അടുത്ത മാസം കണ്ണൂരില്‍ നടക്കുന്ന സി പി എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കടുത്ത അഭിപ്രായ ഭിന്നതയിലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍. ജനാധിപത്യത്തിന്റെ വ്യത്യസ്ത ചേരികളിലുള്ളവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടേണ്ടത് അനിവാര്യമായതിനാല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കേണ്ടതാണെന്നാണ് ശശി തരൂരിന്റെയും മറ്റും പക്ഷം. എന്നാല്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധകരന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുക്കരുതെന്ന പക്ഷക്കാരനാണ്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം ഇന്നലെ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വികാരമാണെന്നും ഏതെങ്കിലും പാര്‍ട്ടി നേതാവ് പങ്കെടുത്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ വ്യത്യസ്ത രാഷ്ട്രീയകക്ഷി നേതാക്കള്‍ പങ്കെടുക്കുന്ന സി പി എം സെമിനാറിലേക്ക് കോണ്‍ഗ്രസ്സില്‍ നിന്ന് ശശിതരൂര്‍, കെ വി തോമസ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ശശി തരൂര്‍ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാറിലും കെ വി തോമസ് കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ എന്ന സെമിനാറിലുമാണ് പങ്കെടുക്കേണ്ടത്.
കെ പി സി സി പ്രസിഡന്റിന്റെ വിലക്ക് അപ്പടി അംഗീകരിക്കാന്‍ തരൂരും തോമസും സന്നദ്ധമല്ല. ഇതൊരു ദേശീയ സെമിനാറായത് കൊണ്ടും ചര്‍ച്ചാവിഷയം ദേശീയ പ്രാധാന്യം അര്‍ഹിക്കുന്നതിനാലും ഞങ്ങള്‍ പങ്കെടുക്കണമോ എന്നതില്‍ അഭിപ്രായം പറയേണ്ടത് സുധാകരനല്ലെന്നും ദേശീയ നേതൃത്വമാണെന്നുമാണ് ഇരുവരുടെയും പക്ഷം. പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയോടും കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോടും ഇരുവരും അനുമതി തേടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് ഒറ്റക്ക് ബി ജെ പിയെ നേരിടാനാകില്ല. ഇക്കാര്യത്തില്‍ സി പി എം ഉള്‍പ്പെടെ മതേതര കക്ഷികളുടെ യോജിപ്പ് ആവശ്യമാണ്. മാത്രമല്ല, ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സും സി പി എമ്മും സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. എന്നിരിക്കെ എന്തുകൊണ്ട് സെമിനാറില്‍ പങ്കെടുത്തു കൂടെന്നും അവര്‍ ചോദിക്കുന്നു.
രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതര സംഘടനകളും സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ വ്യതസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ പങ്കെടുക്കുന്നത് സാധാരണമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് സെമിനാറിലെ പ്രധാന വിഷയം. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കേന്ദ്രം കവര്‍ന്നെടുക്കുകയും കേന്ദ്രത്തിന്റെ നോമിനികളായ ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ നേരിടുന്നുണ്ട് ഈ പ്രതിസന്ധി. ഇതെങ്ങനെ തരണം ചെയ്യണമെന്നത് സംബന്ധിച്ച് ബി ജെ പി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഒരു തുറന്ന ചര്‍ച്ചയും സംവാദവും അനിവാര്യമാണെന്നതില്‍ സന്ദേഹമില്ല. ഇതടിസ്ഥാനത്തിലായിരിക്കണം സി പി എം അതിന്റെ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഇത്തരമൊരു വിഷയം ചര്‍ച്ചക്കുവെച്ചത്.
പിണറായി സര്‍ക്കാറിന്റെ കെ റെയില്‍ പദ്ധതിയോടുള്ള എതിര്‍പ്പാണ് സെമിനാറില്‍ പങ്കെടുക്കുന്നതിനെതിരായ കെ സുധാകരന്റെ കര്‍ശന നിലപാടിന് പിന്നില്‍. നിരവധി കുടുംബങ്ങളുടെ കിടപ്പാടവും സ്വത്തുക്കളും നഷ്ടപ്പെടുത്തുകയും സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഈ പദ്ധതിക്കെതിരെ ജനവികാരം ശക്തമാണ്. ഇടതുപക്ഷത്ത് നിന്ന് സി പി ഐക്കാരുള്‍പ്പെടെ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി നഷ്പ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം. ഇതിന്റെ ഭാഗമായാണ് കുറ്റികള്‍ പിഴുതെറിയുന്നതുള്‍പ്പെടെ സില്‍വര്‍ലൈന്‍വിരുദ്ധ സമരം പാര്‍ട്ടി ശക്തമാക്കിയത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ സി പി എം പരിപാടിയില്‍ പങ്കെടുക്കുന്നത് സില്‍വര്‍ലൈന്‍ സംബന്ധിച്ച പാര്‍ട്ടി നിലപാടില്‍ തെറ്റായ സന്ദേശം നല്‍കാന്‍ ഇടവരുത്തുമെന്നാണ് കെ പി സി സിയുടെ
വിലയിരുത്തല്‍.
അതേസമയം, ആഗോള തലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ജനാധിപത്യവും മതേതരത്വവും ഇന്ന് അപകടത്തിലാണ്. ഭരണഘടന പോലും മാറ്റിയെഴുതാനും നമ്മുടെ ത്രിവര്‍ണ പതാക ഉപേക്ഷിച്ച് തത്്സ്ഥാനത്ത് കാവി പതാക കൊണ്ടുവരാനുമുള്ള ശ്രമത്തിലാണ് ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും. കര്‍ണാടക ആര്‍ എസ് എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അതിലേക്കുള്ള വ്യക്തമായ സൂചനയാണ്. രാജ്യത്ത് ദേശീയ പതാകക്ക് പകരം കാവി പതാക സ്ഥാപിക്കുമെന്നും ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നുമായിരുന്നു അദ്ദേഹം
പറഞ്ഞത്.
രാജ്യത്തിന്റെ മഹത്തായ അടിസ്ഥാന തത്വങ്ങളെ സംരക്ഷിക്കാന്‍ രാജ്യത്തെ മതേതര കക്ഷികള്‍ക്കിടയില്‍ യോജിപ്പും ഐക്യവും രൂപപ്പെടേണ്ട സന്ദര്‍ഭമാണിത്. കക്ഷിരാഷ്ട്രീയം അതിന് തടസ്സമായിക്കൂടാ. ആശയവൈവിധ്യം നിലനിര്‍ത്തിക്കൊണ്ടു തന്നെ, രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇതര കക്ഷികളുമായി സഹകരിച്ചിട്ടുണ്ട് കോണ്‍ഗ്രസ്സ് ഗതകാലത്തില്‍. സില്‍വര്‍ലൈന്‍ പോലുളള ഒരു പ്രാദേശിക പ്രശ്നത്തിന്റെ പേരില്‍ അത്തരമൊരു സഹകരണത്തിന് വിലങ്ങുനില്‍ക്കരുതായിരുന്നു സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം. അത് ഫാസിസത്തിന് ശക്തിപകരാനേ സഹായകമാകൂ. സി പി എം സെമിനാറില്‍ പങ്കെടുത്തു കൊണ്ടു തന്നെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം കോണ്‍ഗ്രസ്സിന് മുന്നോട്ടു കൊണ്ടുപോകാവുന്നതേയുള്ളൂ.
source https://www.sirajlive.com/cpm-seminar-and-kpcc.html
Post a Comment