ഭാഷാ അജൻഡയുമായി വീണ്ടും അമിത് ഷാ

വെള്ളിയാഴ്ച പാർലിമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന വീണ്ടുമൊരു ഹിന്ദി വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ്. വിവിധ സംസ്ഥാനങ്ങളിലുള്ളവർ പരസ്പരം സംവദിക്കുന്നത് ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്. പ്രാദേശിക ഭാഷകൾക്ക് പകരമായല്ല, മറിച്ചു ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന. സർക്കാർ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ ഐക്യത്തിന് സർക്കാർ ഭാഷ ഹിന്ദിയാക്കേണ്ടത് അനിവാര്യമാണെന്നും ഷാ കൂട്ടിച്ചേർത്തു.

കർണാടക മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ, അമിത്ഷായുടെ ഈ പ്രസതാവനക്കെതിരെ രൂക്ഷവിമർശവുമായി രംഗത്തു വന്നിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും “സാംസ്‌കാരിക തീവ്രവാദം’ അഴിച്ചുവിടുകയാണ് ബി ജെ പിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അങ്ങനെയാക്കാൻ ഞങ്ങൾ സമ്മതിക്കുകയുമില്ല. ബഹുസ്വരതയാണ് ഇന്ത്യയെ എക്കാലവും ഒന്നിച്ചു നിർത്തിയത്. ഭാഷാ വൈവിധ്യമാണ് രാജ്യം ഇക്കാലമത്രയും തുടർന്നു വന്നത്. അത് ഇല്ലാതാക്കാനുള്ള ബി ജെ പിയുടെ എല്ലാ ശ്രമത്തേയും ശക്തമായി എതിർക്കും.സവർക്കറിനെപ്പോലുള്ള കപട ദേശീയവാദികളിൽ നിന്നാണ് ബി ജെ പിയുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉരുത്തിരിഞ്ഞത്. ഇത്തരം സങ്കുചിത കാഴ്ചപ്പാടുകൾ പർട്ടി തിരുത്തേണ്ടതുണ്ട്. സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

നേരത്തേ 2019 സെപ്തംബർ 14നു ദേശീയ ഹിന്ദി ദിനത്തിൽ അമിത്ഷാ നടത്തിയ “ഒരു രാഷ്ട്രം ഒരു ഭാഷ’ പ്രയോഗവും വ്യാപകമായ പ്രതിഷേധമുയർത്തിയിരുന്നു. രാജ്യത്തിന് ഒരു ഭാഷവേണം. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയായ ഹിന്ദിക്കേ രാജ്യത്തെ ഏകീകരിക്കാൻ കഴിയൂ എന്നായിരുന്നു അന്ന് അമിത്ഷാ പറഞ്ഞത്. കോൺഗ്രസ്സ്, സി പി എം, സി പി ഐ, ഡി എം കെ, ജെ ഡി(എസ്) തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയകക്ഷി നേതാക്കളും അമിത്ഷാക്കെതിരെ രംഗത്തു വന്നു. ഷായുടെ വാദം ശുദ്ധ ഭോഷ്‌ക്കും പെറ്റമ്മയെപോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന ഇതരഭാഷക്കാരുടെ ഹൃദയ വികാരത്തിന് നേരെയുള്ള യുദ്ധപ്രഖ്യാപനവുമാണെന്നാണ് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. അറുപതുകളിൽ ഹിന്ദിക്കെതിരെ നടന്ന ദ്രാവിഡ പ്രക്ഷോഭം മറക്കരുതെന്ന് ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ മോദി സർക്കാറിനെ ഓർമിപ്പിച്ചു. തമിഴ്‌നാട്ടിലെ അന്നത്തെ ഹിന്ദിവിരുദ്ധ പ്രക്ഷോഭമാണ് സംസ്ഥാനത്ത് കോൺഗ്രസ്സിന്റെ തകർച്ചക്കും ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിനും വഴിവെച്ചത്. ഭാഷാപ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഡി എം കെ ചരിത്ര വിജയമാണ് പിന്നീട് തിരഞ്ഞെടുപ്പിൽ നേടിയത്. കോൺഗ്രസ്സിന് പിന്നീടൊരിക്കലും തമിഴ്നാട്ടിൽ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടുമില്ല.

ഹിന്ദി ദേശീയ ഭാഷയാക്കുന്നതു സംബന്ധിച്ചു ഭരണഘടനാ നിർമാണ സഭ ചർച്ചകൾ നടത്തുകയും ആ അഭിപ്രായം അന്നു തള്ളിക്കളയുകയും ചെയ്തതാണ്. എങ്കിലും ബി ജെ പിയും ആർ എസ് എസും ഇതൊരു രാഷ്ട്രീയ അജൻഡയായി ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. ബി ജെ പിയുടെ പഴയകാല പതിപ്പായ ഭാരതീയ ജനസംഘത്തിന്റെ മുദ്രാവാക്യം തന്നെ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാനി എന്നതായിരുന്നു. രൂപവത്കരണ കാലം തൊട്ടേ ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന ആവശ്യം ആർ എസ് എസ് മുന്നോട്ടു വെക്കുന്നുണ്ട്. തെക്കെ ഇന്ത്യയിൽ സ്വാധീനം ഉറപ്പിക്കുന്നതിനു വിഘതമാകുമെന്നതു കൊണ്ടാണ് ഇക്കാലമത്രയും ഭാഷാപ്രശ്നം അവർ അത്ര ശക്തമായി ഉന്നയിക്കാതിരുന്നത്. ഇപ്പോൾ രാഷ്ട്രീയമായി ശക്തരായെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ അവരുടെ മൗലിക നയങ്ങളിലേക്ക് തിരിച്ചുപോകുന്നതിന്റെ സൂചനയാണ് ഭാഷാവിഷയത്തിൽ സഷ്ടിക്കുന്ന വിവാദവും നടപടികളുമെന്നാണ് ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ പക്ഷം.

2014-ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതുതൊട്ടു തന്നെ ഹിന്ദിയെ രാഷ്ട്ര ഭാഷയാക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക കത്തിടപാടുകളിലും ഫയലിൽ നോട്ട് കുറിക്കുമ്പോഴും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലും ഹിന്ദി മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികാരമേറ്റ് രണ്ടാഴ്ചക്കകം, 2014 ജൂണിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മെമ്മോ നൽകിയാണ് ഇതിന് തുടക്കമിട്ടത്. കൂടുതൽ ഹിന്ദി ഉപയോഗിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ രാഷ്ട്രപതി, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക ചടങ്ങുകളിൽ ഹിന്ദി മാത്രമേ സംസാരിക്കാവൂ എന്നും ഔദ്യോഗിക പ്രസ്താവനകൾ ഹിന്ദിയിലേ നടത്താവൂ എന്നും ഉത്തരവ് വന്നു. വിമാനങ്ങളിലും മറ്റും നടത്തുന്ന അനൗൺസ്മെന്റുകൾ ആദ്യം ഹിന്ദിയിലായിരിക്കണമെന്ന നിർദേശവും നൽകപ്പെട്ടു. വിദ്യാഭ്യാസ നയത്തിന്റെ കരടിൽ, ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉൾപ്പെടുന്ന ത്രിഭാഷാ പദ്ധതി പ്രഖ്യാപനത്തിലൂടെ നിർബന്ധമായും ഹിന്ദി പഠിക്കണമെന്ന നിർദേശം കൊണ്ടു വന്നെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് പിന്നീട് ഇത് തിരുത്തി.

ഫാസിസ്റ്റ് അജൻഡയാണ് രാഷ്ട്രത്തിന് ഏക ഭാഷ എന്നത.്‌ സാംസ്‌കാരിക അധീശത്വം കൈവരിക്കുക എന്ന അജൻഡയുടെ പ്രത്യക്ഷമായ ഇടപെടൽ.അധിനിവേശത്തിന്റെ, അടിച്ചേൽപ്പിക്കലിന്റെ മറ്റൊരു മുഖം. ഹിന്ദി സംസാരിക്കുന്നവരെ ഒന്നാം തരം പൗരരും അല്ലാത്തവരെ രണ്ടാം തരക്കാരുമായി മാറ്റിയെടുക്കാനുള്ള നീക്കം. ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദി മാത്രം സംസാരിക്കുന്ന ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പ്. രാഷ്ട്രത്തിന്റെ ഐക്യം സംരക്ഷിക്കപ്പെടുന്നതിന് പകരം അതിന്റെ ശിഥിലീകരണത്തിലേക്കാണ് ഇത് നയിക്കുക. ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട് ഈ ഫാസിസ്റ്റ് അജൻഡക്കെതിരെ.



source https://www.sirajlive.com/amit-shah-again-with-language-agenda.html

Post a Comment

Previous Post Next Post