1996ല്‍ അയ്യങ്കാളിപ്പട പാലക്കാട് കലക്ടറെ ബന്ധിയാക്കിയതിന്റെ കഥ പറയുന്ന ‘പട’ എന്ന സിനിമ സാമൂഹിക മണ്ഡലത്തില്‍ വലിയ രീതിയിലുള്ള സംവാദങ്ങള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്. ആദിവാസികള്‍ അനുഭവിക്കുന്ന തീക്ഷ്ണമായ വിവേചനങ്ങളും അധികാരി വര്‍ഗത്തിന്റെ നിസ്സംഗതയുമാണ് അവരെ പിന്നോട്ട് നയിച്ചത്. രാമചന്ദ്ര ഗുഹയുടെ ‘ജനാധിപത്യവാദികളും വിമതരും’ (വിവ. കെ സി വില്‍സന്‍) എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ ആദിവാസികളുടെ ദുരവസ്ഥയും പിന്നാക്കാവസ്ഥയും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രീയ-സാമൂഹിക ഇടങ്ങളില്‍ ‘വംശനാശത്തിന്റെ’ വക്കിലെത്തി നില്‍ക്കുന്ന ആദിവാസികളുടെ അവസ്ഥയുടെ കാരണങ്ങളും പരിഹാരങ്ങളും വ്യക്തമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭരണവര്‍ഗത്തിന്റെ കണ്ണില്‍ എന്നും പുറമ്പോക്കില്‍ പ്രതിഷ്ഠിക്കപ്പെട്ടവരാണ് ആദിവാസികള്‍. വിവേചനങ്ങളും അസ്ഥിവാരമിളക്കുന്ന കുടിയൊഴിപ്പിക്കലുമായി മാറിമാറിവരുന്ന സര്‍ക്കാറുകളെല്ലാം തന്നെ, സ്വാതന്ത്ര്യാനന്തരം നാളിതുവരെ അവരെ അക്രമിച്ചു പോന്നിട്ടുണ്ട്. ഉള്‍ക്കൊള്ളലിന്റെ ജനാധിപത്യത്തില്‍ ഒരിക്കല്‍ പോലും നാം ആദിവാസികളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കൊളോണിയല്‍ കാലഘട്ടം മുതല്‍ക്ക് തന്നെ അനുഭവിച്ചു വന്ന വിവേചനങ്ങള്‍ ഇന്നും അതേപടി തുടരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷക്കും നിരാശയായിരുന്നു ഫലം. 1946 ഡിസംബര്‍ പതിമൂന്നാം തീയതി ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ ജയ്പാല്‍ സിംഗ് നടത്തിയ പ്രസംഗം സ്വതന്ത്ര ഇന്ത്യയില്‍ ആദിവാസികള്‍ക്കും മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെയായിരുന്നു. ‘ഇന്ത്യന്‍ ജനതയില്‍ പെടുന്ന ഏതെങ്കിലും ഒരു വിഭാഗത്തോട് ഹീനമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ ജനതയോടാണ്. കഴിഞ്ഞ 6,000 വര്‍ഷങ്ങളായി അവരോടുള്ള പെരുമാറ്റം ഹീനമാണ്. അവഗണനയാണ് അവര്‍ക്ക് ലഭിച്ചിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ ഇരിക്കുന്ന നിങ്ങളില്‍ അധികവും അതിക്രമിച്ചെത്തിയവരാണ്. എന്റെ ജനതയെ സിന്ധു നദീതടത്തില്‍ നിന്ന് കാടുകളിലേക്ക് തുരത്തിയത് നിങ്ങളാണ്. എന്റെ ജനതയുടെ മുഴുവന്‍ ചരിത്രവും ഇന്ത്യയിലെ ദേശവാസികളല്ലാത്തവര്‍ ഞങ്ങളെ തുടര്‍ച്ചയായി ചൂഷണം ചെയ്തതിന്റെയും ഞങ്ങളുടെ സ്വത്ത് അപഹരിച്ചതിന്റെയും ചരിത്രമാണ്. ഇടക്കിടക്ക് വിപ്ലവങ്ങളും കുഴപ്പങ്ങളും ഉണ്ടായി. എന്നാലും ഞാനിപ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും അവസര സമത്വം ഉള്ളതും ആരും അവഗണിക്കപ്പെടാത്തതുമായ ഒരു പുതിയ അധ്യായം തുറക്കാന്‍ പോകുകയാണ് എന്ന് നിങ്ങള്‍ എല്ലാവരും പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു’- ഇത്രയുമായിരുന്നു പ്രസംഗത്തിലെ പ്രധാന ഭാഗം. പക്ഷേ, ആ ഉറപ്പ് നാളിതുവരെ പുലര്‍ന്നിട്ടില്ല. ഇന്നും വ്യാമോഹമായിത്തന്നെ നിലനില്‍ക്കുന്നു. പരമ്പരാഗതമായി വനമേഖലയില്‍ താമസിക്കുന്നവരാണ് ആദിവാസികള്‍. അതുകൊണ്ടുതന്നെ കുടിയൊഴിപ്പിക്കലാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്നം. രാമചന്ദ്ര ഗുഹയുടെ അഭിപ്രായത്തില്‍ രണ്ട് രീതിയിലാണ് സ്റ്റേറ്റ് ആദിവാസികളുടെ ഭൂമി കവര്‍ന്നെടുക്കുന്നത്. വികസനത്തിന്റെ പേരിലും, മറ്റൊന്ന് വനസംരക്ഷണം/വന്യമൃഗ സംരക്ഷണത്തിന്റെ പേരിലും. സര്‍ക്കാര്‍ നയങ്ങളുടെ ഫലമായി ജന്മഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരില്‍ 40 ശതമാനവും ആദിവാസികളാണെന്നാണ് സാമൂഹിക ശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ ഫെര്‍ണാണ്ടസിന്റെ കണക്ക്. ഇന്ത്യയിലെ ജനസംഖ്യയില്‍ എട്ട് ശതമാനവും ആദിവാസികള്‍ ആയതുകൊണ്ട് വികസനത്തിന്റെയും വനസംരക്ഷണത്തിന്റെയും പേരില്‍ കുടിയിറക്കപ്പെടാനുള്ള സാധ്യത ആദിവാസികള്‍ക്ക് ആദിവാസികള്‍ അല്ലാത്തവരേക്കാള്‍ ഇരട്ടി കൂടുതലാണ് എന്നര്‍ഥം.
ഭരണഘടനയുടെ 5, 6 ഷെഡ്യൂളുകളില്‍ ആദിവാസികള്‍ ഭൂരിപക്ഷമുള്ള ജില്ലകളില്‍ വലിയ അളവില്‍ സ്വയംഭരണം അനുവദിക്കുന്നതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇന്നും അത് ഫലവത്തായി നടപ്പാക്കപ്പെട്ടിട്ടില്ല എന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമായി മനസ്സിലാകും. ആദിവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ സ്ഥാപിതമായ ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗം ജനങ്ങള്‍ ആദിവാസികളല്ലാത്തവരാണ്. ഭരണഘടനാ ഷെഡ്യൂളുകള്‍ പ്രകാരം വനവാസ മേഖലകളിലെ ഭൂമിയില്‍നിന്ന് കണ്ടെടുക്കുന്ന ധാതുക്കളുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം പ്രാദേശിക കൗണ്‍സിലുകള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ അതില്‍ നിന്ന് ഒരു പൈസ പോലും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. രാമചന്ദ്രഗുഹ ആദിവാസികള്‍ അനുഭവിക്കുന്ന ഒമ്പത് ദുരന്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതില്‍ പ്രധാനമായും ഇരുമ്പ്, ബോക്സൈറ്റ് അയിരുകള്‍ എന്നിവ കൂടുതലായും ആദിവാസി മേഖലകളില്‍ കാണപ്പെടുന്നത് കുടിയിറക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയേകുന്നു എന്നതാണ്. രാജ്യം വ്യവസായവത്കരിക്കപ്പെടുമ്പോള്‍ ആദിവാസികള്‍ക്ക് വനത്തിലെ വാസസ്ഥലം നഷ്ടപ്പെടുന്നു. അണക്കെട്ടുകളുടെ നിര്‍മാണവും വലിയൊരു വെല്ലുവിളിയാണ്. നര്‍മദ സരോവര്‍ പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ആദിവാസികളാണ് കുടിയിറക്കപ്പെട്ടത്. പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടത്തിലും ഇങ്ങനെ ആയിരക്കണക്കിന് പേര്‍ക്കാണ് തങ്ങളുടെ വീടും സ്ഥലവും ഇട്ടേച്ച് പോകേണ്ടി വന്നത്. അംബേദ്കറെ പോലെയുള്ള സ്വാധീന ശേഷിയുള്ള ഒരു നേതാവിന്റെ അഭാവമാണ് ആദിവാസികള്‍ അനുഭവിക്കുന്ന മറ്റൊരു ദുരന്തം എന്ന് ഗുഹ സൂചിപ്പിക്കുന്നു. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്നത് ചില മലമ്പ്രദേശങ്ങളില്‍ മാത്രമായതുകൊണ്ട് രാഷ്ട്രീയ വര്‍ഗം അവരോട് താത്പര്യം കാണിക്കുന്നേയില്ല. സിവില്‍ സര്‍വീസില്‍ തൃപ്തികരമായ പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ടും അവര്‍ക്ക് രാഷ്ട്രീയശക്തി ഇല്ലാത്തതുകൊണ്ടും അവരെ സേവിക്കാന്‍ നിയമപരമായി ബാധ്യസ്ഥരായ വനം വകുപ്പ്, പോലീസ്, റവന്യൂ, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവരുന്നുമില്ല. അതേസമയം, ആദിവാസികളെ ഉദ്യോഗസ്ഥര്‍ വ്യാപകമായ രീതിയില്‍ ചൂഷണം ചെയ്യുന്നുമുണ്ട്. ‘സന്താലി’ ഒഴികെ മറ്റൊരു ആദിവാസി ഭാഷയും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതല്ലാത്തതുകൊണ്ട് അവയൊന്നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നില്ല. പഠന മാധ്യമം സ്വന്തം ഭാഷ അല്ലാത്തതുകൊണ്ട് ആദിവാസി കുട്ടികള്‍ സ്‌കൂളില്‍ പ്രതിസന്ധി അനുഭവിക്കുന്നു. സര്‍ക്കാര്‍ പരിഗണിക്കാതെ അവഗണിക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ കൂടുതലായി സ്വാധീനം നേടുന്നു എന്നതാണ് മറ്റൊരു വെല്ലുവിളിയായി രാമചന്ദ്ര ഗുഹ എടുത്തുന്നയിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ ആദിവാസി വാര്‍ത്തകള്‍ക്ക് മൂല്യം കല്‍പ്പിക്കുന്നതേയില്ല. ഊരുകളിലെ വാര്‍ത്തകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്ന മട്ടിലാണ് അവരുടെ പെരുമാറ്റം.
ഭൂപരിഷ്‌കരണ നിയമത്തിന്റെ വിജയം അവകാശപ്പെടുന്ന കേരളത്തിന്റെ അവസ്ഥയും മെച്ചമല്ല. എത്ര ആദിവാസികള്‍ക്ക് ഭൂമി കിട്ടി, അല്ലെങ്കില്‍ എത്ര ആദിവാസികളെ കുടിയൊഴിപ്പിച്ചു എന്നതില്‍ നിന്ന് തന്നെ മനസ്സിലാക്കാം ഭൂപരിഷ്‌കരണത്തിന്റെ വിജയം. മാറിമാറി വരുന്ന ഇടത്-വലത് സര്‍ക്കാറുകള്‍ അവരെ ചൂഷണ വിധേയമാക്കിയിട്ടുണ്ട്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യയുടെ 1.45 ശതമാനം മാത്രമാണ് ആദിവാസികള്‍ ഉള്ളത്. അതായത്, 4,84,839 മനുഷ്യര്‍ മാത്രം. മൂന്നര കോടിയിലധികം മനുഷ്യരുള്ള സംസ്ഥാനത്ത് ആകെ അഞ്ച് ലക്ഷത്തില്‍ താഴെ വരുന്ന ജനസംഖ്യ മാത്രം. ആകെ 1,07,965 കുടുംബങ്ങള്‍. ആകെ 4,762 ഊരുകള്‍. പശ്ചിമഘട്ട മേഖലയില്‍, തമിഴ് നാടിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തികളോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് കേരളത്തിലെ ആദിവാസി വാസ സങ്കേതങ്ങളുള്ളത്. ഏതാണ്ട് 948 ആദിവാസി വാസ സങ്കേതങ്ങള്‍ വനത്തിനോടു ചേര്‍ന്നും 540 വാസ സങ്കേതങ്ങള്‍ റിസര്‍വ് വനത്തിനുള്ളിലുമുണ്ട്. വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് കൂടുതല്‍ ആദിവാസി ജനസംഖ്യയുള്ളത്. സാക്ഷരതയിലും ആരോഗ്യത്തിലും മറ്റും മികച്ചുനില്‍ക്കുന്ന കേരളത്തില്‍ ആദിവാസികളുടെ ഗ്രാഫ് കുത്തനെ താഴോട്ടാണ് നീങ്ങുന്നത്. 1975ല്‍ നിലവില്‍ വന്ന ആദിവാസി ഭൂനിയമം 21 വര്‍ഷത്തോളം ആദിവാസികള്‍ക്ക് പ്രയോജനമില്ലാതെ കിടന്നു. തുടര്‍ന്ന് 1996ല്‍ നിലവില്‍ വന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസി ഊരുകളെ മുഴുവന്‍ കഷ്ടത്തിലാക്കുന്നതായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടാല്‍ മറ്റെവിടെയെങ്കിലും ഭൂമി നല്‍കിയാല്‍ മതി എന്ന വ്യവസ്ഥ കൊണ്ടുവന്നത് തന്നെ ഇതില്‍ പതിഞ്ഞിരിക്കുന്ന ചതിക്കുഴിയാണെന്ന് ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു. നിയമ സഭയിലോ മറ്റ് ഭരണ മേഖലകളിലോ ഇവര്‍ക്ക് മുഖം കാണിക്കാന്‍ പറ്റാത്ത വിധത്തിലുള്ള അപരവത്കരണം വളരെ അപകടമാണ്.
ആദിവാസികളോടുള്ള പൊതു ബോധം
മലയാളികള്‍ വെച്ചുപുലര്‍ത്തുന്ന ഒരു തരം താഴ്ന്ന ധാരണയില്‍ നിന്നാണ് മധുവിനെ കൊന്നവര്‍ തങ്ങളുടെ കത്തി ചെത്തിമിനുക്കിയത്. ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികള്‍ എങ്ങനെ നടക്കുന്നു എന്ന് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം നരവംശശാസ്ത്രജ്ഞനായ വെറിയര്‍ എല്‍വിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. റിപോര്‍ട്ടില്‍ പറയുന്നത്, സര്‍ക്കാര്‍ പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഗോത്രവര്‍ഗക്കാരെക്കുറിച്ച് ഒരു അറിവും ഇല്ല എന്ന് മാത്രമല്ല, മുന്‍ധാരണകളോട് കൂടിയാണ് അവര്‍ പെരുമാറുന്നതെന്നുമാണ്. നമ്മള്‍ പരിഷ്‌കൃതരാണ്, അവര്‍ അപരിഷ്‌കൃതരാണ് എന്നാണ് ഉദ്യോഗസ്ഥരുടെ മനോനില. കള്ളക്കേസുകളില്‍ കുടുക്കുന്നു, പ്രതികളെ കിട്ടാതിരിക്കുമ്പോള്‍ ക്ലിയറന്‍സിന് വേണ്ടി പലപ്പോഴും ആദിവാസികളെ ഉപയോഗപ്പെടുത്തുന്നു. പൊതുവേ ഇരുണ്ട നിറത്തിലുള്ളവരായത് കൊണ്ട് തന്നെ വംശീയതയുടെ വിഷം നിറച്ച പൊതുബോധം അത് അംഗീകരിച്ചു കൊടുക്കുന്നതാണ് പതിവ്.
ദളിത്-മുസ്ലിം രാഷ്ട്രീയ സമവാക്യങ്ങളോടു കൂടെ ആദിവാസി പൊളിറ്റിക്സും ഉയര്‍ന്നു വരികയാണ് ഇതിനുള്ള പരിഹാരം. സ്വയം കല്‍പ്പിത വരേണ്യത വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയക്കാരില്‍ നിന്ന് നീതിയും സഹായവും പ്രതീക്ഷിക്കുന്നത് വ്യര്‍ഥമാണ്. പൊതുരംഗത്ത് ശോഭിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കള്‍ ആദിവാസികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വരേണ്ടതുണ്ട്.
source https://www.sirajlive.com/in-this-democracy-the-adivasis-are-out.html
Post a Comment