പ്രാര്‍ഥനാ സാഗരമായി സ്വലാത്ത് നഗര്‍; റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം പ്രൗഢം

മലപ്പുറം | വിശുദ്ധ റമസാനിലെ ഇരുപത്തേഴാം രാവും വെള്ളിയാഴ്ച രാവും ഒരുമിച്ച പവിത്രദിനത്തില്‍ പ്രാര്‍ഥനാ സാഗരമായി സ്വലാത്ത് നഗര്‍. കൊവിഡ് കവര്‍ന്നെടുത്ത കഴിഞ്ഞ രണ്ടു റമസാനുകള്‍ക്ക് ശേഷം നടന്ന മഹാസംഗമത്തിനെത്തിയവര്‍ സ്രഷ്ടാവിന്റെ അനശ്വരതയെ വാഴ്ത്തി സ്വലാത്തിന്റെ ധന്യതയില്‍ ലയിച്ചു. 27ാം രാവില്‍ മക്ക, മദീന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ഥനാ നഗരിയാണ് സ്വലാത്ത് നഗര്‍. മാസംതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയാണിത്.

നിപയും കൊവിഡും പ്രളയവും ജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ശോഷണം സംഭവിച്ച മാനവികതയും ആത്മീയ പരിസരവും വീണ്ടെടുത്ത സുഷുപ്തിയിലാണ് വിശ്വാസി സമൂഹം. ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയെത്തിയിരുന്നു. വൈകിട്ടോടെ പ്രധാന ഗ്രൗണ്ടും മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദും നിറഞ്ഞുകവിഞ്ഞു.

വൈകിട്ട് നാലിന് പരിപാടികള്‍ക്ക് തുടക്കമായി. അസ്മാഉല്‍ ബദ്ര്‍ മജ്ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ നേതൃത്വം നല്‍കി. തുടര്‍ന്ന് ആയിരങ്ങള്‍ സംബന്ധിച്ച ഇഫ്ത്വാര്‍ സംഗമം നടന്നു. മഗ്‌രിബ്, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്റ് നിസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാന്‍ഡ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലുമായി നടന്നു. കാഴ്ച പരിമിതനും അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ ജേതാവുമായ ഹാഫിള് ശബീര്‍ അലി നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

രാത്രി ഒമ്പതിന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിർവഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കും.

 

 



source https://www.sirajlive.com/salat-nagar-as-a-place-of-prayer-proud-conclusion-of-the-prayer-meeting-on-the-27th-night-of-ramadan.html

Post a Comment

أحدث أقدم