ഹയര്‍ സെക്കന്‍ഡറി, എസ് എസ് എല്‍ സി; പാഠഭാഗങ്ങള്‍ തീര്‍ന്നത് രേഖകളില്‍, ഒന്നും മനസ്സിലാവാതെ കുട്ടികള്‍

കോഴിക്കോട്: എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പാഠഭാഗങ്ങള്‍ സമയത്ത് പഠിപ്പിച്ചുതീര്‍ന്നെന്ന വാദം രേഖകളില്‍ മാത്രം. പരീക്ഷാ തീയതി അടുത്തുകൊണ്ടിരിക്കെ പാഠങ്ങള്‍ മനസ്സിലാകാതെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ഫെബ്രുവരി 28ന് മുമ്പ് പോഷന്‍ തീര്‍ക്കണമെന്ന സര്‍ക്കാറിന്റെ കടുത്ത നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ പാഠഭാഗങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണമാണ് നടത്തിയത്. തുടര്‍ന്ന് പോഷന്‍ പൂര്‍ണമെന്ന കണക്കും നല്‍കി. സര്‍ക്കാറിനാണെങ്കില്‍ പാഠഭാഗങ്ങള്‍ തീര്‍ന്നെന്ന രീതിയില്‍ അധ്യാപകരില്‍ നിന്ന് രേഖയും ലഭിച്ചു. എന്നാല്‍, ഇതിനിടക്ക് പാഠങ്ങള്‍ ഒന്നും മനസ്സിലാകാതെ നട്ടംതിരിയുകയാണ് വിദ്യാര്‍ഥികള്‍.

കഴിഞ്ഞ വര്‍ഷത്തെതുപോലെ ഇത്തവണയും വിദ്യാഭ്യാസ വകുപ്പ് ഫോക്കസ് ഏരിയ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, 50 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നായിരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ വിദ്യാര്‍ഥികളുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഓരോ വിഷയത്തിലേയും ആകെ ചോദ്യത്തിന്റെ അറുപത് ശതമാനമാണ് ഫോക്കസ് ഏരിയ ആയി നിശ്ചയിച്ചത്. ഇതില്‍ നിന്ന് 70 ശതമാനം സ്‌കോര്‍ ആണ് ലഭിക്കുക. ബാക്കി 30 ശതമാനം സ്‌കോര്‍ ലഭിക്കണമെങ്കില്‍ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് വരുന്ന അമ്പത് ശതമാനം ചോദ്യങ്ങളില്‍ നിന്ന് ഉത്തരം എഴുതണം. ഫുള്‍ എ പ്ലസ് മോഹിക്കുന്ന ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിച്ച് വലിയ അധ്വാനം നടത്തണം. ഇത്രയും പാഠങ്ങള്‍ സാവകാശം പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സമയവുമില്ല.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ഓഫ്ലൈന്‍ ക്ലാസുകള്‍ നവംബര്‍ ഒന്നിനാണ് ആരംഭിച്ചത്. ആഴ്ചയില്‍ മൂന്നു ദിവസം ഉച്ച വരെ മാത്രമായിരുന്നു ക്ലാസുകള്‍. കഴിഞ്ഞാഴ്ച മാത്രമാണ് അത് വൈകുന്നേരം വരെ ആക്കിയത്. ഓണ്‍ലൈന്‍ ക്ലാസിന്റെ റിവിഷനാണ് ആദ്യ ദിവസങ്ങളില്‍ നടന്നിരുന്നത്. രണ്ട് ഷിഫ്റ്റായി ക്ലാസ് നടന്നതിനാല്‍ ദിവസം പകുതി കുട്ടികള്‍ക്ക് മാത്രമാണ് ക്ലാസ് ലഭിച്ചത്. പാഠഭാഗങ്ങള്‍ നിശ്ചിത തീയതിക്കകം തീര്‍ക്കണമെന്ന സര്‍ക്കാറിന്റെ കടുത്ത നിര്‍ദേശം ഒരു ഭാഗത്തും എടുക്കുന്ന പാഠങ്ങള്‍ മനസ്സിലാക്കിത്തരണേയെന്ന വിദ്യാര്‍ഥികളുടെ അപേക്ഷ മറുഭാഗത്തും നിലനില്‍ക്കേ അധ്യാപകരും പ്രയാസത്തിലാണ്.

സാധാരണ ഗതിയില്‍ അധ്യയന സമയം ആയിരം മണിക്കൂറുകള്‍ ഉണ്ടാവാറുണ്ട്. ഇത്ര സമയം കൊണ്ടു തന്നെ തീര്‍ക്കാന്‍ കഴിയാത്ത പാഠങ്ങളാണ് ഏകദേശം 200 മണിക്കൂറുകള്‍ കൊണ്ട് എടുത്തു തീര്‍ക്കേണ്ടത്. ഇതിനെല്ലാം പുറമെ ഹയര്‍ സെക്കന്‍ഡറിയിലെ അധ്യാപകരില്‍ ഭൂരിഭാഗവും കഴിഞ്ഞ ദിവസം വരെ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പുകളിലുമായിരുന്നു. എസ് എസ് എല്‍ സി /ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ അടുത്ത മാസം 16ന് തുടങ്ങി 21ന് അവസാനിക്കും. എസ് എസ് എല്‍ സി പരീക്ഷ ഈ മാസം 31 മുതലും ഹയര്‍ സെക്കന്‍ഡറി 30 മുതലുമാണ് ആരംഭിക്കുന്നത്.
പരീക്ഷാ തീയതി നീട്ടി നിശ്ചയിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നുവെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയില്‍ നിന്ന് കേരളത്തിലെ കുട്ടികള്‍ പുറത്താകാതിരിക്കാന്‍ ഈ സമയത്ത് തന്നെ പരീക്ഷ നടത്തണമെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്.

 

 



source https://www.sirajlive.com/higher-secondary-sslc-lessons-ended-in-documents-children-without-understanding-anything.html

Post a Comment

أحدث أقدم