ന്യൂസ് ചാനലുകളുടെ ബുള്‍ഡോസര്‍ രാഷ്ട്രീയം

ശനിയാഴ്ചയാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് രാജ്യത്തെ മുഴുവന്‍ ചാനലുകള്‍ക്കും ‘ഏറ്റവും പ്രധാനപ്പെട്ട’ ഒരു മുന്നറിയിപ്പ് നല്‍കിയത്. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന രീതിയില്‍ കവറേജ് നല്‍കരുതെന്നും അങ്ങനെ ചെയ്താല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു ആ സര്‍ക്കുലറിന്റെ ഉള്ളടക്കം. കേന്ദ്ര സര്‍ക്കാറിന് പരുക്കേല്‍ക്കാത്ത രീതിയില്‍ വേണം നിങ്ങളുടെ വാര്‍ത്തകള്‍ എന്നാണ് ഭീഷണി. മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ വകവെക്കാതെ നടപ്പാക്കിയ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് സമൂഹ മാധ്യമങ്ങളിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
ഏപ്രില്‍ ഇരുപതിന് ജഹാംഗീര്‍പുരിയില്‍ നടന്ന ബുള്‍ഡോസര്‍ ഷോ, അത് കവര്‍ ചെയ്ത ദേശീയ മാധ്യമങ്ങളുടെ രീതി എന്നിവ കാണുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികാരികളുടെ നടപടിയും പ്രസ്തുത കുടിയൊഴിപ്പിക്കല്‍ വാര്‍ത്തയാക്കിയ ഇംഗ്ലീഷ്, ഹിന്ദി ന്യൂസ് ചാനലുകളിലെ കവറേജും ഒരേ തിരക്കഥയുടെ ഭാഗങ്ങളാണ് എന്നതാണ് രസകരമായ വസ്തുത.

ഏപ്രില്‍ 16ന്, ഹനുമാന്‍ ജയന്തി ദിനത്തില്‍ ബജ്‌റംഗ്്ദള്‍ സംഘടിപ്പിച്ച ഘോഷയാത്രയിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. വളരെ നേരത്തേ അതിനായി തയ്യാറെടുത്ത രീതിയിലായിരുന്നു ഹിന്ദുത്വ സംഘടനകളുടെ ആക്രമണങ്ങള്‍. വിവിധ മസ്ജിദുകള്‍ക്കും മുസ്ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും നാശനഷ്ടങ്ങളുണ്ടാകുകയും ഭീകരസമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്തു. അത് പക്ഷേ, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു എന്നതൊഴിച്ചാല്‍ ദേശീയ രംഗത്തെ പ്രധാന ചാനലുകളൊന്നും വാര്‍ത്തയാക്കിയില്ല. ബി ജെ പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നാനൂറിലധികം പോലീസുകാരെ ‘കൈയേറ്റം നീക്കം ചെയ്യാന്‍’ വിന്യസിച്ചതോടെ സ്ഥിതിഗതികള്‍ അസ്വസ്ഥമായിത്തുടങ്ങി.

പൊളിച്ചുമാറ്റലിന് സ്റ്റേ ലഭിച്ചെങ്കിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്ലിംകളുടെ വീടുകളും കടകളും പൊളിച്ചുനീക്കിയാണ് അധികൃതര്‍ മടങ്ങിയത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ ബുള്‍ഡോസര്‍ ഷോ ടി വി ക്യാമറകളുടെ സാന്നിധ്യത്തിലായിരുന്നു എന്നതാണ്. ഇത് രാജ്യമെമ്പാടും വാര്‍ത്താ ചാനലുകളിലൂടെ ലൈവായി പ്രക്ഷേപണവും ചെയ്തു. അതോടെ മുസ്ലിംകള്‍ രാജ്യത്തുനിന്ന് തന്നെ കുടിയൊഴിപ്പിക്കേണ്ടവരാണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിഞ്ഞു. റിപ്പബ്ലിക്, സീ ന്യൂസ്, ആജ്തക് ഉള്‍പ്പെടെയുള്ള വാര്‍ത്താ ചാനലുകളില്‍ പ്രൈം ടൈം ചര്‍ച്ചയില്‍ അത്തരത്തിലുള്ള നരേഷനുകള്‍ വന്നു. കുടിയൊഴിപ്പിക്കല്‍ രാജ്യസുരക്ഷക്ക് പോലും അത്യന്താപേക്ഷിതമാണെന്ന രീതിയിലുള്ള അവതരണങ്ങളാണ് പിന്നീട് കാണാന്‍ സാധിച്ചത്. ബുള്‍ഡോസറിന് മുകളില്‍ കയറി നിന്ന് വരെ തത്സമയ റിപോര്‍ട്ടിംഗ് നടന്നു.

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ രാജ്ഗഢിലുള്ള മുന്നൂറ് വര്‍ഷം പഴക്കമുണ്ടായിരുന്ന അമ്പലം കഴിഞ്ഞയാഴ്ച പൊളിച്ചുനീക്കിയതിന്റെ പ്രതികാരമായി രാജ്യത്തെ ഹിന്ദുക്കള്‍ നടത്തുന്ന വിജയാഘോഷമാണ് ജഹാംഗീര്‍പുരിയില്‍ നടക്കുന്നതെന്നാണ് ന്യൂസ് 18 ഇന്ത്യയിലെ അമന്‍ ചോപ്ര വിളിച്ചുപറഞ്ഞത്. ഏപ്രില്‍ 17ന് അമ്പലം പൊളിച്ചപ്പോള്‍ ഏപ്രില്‍ 20ന് മുസ്ലിംകളുടെ പള്ളികളും വീടുകളും ഉള്‍പ്പെടെ പൊളിച്ചുനീക്കിയെന്നും ഈ ടെലിവിഷന്‍ ആങ്കര്‍ കണ്ടെത്തുന്നു. എത്രമേല്‍ വര്‍ഗീയമായി മാറുന്നു നമ്മുടെ ന്യൂസ്റൂമുകള്‍ എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ജഹാംഗീര്‍പുരി കവറേജ്. ദേശവിരുദ്ധര്‍ തിങ്ങിപ്പാര്‍ക്കുന്ന ജഹാംഗീര്‍പുരി, റോഹിംഗ്യകള്‍ ഉള്‍പ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരുടെ ജഹാംഗീര്‍പുരി, തീവ്രവാദ സംഘടനകളുടെ പരിശീലനം നടക്കുന്ന ജഹാംഗീര്‍പുരി എന്നിങ്ങനെ അതിഭീകരമായ അവാസ്തവങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂസ് ചാനലുകളില്‍ നിറഞ്ഞുനിന്നത്. അതേസമയം, കുടിയൊഴിപ്പിക്കലിന്റെ ഭീകരതയനുഭവിച്ച ഇരകളെക്കുറിച്ചോ അവരുടെ നഷ്ടങ്ങളെക്കുറിച്ചോ പ്രധാന ചാനലുകളൊന്നും വാര്‍ത്ത നല്‍കിയില്ല. സ്വന്തം കിടപ്പാടവും വരുമാന മാര്‍ഗങ്ങളും നഷ്ടപ്പെട്ടവരുടെ വേദന കാണാനോ അവര്‍ക്ക് നേരെ ക്യാമറ പിടിക്കാനോ ബുള്‍ഡോസര്‍ നാടകങ്ങള്‍ അതിസമര്‍ഥമായി വിജയിപ്പിച്ചെടുക്കുന്ന മാധ്യമങ്ങള്‍ കണ്ടതേയില്ല.

2022 ഏപ്രില്‍ മാസം, കുറഞ്ഞത് ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങളെങ്കിലും രാജ്യത്ത് നടന്നിട്ടുണ്ട്. മധ്യപ്രദേശിലെ ഖാര്‍ഗോണിലും ഗുജറാത്തിലെ ഖംഭാട്ടിലും. രാമനവമിയുമായി ബന്ധപ്പെട്ട വര്‍ഗീയ കലാപത്തിന്റെ വാര്‍ത്തകള്‍ക്ക് ശേഷം ഇവിടങ്ങളിലെ പ്രാദേശിക അധികാരികള്‍ കൈയേറ്റങ്ങളെക്കുറിച്ച് ബോധമുള്ളവരായി മാറുകയും മുസ്ലിം നാമധാരികളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് പൊളിക്കാന്‍ ബുള്‍ഡോസര്‍ അയക്കുകയുമാണുണ്ടായത്. ഈ ബുള്‍ഡോസറുകള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കടക്കലാണ് ആക്രമണം നടത്തിയിരിക്കുന്നത്. തീര്‍ത്തും മുസ്ലിം വിരുദ്ധമായ ഇത്തരം രാഷ്ട്രീയ നീക്കങ്ങളില്‍ ബലിയാടാകുന്നത് നിഷ്‌കളങ്കരായ പാവങ്ങളാണ്. ഒരുപക്ഷേ, രാജ്യത്തുടനീളം പടര്‍ന്നേക്കാവുന്ന ഉന്മൂലന പദ്ധതിയുടെ ട്രയലാണ് ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നാം കണ്ടത്.

 



source https://www.sirajlive.com/the-bulldozer-politics-of-news-channels.html

Post a Comment

Previous Post Next Post