തിരിച്ചടികള്‍ക്കിടെ കെ പി സി സി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം | കെ പി സി സിയുടെ നിര്‍ണായക നേതൃയോഗത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. നിരവധി പ്രശ്‌നങ്ങള്‍ക്കിടെയാണ് ഒരിടവേളക്ക് ശേഷം രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്. ഇന്ന് രാവിലെ കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗവും വൈകിട്ട് ഭാരവാഹിയോഗവും ചേരും. നാളെ സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടിവ് യോഗവും ചേരും. മുതിര്‍ന്ന നേതാവ് കെ വി തോമസിനെ ക്ഷണിക്കാതെയാണ് യോഗം ചേരുന്നതെന്നത് ശ്രദ്ധേയമാണ്.

കെ വി തോമസ് കെ പി സി സി പ്രസിഡന്റിനെതിരെ ഉന്നയിക്കുന്ന ആരോപണവും അദ്ദേഹം നടത്തിയ അച്ചടക്ക ലംഘനവും യോഗത്തില്‍ ചര്‍ച്ചായകും. കൂടാതെ സംഘടനാ തിരഞ്ഞെടുപ്പ് മറ്റൊരു വിഷയമാണ്. തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തില്‍ ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തിന്റെ താത്പര്യം. പുനഃസംഘടനാ ചര്‍ച്ചകളില്‍ പരിഗണിച്ചവരെ സമവായ സ്ഥാനാര്‍ഥികളാക്കാനും നീക്കമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നേതൃയോഗങ്ങളിലെ പൊതു നിലപാട് അനുസരിച്ചാകും അന്തിമ തീരുമാനം.

മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ പ്രതീക്ഷിച്ച ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ കെ പി സി സി പ്രസിഡന്റ് സുധാകരന്‍ യോഗത്തില്‍ മറുപടി നല്‍കേണ്ടി വരും. ഡിജിറ്റലായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ എത്രപേര്‍ അംഗങ്ങളായി എന്ന കൃത്യമായ കണക്ക് യോഗത്തില്‍ അവതരിപ്പിക്കും. 50 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനാകാത്തതില്‍ ഗ്രൂപ്പ് നേതാക്കള്‍ കടുത്ത വിമര്‍ശനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയ മുതിര്‍ന്ന നേതാവ് പി ജെ കുര്യനും രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ അംഗമാണ്. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച കുര്യനെതിരെ മറ്റു നേതാക്കള്‍ തിരിയുമോയെന്നതും ശ്രദ്ധേയമാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് അനൌപചാരിക ചര്‍ച്ചകളും യോഗങ്ങളിലുണ്ടായേക്കും. പി ടി തോമസിന്റെ ഭാര്യ ഉമാതോമസിനെയാണ് കെ പി സി സി നേതൃത്വം സ്ഥാനാര്‍ഥിയായി മുന്നില്‍ക്കാണുന്നത്. എന്നാല്‍, മറ്റുനേതാക്കളെ പരിഗണിക്കണമെന്ന ആവശ്യവും ഒരു വിഭാഗത്തിനുണ്ട്. ഇക്കാര്യത്തിലുള്‍പ്പെടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന നേതൃയോഗങ്ങളില്‍ വിശദ ചര്‍ച്ചകളുണ്ടാകും.



source https://www.sirajlive.com/kpcc-leadership-meetings-begin-today-amid-setbacks.html

Post a Comment

أحدث أقدم