സമൂഹ ഇഫ്താറൊരുക്കി മഅ്ദിന്‍ അക്കാദമി

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ റമസാന്‍ മുപ്പതു ദിവസവും സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ക്ക് തുടക്കം. മലപ്പുറത്തെയും പരിസരങ്ങളിലെയും വീടുകളില്‍ നിന്നാണ് ഓരോ ദിവസവും സമൃദ്ധമായ നോമ്പ് തുറയൊരുക്കുന്നതിന് വേണ്ട വിഭവങ്ങള്‍ പ്രധാനമായും എത്തിക്കുന്നത്. യാത്രക്കാര്‍, വിവിധ ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ നിരവധി പേര്‍ക്കാണ് സ്വലാത്ത് നഗറില്‍ നോമ്പുതുറ ഒരുക്കുന്നത്.

ദിവസവും ആയിരത്തിനുമേലെ ആളുകള്‍ക്കും റമസാന്‍ ഇരുപത്തിയേഴാം രാവില്‍ ഒരു ലക്ഷം പേര്‍ക്കും മഅ്ദിന്‍ അക്കാദമി ഇഫ്താറൊരുക്കും. വര്‍ഷങ്ങളായി മഅ്ദിന്‍ കാമ്പസില്‍ വിപുലമായ രീതിയില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് വരുന്നുണ്ട്. പത്തിരിയും ബിരിയാണിയും പലഹാരങ്ങളുമെല്ലാം ഉള്‍കൊള്ളുന്ന വിഭവ സമൃദ്ധമായ തുറയാണ് ഓരോ ദിവസവും ഒരുക്കുന്നത്. സ്നേഹമാണ് ഇഫ്താര്‍ സംഗമങ്ങളുടെ സന്ദേശമെന്നും സഹജീവിയുടെ സുഖ ദുഃഖങ്ങളില്‍ പങ്കാളികളായി വിശുദ്ധ റമസാനിന്റെ പവിത്രമായ ദിനരാത്രങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഒത്തൊരുമയുടെ വിജയമാണെന്നും ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

 



source https://www.sirajlive.com/community-iftar-by-madin-academy.html

Post a Comment

Previous Post Next Post