മരുന്നിലും വിലവര്‍ധനവിന്റെ വിഷം പുരട്ടുമ്പോള്‍

ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാവുന്ന ഏറ്റവും മനുഷ്യത്വരഹിതമായ തീരുമാനമേതാണ് എന്ന ചോദ്യത്തിന് മരുന്നിന് വില കൂട്ടാന്‍ കൂട്ടുനില്‍ക്കുകയെന്ന ഒറ്റ ഉത്തരമേയുള്ളൂ. ഇന്ത്യയെപ്പോലെ ദരിദ്ര ജനനിബിഢമായ ഒരു രാജ്യത്ത് മരുന്നു വില കൂട്ടുന്നതിന് എന്ത് ന്യായീകരണം ചമച്ചാലും അതൊന്നും നിലനില്‍ക്കില്ല. ഔഷധ വിപണിയില്‍ ഫലപ്രദമായ വില നിയന്ത്രണ സംവിധാനം കൊണ്ടുവരാനോ ബഹുമുഖ ചൂഷണം തടയാന്‍ ശക്തമായ നിയമനിര്‍മാണം നടത്താനോ സാധിക്കാത്ത കേന്ദ്ര സര്‍ക്കാറാണ് മരുന്ന് വില വര്‍ധനവിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. മഹാമാരിയുടെ പിടിയില്‍ നിന്ന് സാവിധാനം മോചിതരാകുന്ന ജനതക്ക് മേല്‍ ഇത്തരമൊരു ഭാരം കെട്ടിവെക്കാന്‍ സര്‍ക്കാര്‍ ഒരു കാരണവശാലും തയ്യാറാകരുത്. കൊവിഡ് വരുത്തിവെച്ച നിരവധിയായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുകയാണ് ഈ ജനത. മഹാമാരിയുടെ സാമ്പത്തിക ആഘാതം അവരുടെ ക്രയശേഷി തകര്‍ത്തുകളഞ്ഞിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജുകളൊന്നും സാധാരണ മനുഷ്യരുടെ രക്ഷക്കെത്തിയിട്ടില്ല. അതിനിടക്കാണ് ഇന്ധന വില വര്‍ധനവിന്റെ പ്രഹരം തുടങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ കേന്ദ്ര സര്‍ക്കാറിന്റെ തനിസ്വരൂപം കാണുമെന്ന് പ്രവചിച്ചപ്പോള്‍ അതിത്ര കഠിനമാകുമെന്ന് ആരും വിചാരിച്ചു കാണില്ല. ഒടുവില്‍ മരുന്നിലും വിലവര്‍ധനവിന്റെ വിഷം പുരട്ടുമ്പോള്‍ ഈ ഭരണ സംവിധാനത്തിന് ആരോടാണ് ഉത്തരവാദിത്വമെന്ന ചോദ്യം ഉച്ചത്തില്‍ ചോദിക്കേണ്ടിയിരിക്കുന്നു.

ജീവന്‍ രക്ഷക്കുള്ളത് ഉള്‍പ്പെടെ എണ്ണൂറിലേറെ മരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 10 ശതമാനത്തിലേറെ വില കൂടുമെന്നാണ് ഉറപ്പായിരിക്കുന്നത്. ഉയര്‍ന്ന പരിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൊത്തവില സൂചികയിലെ വര്‍ധന മുന്‍ വര്‍ഷത്തേക്കാള്‍ 10.76 ശതമാനമാണെന്നും ഇതനുസരിച്ചുള്ള വിലവര്‍ധനയുണ്ടാകുമെന്നും നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍ പി പി എ) വ്യക്തമാക്കി. 1997ല്‍ എന്‍ പി പി എ നിലവില്‍വന്ന ശേഷം ഒറ്റയടിക്കുണ്ടാകുന്ന റെക്കോര്‍ഡ് വിലവര്‍ധനയാണിത്. വിലനിയന്ത്രണമുള്ള മരുന്നുകള്‍ക്കാണിത് എന്നോര്‍ക്കണം. കഴിഞ്ഞ വര്‍ഷം 0.5 ശതമാനവും 2020ല്‍ രണ്ട് ശതമാനവും മാത്രമായിരുന്നു വര്‍ധന. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, അസിത്രോമൈസിന്‍ ഉള്‍പ്പെടെയുള്ള ആന്റിബയോട്ടിക്കുകള്‍, വിളര്‍ച്ച ചെറുക്കാനുള്ള മരുന്നുകള്‍, വൈറ്റമിന്‍, മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവക്കുള്ള മരുന്നുകള്‍, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവക്കെല്ലാം വില കൂടും. കൊവിഡ് ചികിത്സക്കുള്ളതും കൊവിഡാനന്തര രോഗങ്ങള്‍ക്കുള്ളതുമായ മരുന്നുകളെ പോലും വെറുതെ വിടുന്നില്ല എന്നതാണ് സങ്കടകരം. ഷെഡ്യൂള്‍ഡ് അല്ലാത്ത (വില നിയന്ത്രണമില്ലാത്ത) മരുന്നുകളുടെ വില വര്‍ഷം തോറും 10 ശതമാനം കൂട്ടാന്‍ കമ്പനികള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ വില നിയന്ത്രണമുള്ള മരുന്നുകളുടെ വില കൂട്ടാന്‍ എന്‍ പി പി എ അനുവദിക്കണമെന്നാണ് ചട്ടം. 16 ശതമാനം മരുന്നുകള്‍ക്ക് മാത്രമാണ് പരിമിതമായെങ്കിലും വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അസംസ്‌കൃത വസ്തുക്കളുടെയും കോംപോണന്റുകളുടെയും വില കുതിച്ചുയര്‍ന്നുവെന്നും അതുകൊണ്ട് വില വര്‍ധവനവ് വേണമെന്നുമാണ് മരുന്ന് കമ്പനികളുടെ സംഘടനയായ ഇന്ത്യന്‍ ഡ്രഗ്സ് മാനുഫാക്ചേഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം മൂലമാണത്രെ ഈ സ്ഥിതി ഉണ്ടായിരിക്കുന്നത്. പാക്കേജിംഗ്, ഇറക്കുമതി ചെലവുകളും കൂടിയത്രെ. ഈ വാദം ചെവിക്കൊള്ളാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടോ? ജനങ്ങളുടെ വരുമാന മാര്‍ഗങ്ങളെ ഒന്നാകെ തകര്‍ത്തെറിഞ്ഞ മഹാമാരിക്ക് ശേഷം മരുന്ന് കമ്പനികളെയാണോ സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടത്? മരുന്നു പോലെ മാറ്റിവെക്കാനാകാത്ത വസ്തുക്കളുടെ മേല്‍ കൊള്ളലാഭത്തിന് ശ്രമിക്കുന്നതിന്റെ നീതികേടല്ലേ സര്‍ക്കാര്‍ കാണേണ്ടത്.

വില നിയന്ത്രണമുള്ള മരുന്നുകളുടെ വിലയാണ് കേന്ദ്രം വര്‍ധിപ്പിച്ചതെങ്കിലും പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് വില വര്‍ധിപ്പിക്കാനായിരിക്കും മരുന്നു കമ്പനികളുടെ അടുത്ത നീക്കം. 84 ശതമാനം മരുന്നുകളും ഈ ഗണത്തിലാണ് വരുന്നത്. കണ്‍ട്രോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന മരുന്നുകളുടെ കെമിക്കല്‍ അളവില്‍ ചെറിയ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തി വില കുത്തനെ കൂട്ടി വില്‍ക്കുന്ന പതിവും ഉണ്ട്. മരുന്നുകളുടെ വിലവര്‍ധന ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പ്പനക്ക് സാഹചര്യം സൃഷ്ടിക്കുന്നതിനൊപ്പം ഗൗരവമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഒരേ മരുന്നിനു പല വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്. പ്രമുഖ കമ്പനികളുടെ മരുന്നുകളുടെ അതേ പേരിലുള്ള ഗുണനിലവാരമില്ലാത്ത മരുന്നുകളും പലയിടത്തും വിതരണം ചെയ്യുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളും ലാഭം കൂട്ടാന്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്.

മരുന്ന് രോഗകാരണമാകുന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ് ആരോഗ്യരംഗത്ത് പ്രത്യേകിച്ച് അലോപ്പതി രംഗത്ത് നിലനില്‍ക്കുന്നത്. എന്താണ് താന്‍ കഴിക്കുന്ന മരുന്നില്‍ അടങ്ങിയിരിക്കുന്നതെന്നോ അത് എന്തെന്ത് ഫലങ്ങളും പാര്‍ശ്വ ഫലങ്ങളുമാണ് ശരീരത്തില്‍ ഉണ്ടാക്കുന്നതെന്നോ, പറയുന്ന വില കൊടുത്ത് മരുന്ന് വാങ്ങിക്കഴിക്കുന്ന ഒരാള്‍ക്കും അറിയില്ല. ആരോഗ്യരംഗത്തെ അവബോധങ്ങളും സജീവ ശ്രദ്ധയുമൊന്നും അജ്ഞതയുടെ ഈ ഇരുട്ടിന് പരിഹാരമാകുന്നില്ല. എല്ലാ ബോധവത്കരണങ്ങളും ആരോഗ്യ ഉത്കണ്ഠകളെ കൂടുതല്‍ മാരകമാക്കുകയാണ് ചെയ്യുന്നത്. ഈ വൈരുധ്യത്തിന്റെ ഏറ്റവും നല്ല നിദര്‍ശനം കേരളമാണ്. രോഗം വരും മുമ്പേ തന്നെ ചികിത്സ തേടുന്നവരാണ് ഇവിടെയുള്ളത്. ഡോക്ടര്‍ കുറിച്ചു തരുന്ന മരുന്ന് ഒരു മുടക്കവും കൂടാതെ, ഒരു കുറവും വരുത്താതെ കഴിച്ചു തീര്‍ക്കുന്നു. ആരോഗ്യരംഗത്ത് മനുഷ്യന്‍ എത്ര കണ്ട് ബോധവാനാകുന്നുവോ അത്ര കണ്ട് മരുന്ന് കമ്പനികളുടെ ചൂഷണത്തിന് വിധേയരാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. മരുന്നു വിപണിയില്‍ ഒരു വില പേശലും നടക്കുന്നില്ല. മരുന്നുകളുടെ വിപണനം ഏറ്റെടുത്തിരിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ വളര്‍ച്ച, മരുന്നുകള്‍ക്കായുള്ള ഗവേഷണം, മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, അവശ്യ മരുന്നുകളുടെ വില സാധാരണക്കാരന് താങ്ങാവുന്നത് ആക്കി നിലനിര്‍ത്തുക എന്നൊക്കെയാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. അത് മറന്ന്, മരുന്ന് കമ്പനികളുടെ ലാഭക്കൊതി ശമിപ്പിക്കുന്ന സംവിധാനമായി എന്‍ പി പി എ അധഃപതിക്കരുത്.

 



source https://www.sirajlive.com/when-applying-the-poison-of-inflation-in-medicine-2.html

Post a Comment

أحدث أقدم