സി പി എമ്മിലെ തലമുറ മാറ്റം

ലമുറ മാറ്റത്തിനു വഴിയൊരുക്കിയാണ് കൊച്ചി സി പി എം സംസ്ഥാന സമ്മേളനം സമാപിച്ചത്. 75 വയസ്സ് പിന്നിട്ടവരെ മാറ്റിനിർത്തിയാണ് സംസ്ഥാന കമ്മിറ്റിയിലേക്കും സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് മാത്രം പ്രായപരിധിയിൽ ഇളവ് അനുവദിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ ചേർന്ന കേന്ദ്ര കമ്മിറ്റി മുന്നോട്ടുവെച്ചതാണ് കേന്ദ്ര കമ്മിറ്റി (സി സി) ഉൾപ്പെടെ പാർട്ടിയുടെ ഒരു സമിതിയിലേക്കും 75 വയസ്സ് കഴിഞ്ഞവരെ പരിഗണിക്കേണ്ടതില്ലെന്ന നിർദേശം. നേതൃതലങ്ങളിൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന കേഡർ നയം വേണമെന്ന് 2015ലെ കൊൽക്കത്ത പാർട്ടി പ്ലീനവും ആവശ്യപ്പെട്ടിരുന്നു. ബംഗാളിൽ 2020ൽ തന്നെ നടപ്പാക്കിയിരുന്നു സംസ്ഥാന സമിതിയിൽ 75 വയസ്സ് എന്ന വ്യവസ്ഥ. അവിടെ ജില്ലാ കമ്മിറ്റി അംഗത്തിന് 72, ഏരിയാ കമ്മിറ്റി അംഗത്തിന് 70 എന്നിങ്ങനെയാണ് പ്രായപരിധി.

പ്രായപരിധി കുറച്ചതോടെ നിലവിലെ കമ്മിറ്റിയിലുണ്ടായിരുന്ന 13 പേർക്ക് മാറിനിൽക്കേണ്ടി വന്നു. അത്രയും യുവജന നേതാക്കൾക്കും പുതുമുഖങ്ങൾക്കും നേതൃതലത്തിലേക്ക് വരാൻ ഇത് അവസരമൊരുക്കി. അനുഭവസമ്പത്തുള്ള പഴയ തലമുറക്കൊപ്പം ഊർജ്വസ്വലതയുള്ള കൂടുതൽ പുതുമുഖങ്ങളും ചേർന്ന് പുതിയ കാലഘട്ടത്തിനനുസരിച്ചു മുന്നോട്ടുപോകാൻ പാർട്ടിക്ക് ഇത് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവജനങ്ങളെ ആകർഷിക്കാനാണ് പാർട്ടി നേതൃത്വം ഘട്ടം ഘട്ടമായി നേതൃനിരയുടെ പ്രായപരിധി കുറച്ചുകൊണ്ടു വരുന്നത്. നേരത്തേ നേതൃനിരക്ക് പ്രായപരിധിയില്ലായിരുന്നു. 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസ്സാണ് അതിനൊരു മാറ്റം വരുത്തി 80 വയസ്സ് കഴിഞ്ഞവർ മാറിനിൽക്കണമെന്ന് തീരുമാനിച്ചത്. അത് തിരുത്തിയാണ് കഴിഞ്ഞ വർഷം കേന്ദ്രകമ്മിറ്റി പരിധി 75 ആക്കിയത്.

ചെറുപ്പക്കാരെ കൂടുതലായി പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കാത്തതാണ് ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടിക്ക് കാരണമെന്ന വിലയിരുത്തൽ പാർട്ടി നേതൃത്വത്തിനുണ്ട്.
കൂടുതൽ പുതുമുഖ പ്രാതിനിധ്യമെന്ന നയം പാർലിമെന്ററി തലത്തിലും നടപ്പാക്കി വരുന്നുണ്ട് പാർട്ടി സംസ്ഥാന നേതൃത്വം. കഴിഞ്ഞ പഞ്ചായത്ത,് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി കൂടുതൽ യുവജനങ്ങൾക്ക് അവസരം നൽകിയിരുന്നു. രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിർത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത്. രണ്ട് തിരഞ്ഞെടുപ്പിലും പാർട്ടിയുടെ മികച്ച വിജയത്തിന് ഇതു സഹായകമായെന്നാണ് വിലയിരുത്തൽ. മന്ത്രിസഭയിലും പാർട്ടി കൂടുതൽ പുതുമുഖങ്ങൾക്ക് പരിഗണന നൽകി.

സർക്കാർ സർവീസ്, കമ്പനികൾ, മാധ്യമസ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുമുണ്ട് പ്രായപരിധിയും ഒരു നിശ്ചിത പ്രായം കഴിഞ്ഞവർ വിരമിക്കണമെന്ന വ്യവസ്ഥയും. രാഷ്ട്രീയത്തിൽ പൊതുവെ അത്തരം വ്യവസ്ഥകളൊന്നുമില്ല. സംഘടനാ തലത്തിലായാലും പാർലിമെന്ററി തലത്തിലായാലും ഒരിക്കൽ അധികാരത്തിലേറിയവർ പിന്നീട് എക്കാലവും തത്്സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ് മൊത്തത്തിൽ. കേഡർ പാർട്ടികളിലടക്കം അതാണ് അവസ്ഥ. പ്രായാധിക്യമുള്ളവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ പൊട്ടിത്തെറിയുണ്ടാകും. ചിലപ്പോൾ വേറെ പാർട്ടി പിറവിയെടുത്തെന്നും വരും. പലപ്പോഴും വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവതലമുറ തലമുറ മാറ്റത്തിനായി ശബ്ദം ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ്സിൽ തലമുറ മാറ്റം വേണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്സ് രംഗത്തുവന്നിരുന്നു.

സി പി എം നേതാവ് സജിചെറിയാൻ, സി പി ഐ നേതാവ് മുല്ലക്കര രത്‌നാകരൻ തുടങ്ങിയവരും രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രായം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 55 കഴിഞ്ഞവർ വേദി വിട്ടൊഴിയണമെന്നായിരുന്നു സജിചെറിയാന്റെ അഭിപ്രായം. മുസ്‌ലിം ലീഗിലും ഉയർന്നിട്ടുണ്ട് കാലത്തിനനുസരിച്ച് നേതൃത്വത്തിലും ശൈലിയിലും മാറ്റമെന്ന ആവശ്യം. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ സ്വാഗതാർഹവും മാതൃകാപരവുമാണ് സി പി എം നതൃനിരയിലെ പ്രായപരിധി തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖയാണ് കൊച്ചി സമ്മേളനത്തിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. സ്വകാര്യനിക്ഷേപങ്ങളെ വൻതോതിൽ ആശ്രയിച്ചു കൊണ്ടുള്ള വികസനമാണ് “ഭാവികേരളം, നവകേരളം’ എന്ന തലക്കെട്ടിലുള്ള രേഖ മുന്നോട്ടുവെക്കുന്നത്. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീ മേഖലകൾക്ക് അടുത്ത 25 വർഷത്തേക്ക് കൂടുതൽ ഊന്നൽ നൽകാൻ ആവശ്യപ്പെടുന്ന രേഖ, വിദ്യാഭ്യാസ രംഗത്താണ് കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിക്കുന്നത്.

അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ളതാണ് വികസനരേഖ. സ്വകാര്യനിക്ഷേപത്തിന്റെ വിനിയോഗം സംബന്ധിച്ച് പാർട്ടിയുടെ നിലപാടുകളിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാടാണ് വികസന രേഖയിലേത്.സ്വകാര്യ നിക്ഷേപം ആകാമെങ്കിലും അതിനെ വൻതോതിൽ ആശ്രയിക്കുന്നത് കോർപറേറ്റ് വത്കരണത്തിന് ഇടയാക്കുമെന്നായിരുന്നു പാർട്ടിയുടെ ഇക്കാലമത്രയുമുളള നിലപാട്. കാലാഹരണപ്പെട്ട പ്രത്യയശാസ്ത്രം പുതിയ കാലത്ത് പ്രായോഗികമല്ലെന്ന തിരിച്ചറിവ് സ്വാഗതാർഹമാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ് പാർട്ടി സമ്മേളനത്തിൽ വികസന രേഖ അവതരിപ്പിക്കുന്നത്. 1956ൽ തൃശൂരിൽ ചേർന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിലാണ് ഇതിനുമുമ്പ് ഇത്തരമൊരു രേഖ അവതരിപ്പിച്ചത്. ഭൂപരിഷ്‌കരണം നടപ്പാക്കുക, മൗലികവ്യവസായങ്ങൾ പൊതു ഉടമസ്ഥതയിലാക്കുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളിച്ച് ആസൂത്രണ നിർവഹണം നടത്തുക, വിദ്യാഭ്യാസം സാർവത്രികമാക്കുക, ജനാധിപത്യാവകാശങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഇം എം എസ് നമ്പൂതിരിപ്പാട് തയ്യാറാക്കിയ അന്നത്തെ വികസന രേഖയിലെ മുഖ്യനിർദേശങ്ങൾ.



source https://www.sirajlive.com/generational-change-in-the-cpm.html

Post a Comment

Previous Post Next Post