പിറന്ന നാടിനെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ഥം അതിര്‍ത്തികള്‍ ഭേദിച്ച് അഭയംതേടി അലയുന്ന മനുഷ്യരുടെ ദയനീയത ഓരോ യുദ്ധങ്ങളുടെയും ബാക്കിപത്രമാണ്. യുദ്ധങ്ങള്‍, ആഭ്യന്തര സംഘര്‍ഷങ്ങള്‍, മത, ജാതി വൈരങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെല്ലാം കാരണം ജനിച്ച മണ്ണില്‍ നിന്ന് അടിവേരറുത്ത് അലയേണ്ടി വരുന്ന ജനങ്ങളുടെ കണക്ക് എട്ടുപത്ത് കോടിയോളം വരും. അധികാരത്തിന്റെ അതിര്‍ത്തികള്‍ വെട്ടിപ്പിടിക്കാന്‍ പരസ്പരം മത്സരിക്കുന്ന മനുഷ്യനെ ഈ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നേയില്ല എന്നത് തന്നെ മനുഷ്യത്വം മരിക്കുന്നുവെന്നതിന്റെ ആധുനിക സാക്ഷ്യപ്പെടുത്തലാണ്. യുദ്ധവും അധികാര കൈമാറ്റങ്ങളും ബാക്കിയാക്കുന്ന വിഭാഗമാണ് അഭയാര്‍ഥികള്‍. ഒരു രാജ്യത്തിന്റെയും വോട്ടര്‍ പട്ടികയില്‍ ഇടമില്ലാത്തവര്‍. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഓരോ മിനുട്ടും കുറഞ്ഞത് 25 അഭയാര്‍ഥികളെങ്കിലും സുരക്ഷ തേടി അലയുന്നുണ്ട്. അഭയാര്‍ഥികളില്‍ 80 ശതമാനവും വികസ്വര രാഷ്ട്രങ്ങളിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നത്. ആട്ടിപ്പായിക്കപ്പെടുന്ന ജനതയുടെ അനിശ്ചിതത്വം നിറഞ്ഞ ഭാവി മാത്രമല്ല അഭയാര്‍ഥികളുടെ വലിയ കണക്കുകള്‍ മുന്നോട്ടുവെക്കുന്ന ആശങ്ക. ഒപ്പം ആഗോളതലത്തില്‍ രാഷ്ട്രീയ പരാജയങ്ങളുടെ വെളിപ്പെടുത്തല്‍ കൂടിയാണ് ഇത് നിര്‍വഹിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഇപ്പോള്‍ യുക്രൈനില്‍ നിന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങിയത് ഫെബ്രുവരി 24നായിരുന്നു. 12 ദിവസങ്ങള്‍ക്കിപ്പുറം യുദ്ധം തകര്‍ത്ത യുക്രൈനില്‍ നിന്ന് ജീവന് വേണ്ടി രാജ്യം വിട്ടോടിയത് 20 ലക്ഷം പേരെന്ന് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. യു എന്നിന്റെ അഭയാര്‍ഥി ഏജന്‍സിയായ യു എന്‍ എച്ച് സി ആറിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് എട്ടിന് 20,11,312 പേരാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. തലേദിവസത്തെ അഭയാര്‍ഥികളുടെ എണ്ണത്തേക്കാള്‍ 2,76,244 കൂടുതലായിരുന്നു ഇത്. ‘ഇത് വെറുമൊരു സംഖ്യയല്ല, അതിനപ്പുറം വേര്‍പിരിയലിന്റെയും വേദനയുടെയും നഷ്ടങ്ങളുടെയും 20 ലക്ഷം കഥകളാണെന്നാണ്’ യു എന്‍ എച്ച് സി ആര്‍ മേധാവി ഫിലിപ്പോ ഗ്രാന്‍ഡി ഇതിനെ കുറിച്ച് പ്രതികരിച്ചത്. യുക്രൈനില്‍ നിന്ന് പലായനം ചെയ്ത പകുതിയിലധികം പേരും ഇപ്പോള്‍ പോളണ്ടിലാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ അമ്പത് ലക്ഷം ആളുകള്‍ യുക്രൈന്‍ വിടുമെന്നാണ് യൂറോപ്യന്‍ യൂനിയന്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എഴുപത് ലക്ഷത്തോളം പേരാകും സ്വന്തം സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് യുക്രൈനില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി ചേക്കേറുക. ഇത് ലോകത്തിലെ ഏറ്റവും വലിയ ഒരു പലായനമായി തന്നെ കണക്കാക്കേണ്ടിവരും.
അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ അവര്‍ക്കുള്ള സൗകര്യങ്ങളില്‍ പ്രധാനമായും അഭയാര്‍ഥി പദവിയും സംരക്ഷണവും നല്‍കുന്നുണ്ട്. അഭയാര്‍ഥികളെന്ന പ്രശ്‌നം മൂന്ന് രീതിയില്‍ രാജ്യങ്ങള്‍ക്ക് കൈകാര്യം ചെയ്യാം. രാജ്യത്ത് പുനരധിവാസത്തിന് സൗകര്യമൊരുക്കാം. അല്ലെങ്കില്‍ ഇവര്‍ക്കായി അഭയാര്‍ഥി ക്യാമ്പുകള്‍ തുറക്കാം. അതുമല്ലെങ്കില്‍ സ്വന്തം മണ്ണിലേക്ക് തിരികെ പോകാനുള്ള അവസരമൊരുക്കാം. അഭയം തേടിയെത്തുന്നവര്‍ക്ക് ആശ്വാസമാകുന്നത് മൂന്നാമത്തെ സാധ്യതയാണ്. വെടിവെപ്പും കൊലവിളികളും അവസാനിച്ച സ്വന്തം രാജ്യത്തേക്ക് മടങ്ങുക. എന്നാല്‍ എന്തുകൊണ്ടോ പലപ്പോഴും അതിനുള്ള അവസരമൊരുങ്ങാറില്ല. ‘പലായനം ചെയ്തതിനു ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രമാനുഗതമായി കുറയുകയാണ്. 1990കളില്‍ ഓരോ വര്‍ഷവും ഏകദേശം 15 ദശലക്ഷം അഭയാര്‍ഥികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയെത്തിയതായി കണക്കാക്കപ്പെടുന്നു. ഇപ്പോള്‍, പ്രതിവര്‍ഷം 4,00,000ത്തില്‍ താഴെ ആളുകളാണ് മടങ്ങിയെത്തുന്നത്’- അഭയാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ സാരമായ വര്‍ധനവ് വിശദീകരിച്ചു കൊണ്ട് യു എന്‍ എച്ച് സി ആര്‍ മേധാവി ഫിലിപ്പോ ഗ്രാന്‍ഡി പറയുന്നു.
2003ലെ ഇറാഖ് യുദ്ധത്തില്‍ വേരുകള്‍ നഷ്ടമായത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 16 ശതമാനത്തിനാണ്. അതായത് 47,00,000 പേര്‍ക്ക് സ്വന്തം വീടും നാടും നഷ്ടപ്പെട്ടെന്നര്‍ഥം. അഭയാര്‍ഥികളില്‍ ഒരു വിഭാഗം ഇറാഖില്‍ നിന്ന് പലായനം ചെയ്ത് സിറിയ, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അഭയം തേടിയപ്പോള്‍ മറ്റൊരു വിഭാഗം സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി തുടരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അഭയാര്‍ഥികളായത് ഇരുപത് ലക്ഷത്തിലേറെ യൂറോപ്യന്‍ ജനതയാണ്. എന്നാല്‍ ബാഹ്യശക്തികളുടെ ആക്രമണമില്ലാതെ തന്നെ ആഭ്യന്തര സംഘര്‍ഷത്തിന്റെ പേരില്‍ വലിയ വിഭാഗം ജനങ്ങള്‍ സ്വന്തം രാജ്യത്ത് നിന്ന് തിരസ്‌കൃതരാകുന്നുണ്ടെന്നും ഐക്യരാഷ്ട്ര സഭയുടെ റിപോര്‍ട്ട് പറയുന്നുണ്ട്. അഫ്ഗാനും സിറിയയും മ്യാന്‍മറും വെനസ്വേലയും ദക്ഷിണ സുഡാനും ഫലസ്തീനും പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ വിവിധ രാജ്യങ്ങളില്‍ പലഘട്ടങ്ങളിലായി അഭയം തേടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥി സമൂഹമായിട്ടുള്ളത് സിറിയക്കാരാണ്. 6.7 ദശലക്ഷമാണ് സിറിയന്‍ അഭയാര്‍ഥികളെങ്കില്‍ ഫലസ്തീന്‍കാര്‍ 5.7 ദശലക്ഷവും വെനസ്വേലക്കാര്‍ നാല് ദശലക്ഷവുമാണ്. ലോകത്തിലെ അഭയാര്‍ഥികളില്‍ 65 ശതമാനവും അഭയം തേടിയിരിക്കുന്നത് 16 രാജ്യങ്ങളിലായാണ്. ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയത് തുര്‍ക്കിയാണ്. 3.7 ദശലക്ഷം പേര്‍ക്കാണ് തുര്‍ക്കി അഭയം നല്‍കിയത്. ജോര്‍ദാന്‍ മൂന്ന് ദശലക്ഷം പേര്‍ക്കും കൊളംബിയ 1.7 ദശലക്ഷം പേര്‍ക്കും അഭയം നല്‍കിയിട്ടുണ്ട്. യൂറോപിലേക്ക് വരുമ്പോള്‍ ജര്‍മനിയാണ് 1.2 ദശലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ച് മുന്നിലുള്ളത്.
ലോകത്തിന്റെ വിവിധ കോണുകളില്‍ സൈ്വരം തേടിയുള്ള മനുഷ്യന്റെ പലായനങ്ങള്‍ക്ക് മനുഷ്യനോളം പഴക്കമുണ്ടാകും. പലവിധ പ്രതിസന്ധികളില്‍ നിന്നും രക്ഷതേടി ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നത് പതിവാണ്. അഭയാര്‍ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ലോകത്ത് പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. ഓരോ യുദ്ധകാലത്തും ആ ചര്‍ച്ചകള്‍ സജീവമാകും. പക്ഷേ ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതില്‍ ലോകം പരാജയപ്പെടുകയാണ് എന്നതാണ് യാഥാര്‍ഥ്യം.
ലോകത്തിന്റെ വിവിധ കോണുകളില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ സ്വതന്ത്രമായി ജീവിക്കുന്ന മനുഷ്യരുടെ ഇടയിലേക്ക് ബോംബുകളും മിസൈലുകളും വര്‍ഷിപ്പിച്ച് പിറന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ട ദുഃസ്ഥിതിയിലേക്ക് മനുഷ്യരെ എത്തിക്കുന്നതിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്തുക എന്നത് പ്രയാസമുള്ള കാര്യമല്ല. പ്രധാനമായും പാശ്ചാത്യ ശക്തികള്‍ തന്നെയാണ് ഇതിന് പിന്നില്‍. റഷ്യയും അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും പൗരസ്ത്യ ദേശത്തും വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലും നടത്തിവരുന്ന രക്തരൂഷിതമായ ഇടപെടലുകള്‍ അവസാനിപ്പിക്കാത്ത പക്ഷം അഭയാര്‍ഥി പ്രശ്നം പരിഹരിക്കപ്പെടാതെ തന്നെ അവശേഷിക്കും.
സ്വതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി അമേരിക്കയും റഷ്യയും യൂറോപുമൊക്കെ കളിച്ച അന്തര്‍നാടകങ്ങളുടെ അനന്തര ഫലമായാണ് യഥാര്‍ഥത്തില്‍ ഇന്ന് യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് അഭയാര്‍ഥികളായി മനുഷ്യ സമൂഹം അലയേണ്ടിവരുന്നത്.
source https://www.sirajlive.com/those-who-are-rooted-in-wars.html
إرسال تعليق