ചെര്‍ണോബിലില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍മാറുന്നു

വാഷിംഗ്ടണ്‍ | യുക്രൈനില്‍ ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ പരിസരത്ത് നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസാണ് ഇക്കാര്യം അറിയിച്ചത്. ചെര്‍ണോബിലില്‍ നിന്ന് റഷ്യ സൈന്യത്തെ മാറ്റാന്‍ തുടങ്ങിയെന്ന് യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ പറഞ്ഞു. അവര്‍ ഇവിടെ നിന്ന് പുറപ്പെട്ട് ബെലാറസിലേക്ക് പോകുന്നതായും അദ്ദേഹം വ്യക്തമാക്കി.

യുക്രൈയ്നിനെതിരായ റഷ്യയുടെ സൈനിക അടിച്ചമര്‍ത്തലിന്റെ ആദ്യ ദിവസം തന്നെ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ കൈവശപ്പെടുത്തിയിരുന്നു. വലിയ തോതില്‍ ആണവ മാലിന്യങ്ങള്‍ ഇപ്പോഴും ഇവിടെ സംഭരിച്ചിട്ടുണ്ട്. ഫെബ്രുവരി 24 നാണ് റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്.

യുക്രൈനില്‍ നാല് ആണവ നിലയങ്ങള്‍ സജീവമാണ്. ഈ നിലയങ്ങളിലായി 15 റിയാക്ടറുകള്‍ ഉണ്ട്. ചെര്‍ണോബില്‍ ഉള്‍പ്പെടെയുള്ള ആണവ മാലിന്യങ്ങളുടെ കരുതല്‍ ശേഖരവുമുണ്ട്. 1986-ല്‍ ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന സ്ഥലമായിരുന്നു ചെര്‍ണോബില്‍. പ്രവര്‍ത്തനരഹിതമായ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ വെടിമരുന്ന് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് ബുധനാഴ്ച പറഞ്ഞിരുന്നു.

എന്നാല്‍ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ അധിനിവേശം പൂര്‍ണ്ണമായും അവസാനിപ്പിച്ചോ എന്ന് ഇതുവരെ വ്യക്തമല്ല. ചെര്‍ണോബിലില്‍ നിന്ന് റഷ്യ പിന്‍മാറുന്നത് യുദ്ധത്തിന്റെ ശക്തി കുറയുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്.



source https://www.sirajlive.com/russian-troops-withdraw-from-chernobyl.html

Post a Comment

Previous Post Next Post