രാമനവമി ആഘോഷത്തിനിടെ വ്യാപകമായ ആക്രമണമാണ് ഞായറാഴ്ച ഹിന്ദുത്വരുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം അരങ്ങേറിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധിയിടങ്ങളില്‍ മുസ്ലിംകളുടെ കടകളും വീടുകളും വാഹനങ്ങളും തകര്‍ക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഗുജറാത്തിലും ഝാര്‍ഖണ്ഡിലും ഓരോ മരണവും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഗുജറാത്തില്‍ ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തിലെ അക്രമത്തിലാണ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്. രാമനവമി ഘോഷയാത്രകള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് കടന്നു ചെന്ന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ബിഹാര്‍ മുസഫര്‍പൂര്‍ ജില്ലയിലെ മുഹമ്മദ്പൂര്‍ ഗ്രാമത്തിലെ ദാക് ബംഗ്ലാ മസ്ജിദില്‍ ഒരു സംഘം അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടുകയും ചെയ്തു. പള്ളിക്കു മുന്നിലെ റോഡിലൂടെ രാമനവമി വാഹനഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് വണ്ടി നിര്‍ത്തി ചിലര്‍ കാവിക്കൊടിയുമായി പള്ളി മതിലിലേക്കും മിനാരങ്ങള്‍ വെച്ചിരിക്കുന്ന സ്തൂപത്തിലേക്കും കയറി കാവിക്കൊടി കെട്ടിയത്. പിന്നീട് പള്ളിക്കു മുന്നില്‍ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ശേഷമാണ് ഇവര്‍ പിരിഞ്ഞു പോയത്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
രാമനവമി യാത്രക്കു നേരേ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് മുസ്ലിംകളെ ആക്രമിച്ചതെന്നാണ് സംഘ്പരിവാര്‍ വാദം. എന്നാല്‍ മിക്കയിടങ്ങളിലും വാളടക്കമുള്ള ആയുധങ്ങളേന്തിയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഘോഷയാത്രക്കെത്തിയത്. ഇത് ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. മധ്യപ്രദേശില്‍ രാമനവമി ആഘോഷത്തിനു പിന്നാലെ നിരവധി മുസ്ലിം വീടുകളും കടകളും പൊളിച്ചു നീക്കുകയുമുണ്ടായി ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍. ഖാര്‍ഗോണ്‍ ജില്ലയിലാണ് രാമനവമി യാത്രക്കു നേരേ കല്ലേറ് നടത്തിയെന്നാരോപിച്ച് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വസ്തുവഹകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. 16 വീടുകളും 29 കടകളും പൊളിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കി. കല്ലേറ് നടത്തിയവരുടെ വീടുകളെല്ലാം കല്ലുകളായി മാറുന്നത് തങ്ങള്‍ ഉറപ്പുവരുത്തുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീടിന്റെയും കടകളുടെയും ഉടമകളെ പോലും അറിയിക്കാതെ ഭരണകൂടത്തിന്റെ ഈ കിരാത നടപടി. പൊളിച്ചു നീക്കിയ കെട്ടിടങ്ങളെല്ലാം അനധികൃതമായി നിര്‍മിച്ചതാണെന്നാണ്, സംഭവം വിവാദമായപ്പോള്‍ ഭരണകൂടത്തിന്റെ ന്യായീകരണം. അതേസമയം സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നാണ് നിയമജ്ഞരുടെ പക്ഷം. കെട്ടിടങ്ങള്‍ അനധികൃതമാണെങ്കില്‍ തന്നെ മുന്‍കൂര്‍ നോട്ടീസ് നല്‍കല്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിരുന്നുവെന്ന് സുപ്രീം കോടതി അഭിഭാഷകനായ ഷദാന്‍ ഫറാസത്ത് ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹി ജെ എന്‍ യു കോളജിലും അഴിഞ്ഞാടി രാമനവമി ദിനത്തില്‍ ഹിന്ദുത്വര്‍. മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലിയാണ് അവിടെ സംഘര്‍ഷം സൃഷ്ടിച്ചത്. ഏപ്രില്‍ പത്തിന് കാവേരി ഹോസ്റ്റല്‍ കാന്റീനില്‍ മാംസവുമായി വന്ന വില്‍പ്പനക്കാരനെ എ ബി വി പി പ്രവര്‍ത്തകര്‍ രാമനവമി ദിനമാണിതെന്നു പറഞ്ഞ് ഭയപ്പെടുത്തി തിരിച്ചയക്കുകയും ഹോസ്റ്റലില്‍ അന്ന് സസ്യാഹാരം മാത്രം വിളമ്പിയാല്‍ മതിയെന്ന് മെസ്സ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഇവിടെ പ്രശ്നത്തിന്റെ തുടക്കം. ഇതിനെ മറ്റ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു. പിന്നീട് രാത്രി സംഘടിച്ചുവന്ന എ ബി വി പി വിദ്യാര്‍ഥികളും സംഘ് പ്രവര്‍ത്തകരും ഹോസ്റ്റലില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 16 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. എല്ലാ വര്‍ഷവും കാവേരി ഹോസ്റ്റലിനു സമീപം നടത്തിവരാറുള്ള രാമനവമി പൂജ ഇടതു വിദ്യാര്‍ഥികള്‍ തടഞ്ഞതാണ് അക്രമം ഉടലെടുക്കാന്‍ കാരണമെന്നാണ് എ ബി വി പിക്കാരുടെ ന്യായീകരണം. എന്നാല്‍ പൂജ ഹോസ്റ്റലില്‍ വൈകുന്നേരം ആറിനാണ് നടന്നത്. അക്രമം രാത്രിയിലും. പൂജയുമായി ഈ അക്രമത്തിന് ഒരു ബന്ധവുമില്ലെന്നാണ് മറ്റു വിദ്യാര്‍ഥികള്‍ പറയുന്നത്. പ്രശ്നത്തില്‍ ജെ എന്‍ യു അഡ്മിനിസ്ട്രേഷനും ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ഡല്‍ഹി പോലീസും സംഘ്പരിവാറിനു സഹായകമായ നിലപാടാണ് സ്വീകരിച്ചത്.
ശ്രീരാമന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് രാമനവമി ദിനത്തില്‍ ഘോഷയാത്രകള്‍ നടത്തുന്നത്. ഈ യാത്രയും മറ്റു ഹിന്ദുത്വ ആഘോഷങ്ങളും ഇതര മതവിഭാഗങ്ങള്‍ക്കെതിരെ വിശേഷിച്ചും മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനും ആക്രമണം നടത്താനുമാണ് അടുത്ത കാലത്തായി സംഘ്പരിവാര്‍ ഉപയോഗപ്പെടുത്തുന്നത്. മുസ്ലിംകള്‍ക്കെതിരെയുള്ള കലാപത്തിന് കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയാണവര്‍. ഗുജറാത്തിലും യു പിയിലെ മുസഫര്‍ നഗറിലും പൗരത്വനിയമ ഭേദഗതി വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലും നടന്ന കലാപത്തിന്റെയും അക്രമത്തിന്റെയും മറ്റൊരു മുഖമാണ് രാമനവമി ദിനത്തില്‍ രാജ്യത്തെങ്ങും കണ്ടത്. വംശീയ ഉന്മൂലനം നേരത്തേ സംഘ്പരിവാറിനു ഹിഡന്‍ അജന്‍ഡയായിരുന്നുവെങ്കില്‍ ഇപ്പോള്‍ പരസ്യ ആഹ്വാനം തന്നെ നടത്തിയാണ് അവര്‍ രംഗത്തുവരുന്നത്. ‘മ്യാന്മറിനെപ്പോലെ, ഇന്ത്യയിലും ഓരോ ഹിന്ദുവും നമ്മുടെ പോലീസും രാഷ്ട്രീയക്കാരും സൈന്യവും ആയുധമെടുത്ത് മുസ്ലിം വംശീയ ഉന്മൂലനം നടത്തണ’മെന്നാണല്ലോ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കഴിഞ്ഞ ഡിസംബര്‍ 16ന് സംഘടിപ്പിച്ച ‘ധര്‍മ സന്‍സദി’ല്‍ ഹിന്ദുത്വ സന്യാസികള്‍ പരസ്യമായി ആഹ്വാനം ചെയ്തത്. കേന്ദ്ര സര്‍ക്കാറും ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളും ഇത്തരം തീവ്രഹിന്ദുത്വ ഫാസിസ നിലപാടുകള്‍ക്കും വംശീയ ഉന്മൂലന ശ്രമത്തിനും അനുകൂലമായ നയം സ്വീകരിക്കുകയും ചെയ്യുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടിയ പോലെ, ജുഡീഷ്യറി ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുകയും ചെയ്യുന്നു. ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ഈ ജനാധിപത്യ വിരുദ്ധമായ നിലപാടുകളാണ് ഹിന്ദുത്വര്‍ക്ക് രാജ്യത്ത് അഴിഞ്ഞാടാന്‍ പ്രോത്സാഹനവും ധൈര്യവും പകരുന്നത്.
source https://www.sirajlive.com/who-dares-to-dismantle-the-sangh-parivar.html
Post a Comment