അടിമുടി ശുദ്ധീകരിക്കണം വഖ്ഫ് ബോര്‍ഡ്

സ്വാഗതാര്‍ഹമാണ് വഖ്ഫ് ബോര്‍ഡിലെ അഴിമതികളെക്കുറിച്ചുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിനു അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി. വഖ്ഫ് സംരക്ഷണവേദി പ്രസിഡന്റ് അബ്ദുസ്സലാം തൃക്കാക്കര നല്‍കിയ പരാതിയില്‍ 2016ല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട കേസിലാണ് നിര്‍ണായക വഴിത്തിരിവ്. 2017 ജനുവരി 31നകം അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു അന്ന് വിജിലന്‍സ് ജഡ്ജി പി മാധവന്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. സര്‍ക്കാറില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇതുവരെയും അന്വേഷണം നടക്കാതിരുന്നത്. വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി ഇ ഒ) ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ എഫ് ഐ ആര്‍ സമര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വ്യാഴാഴ്ച ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് ഇപ്പോള്‍ അന്വേഷണത്തിനു വഴിതെളിഞ്ഞത്.

കഴിഞ്ഞ കാലയളവില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ കോടികളുടെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു, മുന്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഹൈക്കോടതി വിധി മറികടന്ന് അഞ്ച് താത്കാലിക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നിയമനം നല്‍കി, നിയമവിരുദ്ധ നിയമനങ്ങളിലൂടെ വഖ്ഫിന്റെ ലക്ഷങ്ങള്‍ നഷ്ടമാക്കി, ഇസ്‌ലാമിക നിയമമനുസരിച്ച് പലിശ ഇടപാട് കടുത്ത പാപമാണെന്നിരിക്കെ ബോര്‍ഡിന്റെ പണം പൊതുമേഖലാ ബേങ്കില്‍ നിന്ന് പിന്‍വലിച്ച് കൂടുതല്‍ പലിശ ലഭിക്കാനായി സ്വകാര്യ ബേങ്കില്‍ നിക്ഷേപിച്ചു തുടങ്ങിയവയാണ് വഖ്ഫ് സംരക്ഷണ വേദിയുടെ പരാതികള്‍. ബോര്‍ഡില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായും ഇത് ടു ജി അഴിമതിയേക്കാള്‍ വലുതാണെന്നും വഖ്ഫ് സംരക്ഷണവേദി പ്രസിഡന്റ് ആരോപിക്കുന്നു.

മൂലവസ്തു നിലനിര്‍ത്തി അതിന്റെ ഫലം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനായി ദൈവിക മാര്‍ഗത്തില്‍ ചെയ്യുന്ന ദാനമാണ് വഖ്ഫ്. പള്ളികള്‍, മദ്റസകള്‍, അഗതി അനാഥ മന്ദിരങ്ങള്‍, ചികിത്സാ കേന്ദ്രങ്ങള്‍, മറ്റു ധര്‍മസ്ഥാപനങ്ങള്‍ തുടങ്ങി സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെയ്യുന്ന സ്ഥായിയായ ധര്‍മങ്ങളെല്ലാം വഖ്ഫ് ഇനത്തില്‍ പെടുന്നു. മുസ്‌ലിംകളുടെ മതസ്ഥാപനങ്ങളേറെയും നിലനില്‍ക്കുന്നത് ദാനശീലരായ വിശ്വാസികളുടെ വഖ്ഫ് സ്വത്തുക്കള്‍ കൊണ്ടാണ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊത്തം വഖ്ഫ് സ്വത്തുക്കളുടെയും സംരക്ഷണമാണ് വഖ്ഫ് ബോര്‍ഡിന്റെ മുഖ്യ ചുമതല. 1960ലാണ് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് രൂപവത്കരിച്ചത്. വഖ്ഫ് ചെയ്തയാള്‍ ഏതൊരു ആവശ്യത്തിനു വേണ്ടിയാണോ അത് ദാനം ചെയ്തത് അതിനു വേണ്ടി മാത്രമേ വിനിയോഗിക്കാന്‍ പാടുള്ളൂ. അത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി വഖ്ഫ് സ്വത്തുക്കള്‍ ബോര്‍ഡിലെ ചില ഉന്നതരുടെ താത്പര്യത്തിനനുസരിച്ച് വിനിയോഗിക്കുന്നതായി ആരോപിക്കപ്പെടുന്നു.

സമുദായപാര്‍ട്ടിയെന്ന ലേബലില്‍ വര്‍ഷങ്ങളായി മുസ്‌ലിം ലീഗിനാണ് വഖ്ഫ് ബോര്‍ഡില്‍ ആധിപത്യം. ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ബോര്‍ഡില്‍ കാര്യങ്ങള്‍ നടക്കുന്നത്. മുതവല്ലി ക്വാട്ടയില്‍ വഖ്ഫ് ബോര്‍ഡില്‍ കയറിപ്പറ്റിയ രണ്ട് ലീഗ് പ്രതിനിധികളുടെ കൈകളിലാണ് ബോര്‍ഡിന്റെ നിയന്ത്രണം. വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ പാടില്ലെന്നിരിക്കെ ഇവരുടെ ഒത്താശയോടെ തളിപ്പറമ്പ്, എറണാകുളത്തെ മട്ടാഞ്ചേരി, കോഴിക്കോട്ടെ കുറ്റിക്കാട്ടൂര്‍, ഫാറൂഖ് കോളജ്, മലപ്പുറം ജില്ലയിലെ മൂന്നാക്കല്‍, വാഴക്കാട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടലോ അനധികൃത വില്‍പ്പനയോ നടന്നിട്ടുണ്ട്. വിഷയം കോടതിയിലെത്തിയാല്‍ എതിര്‍ കക്ഷികള്‍ക്കു വേണ്ടി തോറ്റുകൊടുക്കുകയാണത്രെ ബോര്‍ഡിന്റെ രീതി. സമുദായത്തിലെ പാവങ്ങളുടെ സംരക്ഷണത്തിനുപയോഗിക്കേണ്ട സ്വത്തുക്കള്‍ ഏതാനും സ്വകാര്യ വ്യക്തികളിലേക്കെത്തുകയെന്നതാണ് ഇതിന്റെ അനന്തരഫലം. വഖ്ഫ് പോലുള്ള പുണ്യവസ്തുക്കള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് അത് ദാനം ചെയ്ത വ്യക്തിയുടെ ഉദ്ദേശ്യത്തെ തകിടം മറിക്കും.

സംസ്ഥാനത്തെ പള്ളികളും മദ്‌റസകളും മറ്റു മതസ്ഥാപനങ്ങളും ലീഗ് ആധിപത്യത്തിലേക്കു കൊണ്ടുവരികയും ഇത്തരം സ്ഥാപനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയെന്ന ഒരു അജന്‍ഡ കൂടിയുണ്ട് വഖ്ഫ് ബോര്‍ഡില്‍ ആധിപത്യം തുടരുന്നതിലൂടെ ലീഗ് നേതൃത്വത്തിന്. യു ഡി എഫ് ഭരണത്തില്‍ വഖ്ഫ് വകുപ്പ് ലീഗ് മന്ത്രിമാര്‍ കൈകാര്യം ചെയ്തിരുന്ന ഘട്ടത്തില്‍, ലീഗാധിപത്യമില്ലാത്ത മതസ്ഥാപനങ്ങളെയും മഹല്ലുകളെയും തങ്ങളുടെ അധീനതയിലാക്കാന്‍ ബോര്‍ഡിന്റെ സഹായത്തോടെ കുത്സിത നീക്കങ്ങള്‍ നടത്തുകയും ഇത് പലയിടങ്ങളിലും സംഘര്‍ഷത്തിന് ഇടവരുത്തുകയും ചെയ്തിരുന്നു. സുന്നി ആശയപ്രകാരം നടത്താനായി വഖ്ഫ് ചെയ്ത സ്ഥാപനങ്ങള്‍ ഇതര ആശയക്കാര്‍ പിടിച്ചെടുത്ത സംഭവങ്ങളും നിരവധി. പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും നിലവിലെ വഖ്ഫ് ബോര്‍ഡ് സി ഇ ഒ, 58 വയസ്സ് വരെ തത്്സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതികളെ സമീപിച്ചത് ലീഗീന്റെ ഇത്തരം താത്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ രാഷ്ട്രീയക്കളികള്‍ക്കിടയില്‍ വഖ്ഫ് ബോര്‍ഡിന് യോഗം ചേരാന്‍ അവസരം ലഭിക്കാറില്ല. ക്ഷേമ പദ്ധതികളെല്ലാം നിലച്ചിരിക്കുകയാണ്. വഖ്ഫ് ബോര്‍ഡ് ദുര്‍വിനിയോഗം സംബന്ധിച്ച കേസുകളും പരാതികളും കെട്ടിക്കിടക്കുന്നു. കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യവുമാണ്. വഖ്ഫ് ബോര്‍ഡിന് ലക്ഷ്യാധിഷ്ഠിതമായും അഴിമതിമുക്തമായും പ്രവര്‍ത്തിക്കാനും അന്യാധീനപ്പെട്ട അതിന്റെ സ്വത്തുക്കള്‍ തിരിച്ചു പിടിക്കാനും സ്ഥാപനത്തെ കക്ഷിരാഷ്ട്രീയ ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുകയും മതബോധമുള്ളവര്‍ തലപ്പത്ത് വരികയും വേണം. വിജിലന്‍സ് അന്വേഷണത്തിലൂടെ വഖ്ഫ് ബോര്‍ഡിലെ അഴിമതിയും തീവെട്ടിക്കൊള്ളകളും പുറത്തുകൊണ്ടുവരുന്നതോടൊപ്പം അതിനെ തീര്‍ത്തും രാഷ്ട്രീയ മുക്തമാക്കാനുള്ള നടപടിയും ആവശ്യമാണ്.



source https://www.sirajlive.com/the-waqf-board-should-clean-up-the-mess.html

Post a Comment

أحدث أقدم