ചെറുകിട ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ക്കും കാര്‍ഷിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി നിരക്കില്‍ വന്‍ ഇളവുകളാണ് പല സംസ്ഥാനങ്ങളും നല്‍കി വരുന്നത്. പഞ്ചാബില്‍ പുതുതായി ഭരണത്തില്‍ വന്ന ആം ആദ്മി സര്‍ക്കാര്‍, ജൂലൈ ഒന്ന് മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ഹിമാചല്‍ പ്രദേശില്‍ 125 യൂനിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗവും കുടിവെള്ളവും സൗജന്യമാണ്. ഏപ്രില്‍ 16ന് ഹിമാചല്‍ ദിനത്തിലാണ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ ഇത് പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡിലും മാസത്തില്‍ നൂറ് യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി സൗജന്യമാക്കി. 100 മുതല്‍ 200 വരെ യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ട്. തമിഴ്നാട്ടില്‍ പ്രതിമാസം 30 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍, കാര്‍ഷിക കണക്്ഷനുകള്‍ എന്നിവക്ക് വൈദ്യുതി സൗജന്യമാണ.് നേരത്തേ ഇത് 20 യൂനിറ്റ് വരെയായിരുന്നു. സെപ്തംബറിലാണ് പരിധി 30 യൂനിറ്റാക്കി ഉയര്‍ത്തിയത്.
എന്നാല്‍ കേരളത്തില്‍ തുടര്‍ ഭരണത്തിന്റെ ഒന്നാം വര്‍ഷം ആഘോഷിക്കുന്ന ഇടതു സര്‍ക്കാര്‍ ഗാര്‍ഹിക വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള നീക്കത്തിലാണ്. നിരക്ക് വര്‍ധന വരുത്തി തയ്യാറാക്കിയ താരിഫ് പെറ്റീഷന്‍ അംഗീകാരത്തിനായി റെഗുലേറ്റര്‍ കമ്മീഷനു സമര്‍പ്പിച്ചിട്ടുണ്ട് കെ എസ് ഇ ബി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനം നിരക്ക് വര്‍ധന, ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനവും വര്‍ധന, ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂനിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയായും വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയുമായും ഉയര്‍ത്തുക എന്നിങ്ങനെയാണ് കെ എസ് ഇ ബിയുടെ ആവശ്യം. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെ ബോര്‍ഡിനു മുന്നോട്ടു പോകാനാകില്ലെന്നാണ് വകുപ്പ് മന്ത്രി കൃഷ്ണന്‍ കുട്ടി പറയുന്നത്. അത്രയുമേറെ കടബാധ്യതയുണ്ടത്രെ ബോര്‍ഡിന്.
ഇതോടൊപ്പം രാത്രികാല ഉപഭോഗം പീക്ക് അവറായി കണക്കാക്കി കൂടുതല്‍ നിരക്ക് ഈടാക്കാനുള്ള ശിപാര്‍ശയും സമര്‍പ്പിച്ചിട്ടുണ്ട് കെ എസ് ഇ ബി. വൈകുന്നേരം ആറ് മണി മുതലുള്ള ഉപഭോഗത്തിന് അധിക നിരക്ക് ഈടാക്കിയാല്‍ ആ സമയത്തുള്ള വൈദ്യുതി ഉപയോഗം കുറയുമെന്നും അതുവഴി ഉയര്‍ന്ന വിലക്ക് പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറക്കാനാകുമെന്നുമാണ് ബോര്‍ഡിന്റെ അവകാശവാദം. എന്നാല്‍ സാധാരണക്കാരന്‍ കാര്യമായി വൈദ്യുതി ഉപയോഗിക്കുന്നതും പാവപ്പെട്ടവരുടെ മക്കള്‍ സ്‌കൂള്‍ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതും ഈ സമയത്താണ്. പണക്കാര്‍ക്ക് സ്റ്റെപ്പ് അപ്പും ഇന്‍വര്‍ട്ടര്‍ സൗകര്യവും ഉണ്ടായിരിക്കും. സാധാരണക്കാര്‍ക്ക് കെ എസ് ഇ ബിയുടെ വൈദ്യുതി മാത്രമാണ് ആശ്രയം. രാത്രികാല അധിക നിരക്ക് അവര്‍ക്ക് ഇരുട്ടടിയായി മാറും.
കേരളത്തെ പോലെ കടത്തില്‍ മുങ്ങിക്കുളിച്ച സംസ്ഥാനമാണ് പഞ്ചാബും. കേരളത്തിന്റെ പൊതുകടം സര്‍ക്കാര്‍ കണക്കനുസരിച്ച് 2.94 ലക്ഷം കോടി രൂപയാണെങ്കില്‍, പഞ്ചാബിന്റേത് മൂന്ന് ലക്ഷം കോടി രൂപയാണ്. 300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയാല്‍ 5,000 കോടി രൂപ അധിക ബാധ്യത വരും പഞ്ചാബ് സര്‍ക്കാറിന്. എന്നിട്ടും അവര്‍ക്കെങ്ങനെ 300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കാന്‍ കഴിയുന്നു? വൈദ്യുതി സൗജന്യമായി നല്‍കുമ്പോള്‍ വൈദ്യുതി മോഷണവും ബില്ലിലെ കള്ളക്കളിയും കുറയും. ക്രമക്കേടുകള്‍ കണ്ടുപിടിക്കാന്‍ നിയോഗിക്കുന്ന ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറക്കാനാകും. ഇങ്ങനെ പ്രവര്‍ത്തനച്ചെലവ് കുറച്ചും വൈദ്യുതി വിതരണം ശാസ്ത്രീയമാക്കിയും നഷ്ടം കുറച്ച് അതിന്റെ നേട്ടം ജനങ്ങള്‍ക്ക് എത്തിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. കെ എസ് ഇ ബി മാനേജ്മെന്റും ജീവനക്കാരും മനസ്സുവെച്ചാല്‍ കേരളത്തിലും നടപ്പാക്കാകുന്നതേയുള്ളൂ ഇത്തരം ഇളവുകള്‍.
കുടിശ്ശിക കൃത്യമായി പിരിച്ചെടുത്താല്‍ തന്നെ ബോര്‍ഡിന്റെ നഷ്ടം വലിയൊരളവോളം കുറക്കാനും ഉപഭോക്താക്കളുടെ മേല്‍ ഭീമമായ നിരക്ക് വര്‍ധന അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാനുമാകും. ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കുടിശ്ശിക ഇനത്തില്‍ 2,117 കോടി രൂപ കെ എസ് ഇ ബിക്ക് കിട്ടാനുണ്ട്. ഇതില്‍ 1,023.76 കോടി സ്വകാര്യ സ്ഥാപനങ്ങളുടേതും 1,020.74 കോടി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടേതുമാണ്. സാധാരണക്കാരുടെ കുടിശ്ശിക കര്‍ശനമായി പിരിച്ചെടുക്കുന്ന ബോര്‍ഡ് വന്‍കിടക്കാരുടേത് പിരിച്ചെടുക്കുന്നതില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്.
മാത്രമല്ല, നിരക്കു വര്‍ധന ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച അപേക്ഷയില്‍ കാണിച്ച നഷ്ടത്തിന്റെ കണക്കുകള്‍ വ്യാജമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഹൈടെന്‍ഷന്‍ ആന്‍ഡ് എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസ്സോസിയേഷനാണ് കെ എസ് ഇ ബി റെഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ച രേഖയിലെയും ബോര്‍ഡിന്റെ ബജറ്റ് രേഖയിലെയും കണക്കുകളിലെ വൈരുധ്യങ്ങള്‍ എടുത്തുകാട്ടി ഈ കള്ളത്തരം പുറത്തുകൊണ്ടുവന്നത്. റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച രേഖകളില്‍ 2,852.58 കോടി രൂപയുടെ നഷ്ടം കാണിക്കുമ്പോള്‍, 2022-23ല്‍ ബോര്‍ഡിന് 496.20 കോടി രൂപ ലാഭമുണ്ടാകുമെന്നാണ് ബജറ്റ് രേഖയിലുള്ളത്. 2022-23ല്‍ വൈദ്യുതി വാങ്ങുന്നതിന് 9,854.32 കോടി രൂപയാണ് ബജറ്റില്‍ കാണിച്ചത്. ഇത് കമ്മീഷന് മുന്നിലെത്തിയപ്പോള്‍ 10,012.35 കോടി രൂപയായി ഉയര്‍ന്നു. കൂടാതെ 2021-22ല്‍ 2,588.88 ദശലക്ഷം യൂനിറ്റ് ജലവൈദ്യുതി അധികമായി ഉത്പാദിപ്പിക്കുക വഴി ആയിരം കോടിയില്‍ രൂപയിലേറെ അധിക വരുമാനമുണ്ടായിട്ടുണ്ട് ബോര്‍ഡിന്. ഈ അപ്രതീക്ഷിത വരുമാനവും കമ്മീഷനു സമര്‍പ്പിച്ച രേഖയിലില്ല. നിരക്കു വര്‍ധന അംഗീകരിച്ചു കിട്ടാന്‍ കമ്മീഷനു മുമ്പില്‍ ബോര്‍ഡ് നഷ്ടം പെരുപ്പിച്ചു കാണിക്കുകയാണെന്നാണ് അസ്സോസിയേഷന്‍ ആരോപിക്കുന്നത്.
source https://www.sirajlive.com/power-board-and-math-games.html
Post a Comment