പാക്കിസ്ഥാന്‍ അതിജീവിക്കുമോ ?

പാക്കിസ്ഥാനില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയെന്ന ‘ഖ്യാതി’ സ്വന്തമാക്കിയിരിക്കുന്നു ഇംറാന്‍ ഖാന്‍. പടിപടിയായുള്ള രാഷ്ട്രീയ വളര്‍ച്ചയിലൂടെ പ്രധാനമന്ത്രിപദത്തിലെത്തിയ ഈ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ പതനത്തിന് ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ നിരവധി കാരണങ്ങളുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പട്ടാള ഭരണം ആവര്‍ത്തിക്കപ്പെടാതെ ജനാധിപത്യ വഴിയില്‍ നീങ്ങിയ പാക്കിസ്ഥാനില്‍ തെരുവുകള്‍ അശാന്തമാകുന്നതും ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും സൈന്യം ഭരണമേറ്റെടുക്കുന്നതും പുതുമയുള്ള കാര്യമല്ല. പല തവണ പാക് ജനത ഇത്തരം കെടുതികള്‍ അനുഭവിച്ചിട്ടുള്ളതാണ്. തീവ്രവാദി ഗ്രൂപ്പുകള്‍ ശക്തി സംഭരിക്കുന്നതും ഇത്തരം പ്രതിസന്ധികളിലൂടെയാണ്. അമേരിക്കയെപ്പോലെയുള്ള വന്‍ ശക്തികള്‍ മാരകായുധങ്ങളുമായി പാക് മണ്ണില്‍ മരണം വിതക്കുന്നതിനും ഇത്തരം പ്രശ്നങ്ങള്‍ വഴിയൊരുക്കാറുണ്ട്. അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യയിലെ ജനങ്ങള്‍ എക്കാലവും ആഗ്രഹിച്ചിട്ടുള്ളത് സുസ്ഥിരമായ പാക്കിസ്ഥാനെയാണ്. അതുകൊണ്ട് ഇംറാന്‍ സ്ഥാനഭ്രഷ്ടനാകുന്നതിന്റെ ന്യായാന്യായങ്ങളേക്കാള്‍ പ്രധാനം ആ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണമാണ്. അവിടുത്തെ നിയമവും ചട്ടവും അനുശാസിക്കുംവിധം, പുറത്ത് നിന്നുള്ള ഇടപെടലുകളില്ലാതെ പുതിയ പ്രധാനമന്ത്രിയെ അധികാരമേല്‍പ്പിക്കാന്‍ സാധിക്കണം. കടുത്ത സാമ്പത്തിക ദുരിതങ്ങളിലൂടെ കടന്നു പോകുന്ന പാക് ജനതക്ക് ഒരു തെരുവ് യുദ്ധം താങ്ങാനാകില്ല.

പ്രതിപക്ഷ സംയുക്ത മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞ ദിവസം വോട്ടിനിട്ട് പാസ്സാക്കിയതോടെയാണ് ഇംറാന്‍ ക്ലീന്‍ ബൗള്‍ഡായത്. വോട്ടെടുപ്പ് ഒഴിവാക്കാന്‍ അദ്ദേഹം നടത്തിയ അവസാന കരുനീക്കങ്ങള്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായിരുന്നു. വിദേശ ഇടപെടലിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് എന്നതിനാല്‍ അത് ചര്‍ച്ചക്കെടുക്കാനാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ നിലപാടെടുത്തു. ഇംറാന്‍ ഖാന്റെ ശിപാര്‍ശയില്‍ സഭ പിരിച്ചുവിടാന്‍ പ്രസിഡന്റ് തയ്യാറാകുകയും ചെയ്തു. ഈ രണ്ട് നടപടികളും ഭരണഘടനാവിരുദ്ധവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമായിരുന്നു. തന്നെ പിന്തുണക്കുന്നവരുടെ എണ്ണം അവിശ്വാസത്തെ തോല്‍പ്പിക്കാന്‍ പര്യാപ്തമല്ലെന്ന് അറിഞ്ഞു തന്നെയാണ് ഇംറാന്‍ കരുക്കള്‍ നീക്കിയത്. ഫ്ളോര്‍ ടെസ്റ്റിന് തയ്യാറാകാത്ത പ്രധാനമന്ത്രിക്ക് സഭ പിരിച്ചുവിടാനുള്ള ശിപാര്‍ശ നല്‍കാനുമാകില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഡെപ്യൂട്ടി സ്പീക്കറുടെയും പ്രസിഡന്റിന്റെയും നീക്കങ്ങള്‍ അസാധുവാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഇംറാന്റെ പതനം ഉറപ്പാകുകയായിരുന്നു. 342 അംഗ പാര്‍ലിമെന്റില്‍ അവിശ്വാസ പ്രമേയം പാസ്സാകാന്‍ 172 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. 174 വോട്ടുകള്‍ ലഭിച്ചാണ് പ്രമേയം പാസ്സായത്. 84 സീറ്റുകളുള്ള പി എം എല്‍ (എന്‍)ന്റെയും 56 പേരുള്ള പി പി പി (ബിലാവല്‍ ഭൂട്ടോയുടെ പാര്‍ട്ടി) യുടെയും നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രതിപക്ഷ കൂട്ടായ്മയായ പാക്കിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി ഡി എം) ആണ് പ്രമേയത്തിന് മുന്‍കൈയെടുത്തത്. ശഹബാസ് ശരീഫാണ് ഇതിന്റെ തലവന്‍. എം ക്യു എം-പി, പി എം എല്‍- ക്യു, ബി എ പി എന്നീ കക്ഷികള്‍ ക്യാപ്റ്റനെ വിട്ട് പ്രതിപക്ഷത്തേക്ക് ചാഞ്ഞു. അതിനിടക്ക് ഇംറാന്റെ തഹ്രീകെ ഇന്‍സാഫില്‍ നിന്ന് തന്നെ 24 പേര്‍ മറുകണ്ടം ചാടുകയും ചെയ്തു.

അടിയൊഴുക്കുകള്‍ എന്തുതന്നെയായാലും ഇംറാനെതിരെ പ്രതിപക്ഷത്തിന് ഒന്നിക്കാനും ഭരണപക്ഷത്തുള്ള പാര്‍ട്ടികളെ ആകര്‍ഷിക്കാനും സാധിച്ചത് അദ്ദേഹത്തിന്റെ ഭരണത്തിനെതിരെയുള്ള ജനരോഷം ഒന്നുകൊണ്ട് മാത്രമാണ്. വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, ഇന്ധന ക്ഷാമം, ഇറക്കുമതി പ്രതിസന്ധി, കടക്കെണി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ ഉന്നയിക്കുക വഴി ജനപിന്തുണ നേടാന്‍ പ്രതിപക്ഷ സഖ്യത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയെപ്പോലെ പാക്കിസ്ഥാനും 85 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഡീസല്‍ നിലയങ്ങളില്‍ നിന്നാണ് വൈദ്യുതിയുടെ നല്ല പങ്കും വരുന്നത്. കൊവിഡ് വരുത്തിവെച്ച സാമ്പത്തിക മാന്ദ്യം വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവുണ്ടാക്കി. ഇതോടെ ഊര്‍ജ പ്രതിസന്ധി രൂക്ഷമായി. പൊതു വിലക്കയറ്റവും തുടങ്ങി. ഇംറാനെ അഴിമതിവിരുദ്ധ യോദ്ധാവും യു എസ് വിരുദ്ധതയുടെ ആള്‍രൂപവും സ്ഥൈര്യത്തിന്റെ പ്രതീകവുമായി കൊണ്ടാടിയവര്‍ തന്നെ അദ്ദേഹത്തെ കൈയൊഴിഞ്ഞു. ഈ സാഹചര്യം മുതലെടുക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ആ അര്‍ഥത്തില്‍ പാക് ജനഹിതം ഉയര്‍ത്തിപ്പിടിക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് പറയാം.

എന്നാല്‍ തിരശ്ശീലക്ക് പിന്നില്‍ നടന്ന ചില കാര്യങ്ങളുണ്ട്. അത് ഒട്ടും ഭൂഷണമായവയല്ല. ഏറ്റവും പ്രധാനം സൈന്യത്തിന്റെ അതൃപ്തി തന്നെയാണ്. ആദ്യ ഘട്ടത്തില്‍ സൈന്യത്തിന്റെ ആളായി റാവല്‍പിണ്ടിയിലേക്ക് ചെവികൊടുത്ത ഇംറാന്‍ ഖാന്‍ പിന്നീട് സ്വന്തം വഴിയിലേക്ക് കയറിനില്‍ക്കാന്‍ ശ്രമിച്ചതാണ് ആ അതൃപ്തിയുടെ ആധാരം. നേരത്തേ നവാസ് ശരീഫും ഈ വഴിയില്‍ ചെന്ന് പരാജയപ്പെട്ടയാളാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതിയും കെടുകാര്യസ്ഥതയും സൈന്യത്തെ വിശ്വാസത്തിലെടുക്കാന്‍ ഒരു കാലത്ത് പാക് ജനതയെ പ്രേരിപ്പിച്ചുവെങ്കില്‍ ഇന്ന് അവര്‍ സിവിലിയന്‍ നേതൃത്വത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്.
ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ ഇംറാന്റെ അധികാര നഷ്ടത്തില്‍ സൈന്യത്തിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. മറ്റൊന്ന് യു എസിന്റെ അതൃപ്തിയാണ്. ഒരു ഭരണത്തലവന്‍ റഷ്യയില്‍ പോകുന്നതും യു എസ് കൊണ്ടുവന്ന യു എന്‍ പ്രമേയത്തില്‍ നിഷ്പക്ഷത പുലര്‍ത്താന്‍ തീരുമാനിക്കുന്നതും അദ്ദേഹത്തെ പുറത്താക്കുന്നതിന് കാരണമാകുന്നതെങ്ങനെയാണ്?

നാടകീയതകള്‍ ഇനിയുമേറെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. അവസാനം സുസ്ഥിരമായ സര്‍ക്കാര്‍ നിലവില്‍ വരട്ടെ. പുതുതായി വരുന്ന സര്‍ക്കാറിന് പാക് ജനതയുടെ ദുരിതത്തില്‍ ആശ്വാസം പകരാന്‍ സാധിക്കട്ടെ.

 



source https://www.sirajlive.com/will-pakistan-survive.html

Post a Comment

Previous Post Next Post