യുദ്ധനിയമങ്ങള്‍ കാറ്റില്‍ പറത്തി റഷ്യ

മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന കൊടും ക്രൂരതകളുടെ വാര്‍ത്തകളാണ് യുക്രൈനിലെ യുദ്ധ ഭൂമിയില്‍ നിന്ന് അടുത്ത ദിവസങ്ങളിലായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. റഷ്യന്‍ സൈന്യം നിരപരാധികളെ വെടിവെച്ചു കൊല്ലുന്നതിന്റെയും ബാലികമാര്‍ ഉള്‍പ്പെടെ യുക്രൈന്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെയും സ്വത്തുകള്‍ കൊള്ളയടിക്കുന്നതിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍. യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപത്തെ ബുച്ചയില്‍ നിന്ന് മാത്രമായി നൂറുകണക്കിനു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കീവ് നഗരം പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ട റഷ്യ, കഴിഞ്ഞ ദിവസങ്ങളില്‍ ബുച്ച ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ തിരിച്ചു വിളിച്ചിരുന്നു. സൈനികരുടെ പിന്മാറ്റത്തിന് പിന്നാലെ യുക്രൈന്‍ ഉദ്യോഗസ്ഥര്‍ മേഖലകളിലേക്കു തിരിച്ചെത്തിയതോടെയാണ് തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണാനായതും റഷ്യന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ പുറത്തറിഞ്ഞതും.

ബുച്ചയില്‍ നിന്ന് 410 പൗരന്മാരുടെ മൃദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തത്. മിഖായീല്‍ പലിന്‍ചാക് എന്ന ഫോട്ടോഗ്രാഫര്‍ തെരുവുകളില്‍ നിരവധി സാധാരണക്കാരുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെയും പൗരന്മാരുടെ വാഹനങ്ങള്‍ അഗ്‌നിക്കിരയായതിന്റെയും ദൃശ്യങ്ങള്‍ പുറംലോകത്തെത്തിക്കുകയുണ്ടായി. റഷ്യന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിനു പിന്നാലെ യുക്രൈനിയന്‍ നഗരങ്ങളില്‍ സാധാരണ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഞെട്ടിപ്പിച്ചുവെന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇതേക്കുറിച്ച് പ്രതികരിച്ചത്. സംഭവത്തില്‍ സ്വതന്ത്രമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിരോധിക്കാന്‍ ശേഷിയോ ആയുധങ്ങളോ ഇല്ലാത്ത നിരപരാധികളായ സാധാരണക്കാരാണ് റഷ്യന്‍ സൈന്യത്തിന്റെ തോക്കിനിരയായവരില്‍ ബഹുഭൂരിഭാഗവുമെന്ന് ബുച്ച മേയര്‍ അനറ്റോലി ഫെഡോറുക്ക് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് വെളിപ്പെടുത്തി. പിറകില്‍ നിന്ന് തലക്കു വെടിവെച്ചാണ് മിക്ക പേരെയും കൊലപ്പെടുത്തിയത്. നിരായുധരാണെന്നറിയിക്കുന്ന വെളുത്ത ബാന്‍ഡേജുകള്‍ യുക്രൈന്‍ പൗരന്മാര്‍ ശരീരത്തില്‍ ധരിച്ചിരുന്നുവെങ്കിലും അത് വകവെക്കാതെ 14 വയസ്സുള്ള കുട്ടിയെ അടക്കം റഷ്യന്‍ ഭടന്മാര്‍ പ്രകോപനമില്ലാതെ വെടിവെച്ചു കൊന്നതായും അനറ്റോലി ഫെഡോറുക്ക് പറയുന്നു.

റഷ്യന്‍ സൈന്യത്തിന്റെ ക്രൂരതക്ക് തങ്ങള്‍ ഏതുനേരവും ഇരയാകാമെന്നു മനസ്സിലാക്കിയ യുക്രൈന്‍ വീട്ടമ്മമാര്‍, തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും വിലാസവും എഴുതിയൊട്ടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മക്കളെ സ്വീകരിക്കാന്‍ ആരെങ്കിലും തയ്യാറാകണമെന്ന അഭ്യര്‍ഥനയോടെയാണ് സാഷ മകോവി എന്ന സ്ത്രീ തന്റെ കുഞ്ഞിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പേര്, ജനന തീയതി, കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കുട്ടിയുടെ പുറത്ത് എഴുതിവെച്ചിട്ടുണ്ട് ഇവര്‍. ഹൃദയഭേദകമായ കാഴ്ചയാണിതെന്നും യുദ്ധത്തിന്റെ ഭീകരതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നുമുള്ള അടിക്കുറിപ്പോടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ ഫോട്ടോകള്‍ പങ്ക് വെക്കുന്നു. റഷ്യന്‍ സൈന്യം യുക്രൈന്‍ കുഞ്ഞുങ്ങളെ യുദ്ധമുഖത്ത് മനുഷ്യ കവചമാക്കുന്നതായി ‘ദി ഗാര്‍ഡിയന്‍’ പത്രം നേരത്തേ റിപോര്‍ട്ട് ചെയ്തതാണ്. യുക്രൈന്‍ സേനയുടെ പ്രത്യാക്രമണം തടയാന്‍ യുദ്ധടാങ്കുകള്‍ക്കു മുന്നില്‍ യുക്രൈന്‍ കുഞ്ഞുങ്ങളെ കുത്തിനിറച്ച ബസുകള്‍ ഓടിച്ചാണത്രെ റഷ്യന്‍ സൈനികര്‍ വിവിധ നഗരങ്ങളിലേക്ക് നീങ്ങുന്നത്.

യുക്രൈന്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാക്കുന്നതിന്റെ വിവരങ്ങളും ധാരാളമായി വെളിച്ചത്തു വരുന്നുണ്ട്. റഷ്യന്‍ സൈനികര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തതായും കുട്ടികളുടെ മുമ്പില്‍ വെച്ച് പോലും പീഡിപ്പിച്ചതായും സ്ത്രീകള്‍ പോലീസിനോടും മാധ്യമ പ്രവര്‍ത്തകരോടും മനുഷ്യാവകാശ സംഘടനകളോടും തുറന്നു പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കീവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ പുതപ്പ് കൊണ്ട് മൂടിയിട്ടിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. പൂര്‍ണ നഗ്‌നരായ ഈ സ്ത്രീകളുടെ ശരീരം പാതി കത്തിച്ച നിലയിലായിരുന്നു. ബലാത്സംഗം ചെയ്തു കൊന്ന ശേഷം സൈനികര്‍ ഇവരെ കത്തിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. റഷ്യ കീവിന്റെ പരിസര പ്രദേശങ്ങള്‍ പിടിച്ചെടുത്ത ഘട്ടത്തില്‍ സഹായം അഭ്യര്‍ഥിച്ച് നിരവധി സ്ത്രീകള്‍ ഹോട്ട്ലൈനില്‍ ബന്ധപ്പെട്ടിരുന്നതായും എന്നാല്‍ യുദ്ധം കൊടുമ്പിരിക്കൊണ്ട വേളയില്‍ അവരെ നേരിട്ടു ബന്ധപ്പെടാനോ സഹായിക്കാനോ കഴിഞ്ഞില്ലെന്നും ബലാത്സംഗ ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ലാ സ്ട്രാഡ യുക്രൈന്‍ അധ്യക്ഷ പറയുന്നു.

യുദ്ധത്തിനുമുണ്ട് ചില മര്യാദകളും നിയമങ്ങളും. കണ്ണില്‍ കണ്ടവരെയൊക്കെ കൊന്നൊടുക്കാനും സ്ത്രീകളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യാനുമുള്ള ഒരവസരമായി യുദ്ധത്തെ ഉപയോഗപ്പെടുത്തരുതെന്നാണ് ജനീവ കരാര്‍ ഉള്‍പ്പെടെ എല്ലാ യുദ്ധ നിയമങ്ങളും അനുശാസിക്കുന്നത്. ഇസ്ലാമിക യുദ്ധ നിയമങ്ങളാണ് ഈ ഗണത്തില്‍ ഏറ്റവും മാനുഷികവും ധാര്‍മികവും. ഒരു യുദ്ധത്തിലേക്ക് സൈന്യത്തെ അയക്കുമ്പോള്‍ ഖലീഫ അബൂബക്കര്‍ സിദ്ദീഖ് നല്‍കിയ ഉപദേശങ്ങള്‍ ശ്രദ്ധേയമാണ്. ‘നിങ്ങള്‍ സ്ത്രീകളെയോ കുട്ടികളെയോ വൃദ്ധരെയോ അക്രമിക്കുകയോ വധിക്കുകയോ അരുത്. ഫലവൃക്ഷങ്ങള്‍ മുറിക്കുകയോ വീടുകള്‍ നശിപ്പിക്കുകയോ ചെയ്യരുത്. ഭക്ഷ്യാവശ്യത്തിനല്ലാതെ മൃഗങ്ങളെ കൊല്ലരുത്’. പ്രതിരോധത്തിനു വേണ്ടിയല്ലാതെ ആരെയും അകാരണമായി ആക്രമിക്കരുതെന്നാണ് ഇസ്ലാമിന്റെ ശാസന. യുദ്ധമുതല്‍ മോഷ്ടിക്കുകയോ ചിത്രവധം ചെയ്യുകയോ അരുതെന്നും ഇസ്ലാം കല്‍പ്പിക്കുന്നു. എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തുന്നതാണ് ഇന്ന് നടക്കുന്ന യുദ്ധങ്ങളത്രയും. ഇത് ചോദ്യം ചെയ്യുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ട അന്താരാഷ്ട്ര കോടതി നോക്കുകുത്തികളായി അവശേഷിക്കുന്നു.

 



source https://www.sirajlive.com/russia-blows-up-the-laws-of-war.html

Post a Comment

أحدث أقدم