കശ്മീരില്‍ മാധ്യമ പ്രവര്‍ത്തനം ദുഷ്‌കരം

കശ്മീരില്‍ പത്രപ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ പരാതി ശരിവെക്കുന്നതാണ് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി സി ഐ) വസ്തുതാന്വേഷണ റിപോര്‍ട്ട്. പ്രാദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ജമ്മു കശ്മീര്‍ മേഖലയിലെ, വിശിഷ്യാ താഴ്വരയിലെ മാധ്യമങ്ങള്‍ക്ക് ശ്വാസംമുട്ടുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാധ്യമ പ്രവര്‍ത്തകരെ അനാവശ്യമായി ചോദ്യം ചെയ്യലിനു വിധേയമാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ പ്രകാശ് ദുബെ, സുമന്‍ ഗുപ്ത, ഗുര്‍ബീര്‍ സിംഗ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതി രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഭരണകൂട പീഡനത്തിനു വിധേയമാകുന്നതായി പി ഡി പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് 2021 സെപ്തംബറില്‍ അന്നത്തെ പി സി ഐ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) സി കെ പ്രസാദ് 2021 സെപ്തംബറില്‍ വസ്തുതാന്വേഷണ സമിതി രൂപവത്കരിച്ചത്.

കശ്മീര്‍ മാധ്യമ പ്രവര്‍ത്തകരില്‍ പലരും തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്നവരാണെന്ന സംശയമാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഈ സമീപനത്തിനു കാരണമായി സമിതി വിലയിരുത്തുന്നത്. തീവ്രവാദികളെ സഹായിച്ചെന്ന ആരോപണങ്ങളില്‍ പോലീസ് ക്യാമ്പുകളിലെ നീണ്ട ചോദ്യം ചെയ്യല്‍ മുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ തടങ്കലും അറസ്റ്റും വരെ നേരിടുന്നു മാധ്യമ പ്രവര്‍ത്തകര്‍. നിരോധിത സംഘടനയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവിന്റെ പ്രസ്താവന ഒരു വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍, പ്രമുഖ കശ്മീര്‍ മാധ്യമ പ്രവര്‍ത്തകന്‍ നസീര്‍ അഹ്‌മദ് ഗനായുടെ മേല്‍ 2020 ഫെബ്രുവരിയില്‍ തീവ്രവാദ വിരുദ്ധ നിയമം ചുമത്തപ്പെടുകയും ഒരു പോലീസ് കേന്ദ്രത്തില്‍ ആറ് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്യുകയുമുണ്ടായി. 2016 മുതല്‍ 49 മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി പോലീസ് വെളിപ്പെടുത്തിയതായി സമിതി റിപോര്‍ട്ടില്‍ പറയുന്നു. ജാമ്യം ലഭിക്കാത്ത യു എ പി എ പ്രകാരമാണ് ഇവരില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഭീഷണികളും പലതരം വിരട്ടലുകളും കശ്മീര്‍ താഴ്വരയിലെ സാധാരണ നടപടിയായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളുടെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. ജനാധിപത്യത്തിന്റെ അന്തസ്സത്തക്കു തന്നെ വിരുദ്ധമായ ഇത്തരം പോലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും സാധാരണ സുരക്ഷാ സംവിധാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്താത്തിടത്തോളം കാലം മാധ്യമ പ്രവര്‍ത്തകരെ പ്രൊഫഷനലുകളായി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ വന്ന ശേഷമല്ല, അതിനു മുമ്പേയുണ്ട് കശ്മീരില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് കടുത്ത ഭീഷണി. കോണ്‍ഗ്രസ്സ് അധികാരത്തിലിരുന്ന 2002-2008 കാലയളവില്‍ ‘ഗ്രേറ്റര്‍ കശ്മീരി’നെതിരെ പോലീസ് ഫയല്‍ ചെയ്തത് ഡസനോളം കേസുകളാണ്. അഫ്സ്പയുടെ മറവില്‍ സൈനികര്‍ നടത്തുന്ന അവകാശ നിഷേധങ്ങള്‍ക്കെതിരെ എഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ പാക്കിസ്ഥാന്‍ ഏജന്റുകളായി മുദ്രകുത്തപ്പെട്ടു. പ്രക്ഷോഭങ്ങളുടെ വാര്‍ത്തകള്‍ കൊടുത്തതിന്റെ പേരില്‍ അക്കാലത്ത് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. അക്രഡിറ്റേഷനും, പ്രാദേശികമായും വിദേശത്തും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും പലപ്പോഴും നിഷേധിക്കപ്പെട്ടു. കശ്മീരിന്റെ രാഷ്ട്രീയ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ തുടക്കം മുതലേ പാക്കിസ്ഥാന്‍ സ്‌പോണ്‍സേഡ് നിഴല്‍ യുദ്ധങ്ങളായി വ്യാഖ്യാനിച്ചത് കോണ്‍ഗ്രസ്സ് സര്‍ക്കാറായിരുന്നു. എക്കാലത്തും ഇന്ത്യന്‍ സര്‍ക്കാറുകളുടെ ഉന്നമായിരുന്നു കശ്മീരിലെ മാധ്യമങ്ങള്‍.

അതേസമയം, മാധ്യമ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുകയും രാജ്യത്തിന്റെ പരമാധികാരത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും തള്ളിപ്പറയുകയും ശത്രുരാജ്യങ്ങളുടെ നാവായി മാറുകയും ചെയ്യുന്നവരുമുണ്ടാകാം പത്രപ്രവര്‍ത്തകരില്‍. അത്തരക്കാരെ തീര്‍ച്ചയായും നിയമ നടപടികള്‍ക്കു വിധേയമാക്കപ്പെടേണ്ടതാണ്. ഇക്കാര്യം സമിതിയും എടുത്തുപറയുന്നുണ്ട്. ഏതെങ്കിലും ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ തൊഴിലിനോട് നീതി പുലര്‍ത്തുന്നവരല്ല. മാധ്യമങ്ങള്‍ക്ക് ഭരണകൂടവും സമൂഹവും നല്‍കുന്ന സ്വാതന്ത്ര്യം രാജ്യവിരുദ്ധമായ ഭീകരവാദത്തിന് തണലേകാനാകരുത്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആയുധങ്ങള്‍ കൈവശം വെക്കുകയോ ഗ്രനേഡുകളും മറ്റു വെടിക്കോപ്പുകളും വഹിക്കുകയോ വര്‍ഗീയ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നുവെങ്കില്‍ അയാള്‍ ശരിയായ മാധ്യമ പ്രവര്‍ത്തകനുമല്ല. അവരെ ആ നിലയില്‍ തന്നെ പരിഗണിക്കണമെന്ന് സമിതി നിര്‍ദേശിക്കുന്നുണ്ട്.

നിയമ നിര്‍മാണ സഭ, നിര്‍വഹണാധികാരികള്‍, നീതിന്യായ സംവിധാനം എന്നിവക്കൊപ്പം ജനാധിപത്യ രാഷ്ട്രീയ ക്രമത്തെ താങ്ങിനിര്‍ത്തുന്ന നാലാം തൂണാണ് മാധ്യമങ്ങള്‍. രാജ്യ വികസനത്തില്‍, പദ്ധതി നിര്‍വഹണത്തില്‍, ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍, ജനാധിപത്യ സംരക്ഷണത്തില്‍ തുടങ്ങിയവയിലെല്ലാം മികച്ച പങ്കാണ് മാധ്യമങ്ങള്‍ വഹിക്കുന്നത്. ഭരണകൂടങ്ങളുടെ നല്ല പ്രവര്‍ത്തനങ്ങളെ, വികസന സംരംഭങ്ങളെ ജനങ്ങളില്‍ എത്തിക്കുന്നതും മാധ്യമങ്ങളാണ്. ഇതോടൊപ്പം സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെയും നിലപാടുകളെയും പൊതുതാത്പര്യം മുന്‍നിര്‍ത്തി വിമര്‍ശിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയുമാകാം. ഭരണകൂടങ്ങളെ വിമര്‍ശിക്കാന്‍ ജുഡീഷ്യറിക്കെന്ന പോലെ മാധ്യമങ്ങള്‍ക്കുമുണ്ട് അവകാശം. അത്തരം വിമര്‍ശങ്ങളെ സര്‍ക്കാര്‍ സഹിഷ്ണുതയോടെ കാണുകയും അംഗീകരിക്കുകയും വേണം. രാജ്യതാത്പര്യത്തിനു വിരുദ്ധമെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കു മേല്‍ നിയന്ത്രണമേര്‍പ്പെടുത്തരുത്. അത് ജനാധിപത്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും.

 



source https://www.sirajlive.com/media-work-in-kashmir-is-difficult.html

Post a Comment

أحدث أقدم