ആശിഷ് മിശ്ര വീണ്ടും ജയിലിലേക്ക്

ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാറിനു തിരിച്ചടിയാണ് ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി വിധി. ആശിഷിനു അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് ലഖിംപുര്‍ ഖേരി കൂട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഉത്തര്‍ പ്രദേശ് സര്‍ക്കാറിനോട് ആവര്‍ത്തിച്ചു ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിനു വിസമ്മതിക്കുകയായിരുന്നു. വാഹനമിടിച്ചു മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ജാമ്യം സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയത്.
അനാവശ്യ തിടുക്കവും പരിഗണനകളും നല്‍കിയാണ് ആശിഷ് മിശ്രക്ക് അലഹബാദ് കോടതി ജാമ്യം നല്‍കിയതെന്നാണ് സുപ്രീം കോടതി നിരീക്ഷണം. പരാതിക്കാരുടെ വാദം കേള്‍ക്കാതെയും തികച്ചും അപ്രസക്തമായ വസ്തുതകള്‍ കണക്കിലെടുത്തും പോലീസ് ഹാജരാക്കിയ എഫ് ഐ ആറിനെ പരമമായ സത്യമായി കണ്ടുമാണ് ഹൈക്കോടതി നടപടി. ജാമ്യം എതിര്‍ത്തും കോടതിയില്‍ വാദം ഉന്നയിക്കാന്‍, പരാതിക്കാര്‍ക്ക് നിയമപരമായ അവകാശം ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വസ്തുതകള്‍ കണക്കിലെടുത്ത് ഇരകള്‍ക്ക് അര്‍ഹമായ പരിഗണനകള്‍ നല്‍കുകയും അവരുടെ വാദം കേള്‍ക്കുകയും ചെയ്ത ശേഷം ആശിഷ് മിശ്രയുടെ ജാമ്യം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടാണ് ജാമ്യം സുപ്രീം കോടതി റദ്ദാക്കിയത്. ഒരാഴ്ചക്കകം ആശിഷ് മിശ്ര കീഴടങ്ങണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോലി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. കേസിന്റെ തുടര്‍ നടപടികളില്‍ മിശ്രക്കു ജാമ്യം നല്‍കിയാലും ഇല്ലെങ്കിലും ഇരകളുടെ കുടുംബങ്ങള്‍ക്ക് പറയാനുള്ളതു കേട്ട ശേഷം മാത്രം മതി ഇനിയുള്ള ഉത്തരവുകളെന്നും ഹൈക്കോടതിയെ സുപ്രീം കോടതി ഉണര്‍ത്തി.
ഒരാള്‍ക്കു വെടിയേറ്റെന്ന എഫ് ഐ ആര്‍ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നല്‍കിയതെന്നും വിപുലമായ കുറ്റപത്രം കോടതി പരിഗണിച്ചില്ലെന്നും ഇരകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ വാദം സുപ്രീം കോടതി പരിഗണിക്കുകയുണ്ടായി. ആശിഷ് മിശ്രക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഗുരുതരമെങ്കിലും അദ്ദേഹം രാജ്യം വിടുമെന്ന ഭീഷണിയില്ലാത്തതിനാല്‍ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന നിലപാടാണ് യു പി സര്‍ക്കാര്‍ സ്വീകരിച്ചത്. സുപ്രീം കോടതി അത് മുഖവിലക്കെടുത്തില്ല. ജാമ്യഹരജി വീണ്ടും ഹൈക്കോടതിയില്‍ എത്തുമ്പോള്‍, മറ്റൊരു ബഞ്ചിന് കൈമാറാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടണമെന്ന ഇരകളുടെ അഭിഭാഷകരുടെ ആവശ്യത്തോട്, അത്തരമൊരു ഉത്തരവിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പ്രതികരണം.

2020 ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാദമായ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തര്‍ പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയുടെ നേതൃത്വത്തിലുള്ള വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ടു. സംഭവം അവിചാരിതമല്ലെന്നും മനപ്പൂര്‍വവും കരുതിക്കൂട്ടിയുമാണ് വാഹനവ്യൂഹം കര്‍ഷകക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരേ വെടിയുതിര്‍ത്തതായും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം സംഭവ സമയത്ത് എസ്‌യുവിലോ (ആശിഷ് മിശ്ര സഞ്ചരിച്ചതായി പറയപ്പെടുന്ന വാഹനം) ലഖിംപുര്‍ ഖേരിയില്‍ തന്നെയോ ആശിഷ് ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹവും പിതാവ് അജയ് മിശ്രയും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത്. തുടക്കത്തില്‍ കേസന്വേഷിച്ച യു പി പോലീസ് സംഘവും ആശിഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. വാഹനം മനപ്പൂര്‍വം ഇടിച്ചു കയറ്റിയതല്ല, അതൊരു അപകടമായിരുന്നുവെന്ന തരത്തിലാണ് ആദ്യത്തെ അന്വേഷണ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊലപ്പെടുത്താന്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന, സംഭവത്തെക്കുറിച്ചന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) പരാമര്‍ശം തുടക്കത്തില്‍ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ആരോപിക്കപ്പെടുന്നു. സുപ്രീം കോടതി ഇടപെടുകയും ശക്തമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത ശേഷമാണ് പോലീസ് കുറേയെങ്കിലും നേര്‍രീതിയില്‍ വന്നത്. ജാമ്യാപേക്ഷ കൈകാര്യം ചെയ്ത അലഹബാദ് ഹൈക്കോടതിയും പ്രതികളുടെ വാദങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നതിനാല്‍ ഡ്രൈവര്‍ സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനായി വാഹനത്തിന്റെ വേഗത കൂട്ടിയതു കൊണ്ടായിരിക്കാം സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയതെന്നാണ് ഹൈക്കോടതിയുടെ പക്ഷം. കര്‍ഷകര്‍ക്കെതിരെ വാഹനം ഇടിച്ചുകയറ്റാന്‍ പ്രേരിപ്പിച്ചെന്ന ആരോപണം ആശിഷ് മിശ്രക്കെതിരെ ഉണ്ടെങ്കിലും, ഡ്രൈവറെയും രണ്ട് യാത്രക്കാരെയും കൊലപ്പെടുത്തിയത് സമരക്കാരാണെന്ന ആരോപണം നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികളെ രക്ഷിക്കാനുള്ള വ്യഗ്രതയല്ലേ ഹൈക്കോടതി ഉത്തരവില്‍ പ്രകടമാകുന്നതെന്ന് സന്ദേഹിക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ ബന്ധുക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പരമോന്നത കോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍, “തുമ്പില്ലാതെ’ തള്ളപ്പെടുന്നവയുടെ ഗണത്തില്‍ പെടുമായിരുന്നു ഈ കേസും.



source https://www.sirajlive.com/ashish-mishra-jailed-again.html

Post a Comment

Previous Post Next Post