വാഹന യാത്രികര്‍ക്കിടയില്‍ 30,000 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തതായി അബൂദബി പോലീസ്

അബൂദബി | റമസാന്‍ ആരംഭിച്ചതിന് ശേഷം അബൂദബി എമിറേറ്റിലെ വാഹന യാത്രികര്‍ക്കിടയില്‍ 30,000 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തതായി അബൂദബി പോലീസ് അറിയിച്ചു. പോലീസും അബ്ഷര്‍ യാ വതാനും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘ഫീഡ് ആന്‍ഡ് റീപ് റമസാന്‍’ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷണവും പാനീയങ്ങളും അടങ്ങിയ ഇഫ്താര്‍ പെട്ടി അബൂദബി, അല്‍ ഐന്‍ നഗരങ്ങളില്‍ തിരഞ്ഞെടുത്ത തിരക്കേറിയ റോഡുകളില്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ വാഹനമോടിക്കുന്നവര്‍ക്കിടയിലാണ് വിതരണം ചെയ്യുന്നത്. നോമ്പ് തുറക്കാന്‍ യഥാസമയം വീട്ടിലെത്താന്‍ കഴിയാത്ത ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ ഭക്ഷണം നല്‍കാനാണ് ഈ ഉദ്യമം ലക്ഷ്യമിടുന്നതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. അതുകൊണ്ട് കുടുംബത്തോടൊപ്പം ഇഫ്താര്‍ കഴിക്കാന്‍ വീട്ടിലേക്ക് തിരിയാന്‍ ശ്രമിക്കുമ്പോള്‍ അമിത വേഗതയില്‍ നിന്ന് അവരെ ഒഴിവാക്കുന്നു. ‘ഈ സംരംഭം വിശുദ്ധ മാസത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുക മാത്രമല്ല, അമിതവേഗത മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ മാസത്തില്‍ ഐക്യദാര്‍ഢ്യവും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അബ്ഷര്‍ യാ വതന്‍ വളണ്ടിയര്‍ ടീം മേധാവി സോമയ മുബാറക് അല്‍ കാത്തിരി സമൂഹത്തിന് പ്രയോജനകരവും സന്തോഷം, സഹകരണം, മാനുഷിക മൂല്യങ്ങള്‍ തുടങ്ങിയവ നിലനിര്‍ത്തുന്നതിനുള്ള ആശയം വര്‍ധിപ്പിക്കുന്നതുമായ സംരംഭങ്ങള്‍ നടപ്പിലാക്കണമെന്നും അഭ്യര്‍ഥിച്ചു. സന്നദ്ധസേവനം ഒരു ദേശീയ കടമയും സമൂഹത്തിന്റെ ധാര്‍മിക ബാധ്യതയുമാണെന്ന് അദ്ദേഹം പറഞ്ഞു.

അബൂദബി, അല്‍ ഐന്‍ നഗരങ്ങളിലെ വിവിധ ട്രാഫിക് സിഗ്‌നലുകളില്‍ റമസാനിലുടനീളം ഇഫ്താര്‍ സമയത്ത് വാഹനമോടിക്കുന്നവര്‍ക്ക് പ്രതിദിനം 2,500 ലധികം ഭക്ഷണപാനീയ കിറ്റുകള്‍ നല്‍കുമെന്ന് അബൂദബി പോലീസും അബ്ഷര്‍ യാ വതനും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുണ്യമാസത്തിലുടനീളം 90,000 ഇഫ്താര്‍ പാക്കറ്റുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

 

 

 



source https://www.sirajlive.com/abu-dhabi-police-say-30000-iftar-kits-have-been-distributed-among-motorists.html

Post a Comment

أحدث أقدم