മലപ്പുറം സ്വദേശികളായ വിദ്യാര്‍ഥികളുടെ അപകടമരണം; മിനിലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്

കാസര്‍കോട് | ഉദുമയില്‍ പള്ളത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ മിനിലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. ഡ്രൈവര്‍ കാസര്‍കോട് പൈവളിഗെ കുരുടപ്പദവ് സ്വദേശി ടി ഷാഫി(30)ക്കെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും, അപകടകരമായി വാഹനമോടിച്ചതിനും ബേക്കല്‍ പോലീസ് കേസെടുത്തത്. മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്നിലെ പള്ളിത്തൊടി അബ്ദുല്‍ കരീം-ജമീല ദമ്പതികളുടെ മകനും, കോയമ്പത്തൂര്‍ ശ്രീശക്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിയുമായ പി ടി ജംഷീര്‍ (22), അഞ്ചുകണ്ടന്‍ സുബൈര്‍-ജസീന ദമ്പതികളുടെ മകനും ചെറുകുളമ്പ് ഐ കെ ടി എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ അവസാനവര്‍ഷ ബി കോം വിദ്യാര്‍ഥിയുമായ എ കെ മുഹമ്മദ് ഷിബില്‍ (20) എന്നിവരാണ് മരിച്ചത്.

ഹൈദരാബാദ് എഫ് സി ഫുട്‌ബോള്‍ ടീമില്‍ കളിക്കുന്ന ഒതുക്കുങ്ങലിലെ എ കെ അബ്ദുല്‍ റഹീബിന്റെ പിതൃസഹോദരന്റെ മകനാണ് ഷിബില്‍. ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെ കാഞ്ഞങ്ങാട്-കാസര്‍കോട്-ചന്ദ്രഗിരി തീരദേശപാതയിലെ ഉദുമ പള്ളത്ത് വച്ചായിരുന്നു അപകടം.

 



source https://www.sirajlive.com/accidental-death-of-students-from-malappuram-manslaughter-case-against-mini-lorry-driver.html

Post a Comment

أحدث أقدم