സഊദിയില്‍ നിയന്ത്രണങ്ങള്‍ നീക്കിയത് ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്ക് പ്രതീക്ഷയേകുന്നു

മക്ക/മദീന | സഊദി അറേബ്യയില്‍ കൊവിഡ് രോഗ നിരക്കില്‍ കുറവ് വന്നതോടെ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ കൊവിഡ് നിയന്ത്രണ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് -ഉംറ തീര്‍ഥാടകര്‍ക്ക് പ്രതീക്ഷയേകുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിശുദ്ധ റമസാന്‍ മാസത്തില്‍ പുണ്യ ഭൂമിയിലെത്തി ഉംറയും സിയാറത്തും നിര്‍വഹിക്കാനും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനും സഹായകമാകും. നേരത്തെ ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഇരു ഹറമുകളിലുമെത്തിയിരുന്നത്. നിയന്ത്രണങ്ങള്‍ നീക്കത്തോടെ ഇന്ത്യയില്‍ നിന്നും നേരിട്ടെത്തി ഉംറയും -സിയാറത്തും നിര്‍വഹിക്കാന്‍ സാധിക്കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സഊദിയില്‍ കഴിയുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായിരുന്നു ഹജ്ജിന് അനുമതി നല്‍കിയിരുന്നത്. 2020 ല്‍ ആയിരം പേര്‍ക്കും 2021 ല്‍ 18 നും 65 വയസിനും ഇടയില്‍ പ്രായമുള്ള 60,000 ഹാജിമാര്‍ക്കും മാത്രമായിരുന്നു ഹജ്ജ് കര്‍മ്മത്തിന് അനുമതി നല്‍കിയിരുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുത്ത 2019ലെ അവസാന ഹജ്ജ് കര്‍മങ്ങളില്‍ സഊദി സ്റ്റാസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24,89,406 പേരായിരുന്നു ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഏറ്റവും കുടുതല്‍ തീര്‍ഥാടകരെത്തിയത് ഇന്തോനേഷ്യയില്‍ നിന്നാണ്. രണ്ടാമത് പാക്കിസ്ഥാനും മൂന്നാമത് ഇന്ത്യയുമായിരുന്നു.

സഊദിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍ ടി പി സി ആര്‍ പരിശോധന, ഹോട്ടല്‍, ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ ഒഴിവാക്കിയതും തീര്‍ഥാടകര്‍ക്ക് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

 



source https://www.sirajlive.com/the-lifting-of-restrictions-in-saudi-arabia-gives-hope-to-hajj-and-umrah-pilgrims.html

Post a Comment

أحدث أقدم