്. കേരളത്തിലാണ് അതില്‍ത്തന്നെ ഏറിയ പങ്കും എന്നത് പ്രധാനമാണ്. ബിസിനസ്സ് രംഗത്ത് ഒരുപക്ഷേ ഏറ്റവുമധികം ചൂഷണങ്ങള്‍ നടക്കുന്നത് ഈ മരുന്ന് കച്ചവടത്തിന്റെ മേഖലയിലാണ്. വില നിയന്ത്രണത്തിലെ ലൂപ് ഹോളുകള്‍ കൃത്യമായി പ്രയോജനപ്പെടുത്തിയാണ് ഇത്തരക്കാര്‍ കൊള്ളലാഭം കൊയ്യുന്നത്. ജീവന്‍രക്ഷാ മരുന്നുകള്‍ ആയതുകൊണ്ടുതന്നെ അത്തരം കമ്പനികളുടെ വിലപേശലുകള്‍ക്കു മുന്നില്‍ സര്‍ക്കാറിനു പോലും ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്നു എന്നത് ഒരു നഗ്ന സത്യമാണ്. വില നിയന്ത്രണമുള്ള മരുന്നുകള്‍ക്ക് 10 ശതമാനം വില കൂട്ടണമെന്ന് മരുന്നു കമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്ച്ചറേഴ്‌സ് അസ്സോസിയേഷന്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതിനു കാരണമായി അവര്‍ പറയുന്നത് സിറപ്പുകളിലും വായിലൂടെ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലെ മരുന്നുകള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്ന ഗ്ലിസറിന്‍, പ്രൊപ്പൈലിന്‍ എന്നിവക്ക് യഥാക്രമം 263 ശതമാനവും 83 ശതമാനവും ഉണ്ടായിട്ടുള്ള വില വര്‍ധനയാണ്. കൂടാതെ മരുന്നു നിര്‍മാണ ഘടകങ്ങളുടെ വിലവര്‍ധന, പാക്കിംഗ് വസ്തുക്കളുടെ വിലവര്‍ധന, ഇറക്കുമതി ചെലവുകള്‍ എന്നിങ്ങനെയുള്ള കാരണങ്ങളും എടുത്തു പറയുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അത് ന്യായവുമായിരിക്കാം. എന്നാല്‍ കൊവിഡ് കാലത്തിനു ശേഷം ഒന്ന് നേരേ നില്‍ക്കാന്‍ പോലും ജനങ്ങള്‍ക്ക് ആകാത്ത അവസരത്തില്‍ സര്‍ക്കാര്‍ മരുന്നു കമ്പനികളുടെ ഈ ആവശ്യങ്ങള്‍ പരിഗണിക്കുന്നത് ജനങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്ന കാര്യത്തില്‍ സംശയമില്ല.

വില വര്‍ധന മരുന്നുകള്‍ക്ക് മാത്രമല്ല
മരുന്നുകള്‍ക്ക് മാത്രമല്ല വില വര്‍ധന ഉണ്ടാകാന്‍ പോകുന്നത്. ബൈപാസ് സ്റ്റെന്റുകള്‍, കൃത്രിമ അസ്ഥി ഘടകങ്ങള്‍ എന്നിവയുടെ വിലയിലും മാറ്റമുണ്ടാകുന്നത് ആ രംഗത്തെ രോഗികള്‍ക്ക് വലിയ ഭാരമാണ് സമ്മാനിക്കാന്‍ പോകുന്നത്. ബൈപാസ് ശസ്ത്രക്രിയകള്‍ വലിയ ചെലവേറിയവയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം ബൈപാസ് സര്‍ജറികളുടെ ചെലവുകള്‍ താങ്ങുകയെന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ഏറെപ്പേരും ബൈപാസ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. സ്റ്റെന്റുകളുടെ വിലയും താങ്ങാവുന്നതിലേറെയാണ്. അതിനു പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ വിലക്കയറ്റവുമായി കമ്പനികള്‍ എത്തുന്നത്.

സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ
സര്‍ക്കാര്‍ ഗത്യന്തരമില്ലാതെയാണ് വില വര്‍ധിപ്പിക്കുന്നതിനുള്ള സമ്മതം നല്‍കിയതെങ്കില്‍ ആ കമ്പനികളോട് ഉള്ളതിനേക്കാള്‍ ഒരു ശതമാനമെങ്കിലും കൂടുതല്‍ ഉത്തരവാദിത്വം സര്‍ക്കാറിന് ജനങ്ങളോട് ഉണ്ട്. മരുന്നുകളുടെ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണം. അതില്‍ ഏറ്റവും പ്രധാനം സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍ നല്‍കിവരുന്ന ജന്‍ ഔഷധി ശാലകളുടെ പ്രചാരവും വ്യാപനവും വര്‍ധിപ്പിക്കുക എന്നതാണ്. ഇത്തരം കേന്ദ്രങ്ങളില്‍ ഏതെങ്കിലുമൊക്കെ മരുന്നുകള്‍ നിറച്ചുവെക്കാതെ അവശ്യ മരുന്നുകളുടെ സ്റ്റോക്ക് വര്‍ധിപ്പിക്കണം. കൂടാതെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ ശ്രദ്ധിക്കണം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കാരുണ്യ ഫാര്‍മസികളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

മരുന്നുകളുടെ ചരക്കു സേവന നികുതിയിലെ ഇടപെടല്‍ കൂടി സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണം. ഇപ്പോള്‍ ഏറെക്കുറെ മുക്കാല്‍ പങ്കുവരുന്ന മരുന്നുകളും 12 ശതമാനത്തിന്റെ സ്ലാബിലാണ് വരുന്നത്. അത് കുറക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. വെറും 16 ശതമാനം മാത്രം മരുന്നുകള്‍ക്കാണ് ഇപ്പോള്‍ വിലനിയന്ത്രണം ബാധകമായിട്ടുള്ളത്. ബാക്കിയുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അധികാരമുണ്ട്. പതിനായിരക്കണക്കിന് കമ്പനികള്‍ നിലവിലുള്ള ഒരു ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുന്ന നിയമപരമല്ലാത്ത വിലക്കയറ്റം കണ്ടെത്തുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സര്‍ക്കാറിന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇതിന് ചെറിയൊരു പരിഹാരമായേക്കാം. മരുന്നു കമ്പനികളുടെ പരാതി കേള്‍ക്കാനും നടപടികള്‍ സ്വീകരിക്കാനും കാണിച്ച അതേ താത്പര്യം ജനങ്ങളുടെ ഭാഗം കൂടി കേള്‍ക്കാന്‍ സര്‍ക്കാര്‍ കാണിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.

രോഗികളാണ്; കണ്ടില്ലെന്ന് നടിക്കരുത്
രോഗങ്ങള്‍ സര്‍വ സാധാരണമാണെങ്കിലും രോഗികള്‍ ഏറെയും ദരിദ്രര്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഈ വിലവര്‍ധന ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണ്. ദാരിദ്ര്യത്തിനൊപ്പം രോഗം കൂടി ബാധിക്കുന്നതോടെ അവരുടെ സാമ്പത്തിക രംഗം ഏതാണ്ട് പൂര്‍ണമായും താറുമാറാകും. ഈയവസരത്തില്‍ അവരെ മരുന്നു കമ്പനികളുടെ ചൂഷണത്തിന് വിട്ടുകൊടുക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഇതില്‍ അടിയന്തരമായി ഇടപെട്ടുകൊണ്ട് വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നതിനൊപ്പം മേല്‍സൂചിപ്പിച്ച തരത്തില്‍ ജന്‍ ഓഷധി, കാരുണ്യ ഷോപ്പുകളിലൂടെ മിതമായ നിരക്കില്‍ അവശ്യ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് നല്‍കാന്‍ തയ്യാറാകുക തന്നെ വേണം.



source https://www.sirajlive.com/sick-need-to-be-kind.html

Post a Comment

Previous Post Next Post