കോടതിവിധി പൗരാവകാശ നിഷേധം

മതസ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും നേരേയുള്ള കടന്നു കയറ്റമാണ് ശിരോവസ്ത്രം (ഹിജാബ്) സംബന്ധിച്ച ചൊവ്വാഴ്ചത്തെ കര്‍ണാടക ഹൈക്കോടതി വിധി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ച നടപടി ശരിവെച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച.് ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്നാണത്രെ ഹൈക്കോടതി നിരീക്ഷണം.

ഏതടിസ്ഥാനത്തിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയതെന്നറിയില്ല. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും ഹദീസും ശിരോവസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നു വ്യക്തമായി പറഞ്ഞതാണ്. അല്ലെന്ന് നേരേചൊവ്വെ തെളിയിക്കാന്‍ ഒരു കോടതിക്കും കഴിയില്ല.

ഉഡുപ്പി ഗവ. വനിതാ പ്രീ-യൂനിവേഴ്സിറ്റി കോളജില്‍ ഹിജാബ് നിരോധിച്ചതിനെതിരെ ചില വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് കര്‍ണാടക ഹൈക്കോടതിയിലെ വിധിപ്രസ്താവം. ഹിജാബ് ധരിച്ചെത്തിയ ആറ് മുസ്ലിം വിദ്യാര്‍ഥിനികളെ, സംഘ്പരിവാര്‍ വിദ്യാര്‍ഥികളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്‌കൂള്‍ അധികൃതര്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതാണ് പ്രശ്നത്തിന്റെ തുടക്കം. തുടര്‍ന്ന് മുസ്ലിം വിദ്യാര്‍ഥിനികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളജുകളില്‍ യൂനിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി. അതോടെ മറ്റു ചില കോളജുകളിലും ഉടലെടുത്തു ശിരോവസ്ത്ര വിവാദം. കര്‍ണാടകയിലെ ബിദറില്‍ ഹിജാബ് ധരിച്ചെത്തിയ നഴ്സിംഗ് വിദ്യാര്‍ഥികളെ അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. ഇതിനിടടെ മുസ്ലിം വിദ്യാര്‍ഥിനികളുടെ സമരം പരാജയപ്പെടുത്താനായി ഒരു പറ്റം സംഘ്പരിവാര്‍ വിദ്യാര്‍ഥികള്‍ കാവിഷാള്‍ ധരിച്ച് കോളജിലെത്തിയത് ക്യാമ്പസുകളില്‍ സംഘര്‍ഷത്തിനു വഴിയൊരുക്കുകയും ചെയ്തു.

മതസ്വാതന്ത്ര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ വിശാല കാഴ്ചപ്പാടും മതേതരത്വത്തിന് രാജ്യം കല്‍പ്പിക്കുന്ന പ്രാധാന്യവും പരിഗണിക്കുമ്പോള്‍, ക്യാമ്പസുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം വിലക്കിയ കോളജ് അധികൃതരുടെ നടപടിയെ എങ്ങനെയാണ് കോടതികള്‍ക്ക് ശരിവെക്കാനാകുകയെന്ന് മനസ്സിലാകുന്നില്ല. ആര്‍ട്ടിക്കിള്‍ 11 പ്രകാരം അംഗീകരിക്കപ്പെട്ട മതിയായ ജീവിതനിലവാരത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ് മതപരമായ വസ്ത്രാവകാശം. സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും ആര്‍ട്ടിക്കിള്‍ 25 പ്രകാരവും ശിരോവസ്ത്രമടക്കമുള്ള വസ്ത്രത്തിനുള്ള അവകാശം ഭരണകൂടത്തിന് തടയാനാകില്ല. 25ാം വകുപ്പിന്റെ വിശദീകരണത്തില്‍ എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ അനുഷ്ഠാന, സാംസ്‌കാരിക സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നതിനോടൊപ്പം സിഖ് സമൂഹത്തിന് കൃപാണം കൊണ്ടു നടക്കാനുള്ള അവകാശം അവരുടെ മതകീയ അവകാശത്തില്‍ പെട്ടതാണ് എന്ന് രേഖപ്പെടുത്തിയതായി കാണാം. ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് കൃപാണമെന്നിട്ടു പോലും മത വിശ്വാസത്തിന്റെ പേരില്‍ അതിന് അംഗീകാരവും അനുവാദവും നല്‍കുന്ന ഭരണകൂടത്തിനും ജുഡീഷ്യറിക്കും മുസ്ലിം പെണ്‍കുട്ടികളുടെ വിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രത്തെ എങ്ങനെയാണ് തടയാനാകുക? ഇത് കടുത്ത വിവേചനമല്ലേ?

ഹൈന്ദവരുടെ തിലകക്കുറിയും നെറ്റിയിലെ ഭസ്മവും ക്രിസ്ത്യരുടെ കഴുത്തിലെ കുരിശിന്റെ രൂപവും കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും ബഹുസ്വര സംസ്‌കാരത്തിന്റെ അടയാളങ്ങളായി കാണുന്നവര്‍ക്ക് എന്തുകൊണ്ട് മുസ്ലിം സ്ത്രീകളുടെ ശിരോവസ്ത്രവും ഹിജാബുമൊക്കെ അരോചകമായി തോന്നുന്നുവെന്ന് ജുഡീഷ്യറിയെ നിയന്ത്രിക്കുന്നവര്‍ ചിന്തിച്ചിട്ടുണ്ടോ? വസ്ത്രം ധരിക്കാതെ, ശരീരത്തില്‍ ഒരു നൂലിന്റെ അംശം പോലുമില്ലാതെ പരസ്യമായി ആരാധന നിര്‍വഹിക്കാന്‍ അനുവാദമുള്ള, നഗ്‌നനായ സന്യാസി നിയമസഭയിലെത്തി ജനപ്രതിനിധികള്‍ക്ക് ‘ആത്മീയ’ ഉത്ബോധനം നല്‍കുന്ന ഒരു രാജ്യത്ത് മാന്യമായി വസ്ത്രം ധരിക്കുന്നതില്‍ എന്തുകൊണ്ട് ചിലര്‍ രോഷം കൊള്ളുന്നുവെന്നതും ചിന്തനീയമല്ലേ? മതപരമായി അനിവാര്യമോ അല്ലയോ എന്നതല്ല അസഹിഷ്ണുതയും ഇസ്ലാമോഫോബിയയുമാണ് ശിരോവസ്ത്രത്തിനെതിരായ ചിലരുടെ എതിര്‍പ്പിനു പിന്നില്‍.

വിദ്യാലയങ്ങളിലെ സമത്വത്തെ നിരാകരിക്കുന്നതും വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നതുമാണ് വ്യത്യസ്ത വസ്ത്രധാരണമെന്നതാണ് ശിരോവസ്ത്രത്തെ എതിര്‍ക്കുന്നവരുടെ മറ്റൊരു വാദം. എന്നാല്‍ ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥികളോട് വിവേചനവും അസഹിഷ്ണുതയും പ്രകടിപ്പിച്ച്, അവര്‍ക്കിടയില്‍ ചേരിതിരിവും സംഘര്‍ഷവും സൃഷ്ടിക്കുന്ന കോളജ് അധികൃതരുടെയും സര്‍ക്കാറുകളുടെയും അതിനെ ശരിവെക്കുന്ന കോടതികളുടെയും നിലപാടാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ സമത്വബോധം ഇല്ലാതാക്കുന്നത്. വസ്ത്രത്തിലല്ല, മനോനിലകളിലാണ് സമത്വത്തിന്റെ അടിത്തറ. കുറിതൊട്ടവരും കുരിശ് ധരിച്ചവരും ശിരോവസ്ത്രം ധരിച്ചവരുമായ വ്യത്യസ്ത മതത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ഒരുമയോടെ കഴിയുകയും സൗഹൃദത്തോടെ ജീവിക്കുകയും ചെയ്ത, മതവേര്‍തിരിവുകള്‍ക്കപ്പുറം ഊഷ്മള ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന ഒരു നല്ല കാലമുണ്ടായിരുന്നു ഇപ്പോള്‍ ശിരോവസ്ത്രത്തിനെതിരെ ചിലര്‍ ഉറഞ്ഞു തുള്ളുന്ന കര്‍ണാടകയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപ കാലം വരെയും. ആ അന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കേണ്ടിയിരുന്നത്. അല്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ ജനസമൂഹത്തിനിടയില്‍ മതധ്രുവീകരണം സൃഷ്ടിക്കുന്ന ദുശ്ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങുകയായിരുന്നില്ല.

ഇന്ത്യയില്‍ നൂറ്റാണ്ടുകളായി മുസ്ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നു. മറ്റു ജനവിഭാഗങ്ങള്‍ക്കോ രാജ്യത്തിനോ അതുകൊണ്ടൊരു പ്രയാസവും ബുദ്ധിമുട്ടുമില്ല. രാജ്യസുരക്ഷയെയോ വികസന പ്രവര്‍ത്തനങ്ങളെയോ ഒരു വിധേനയും ബാധിക്കുന്നില്ല. ഇത്തരമൊരു സമ്പ്രദായത്തെ പെട്ടെന്നൊരു നാളില്‍ ബലം പ്രയോഗിച്ച് തടയാന്‍ ശ്രമിച്ച കോളജ് അധികൃതരുടെ നിലപാട് ഒരു ന്യായീകരണവുമില്ലാത്തതാണ്. അതാണ് ഇപ്പോഴത്തെ പ്രശ്നത്തിന്റെ തുടക്കവും. അല്ലാതെ ശിരോവസ്ത്രമല്ല.

 



source https://www.sirajlive.com/court-decision-denial-of-civil-liberties.html

Post a Comment

Previous Post Next Post