അഫ്‌സ്പ: പരിധി ചുരുക്കിയത് കൊണ്ടായില്ല

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമ(അഫ്സ്പ)ത്തിന്റെ പരിധി കുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് വ്യാഴാഴ്ച ട്വീറ്റിലൂടെ ഇക്കാര്യമറിയിച്ചത്. നാഗാലാന്‍ഡിലെ ഏഴ് ജില്ലകളിലും മണിപ്പൂരിലെ ആറ് ജില്ലകളിലും അസമില്‍ 23 ജില്ലകളില്‍ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായുമാണ് അഫ്സ്പ ഒഴിവാക്കുന്നത്. ഈ കരിനിയമം പിന്‍വലിക്കണമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നാഗാലാന്‍ഡില്‍ സായുധ വിഘടന വാദികളെന്ന് ആരോപിച്ച് ഏതാനും ഗ്രാമീണരെ കരസേന വെടിവെച്ചു കൊലപ്പെടുത്തിയതോടെ ഈ ആവശ്യത്തിനു ബലമേറി. കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് പിക്കപ്പ് വാനില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കു നേരെയാണ് സൈന്യം അന്ന് വെടിയുതിര്‍ത്തത്. ആറ് പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചും. തുടര്‍ന്ന് അഫ്സ്പയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശിപാര്‍ശകള്‍ പ്രകാരമാണ് ഇപ്പോഴത്തെ നടപടി.

ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ബ്രിട്ടീഷുകാരാണ് രാജ്യത്ത് ആദ്യമായി സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നത്. ഇന്ത്യയൊട്ടാകെ വ്യാപിച്ച സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തുന്നതിന് 1942 ആഗസ്റ്റ് 15നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങളില്‍ 1958ല്‍ സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്ന അഫ്സ്പ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കുന്നത്. പിന്നീട് ജമ്മു കശ്മീരിലും പഞ്ചാബിലും നിയമം പ്രാബല്യത്തില്‍ വന്നു. ഇത് നടപ്പാക്കുന്ന പ്രദേശങ്ങളില്‍ നിയമം ലംഘിക്കുകയോ അഞ്ചില്‍ കൂടുതല്‍ പേര്‍ സംഘം ചേരുകയോ ആയുധങ്ങള്‍ കൈവശം വെക്കുകയോ ചെയ്താല്‍ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധ സേനക്ക് അധികാരമുണ്ടായിരിക്കും. സൈന്യത്തിന് ആരെയും എപ്പോഴും കസ്റ്റഡിയിലെടുക്കുകയും കേസെടുക്കാതെ തടവില്‍ വെക്കുകയും ഏത് വീട്ടിലും സെര്‍ച്ച് വാറന്റില്ലാതെ
തിരച്ചില്‍ നടത്തുകയുമാകാം. ഇത്തരം നടപടികളില്‍ സൈനികര്‍ക്ക് നിയമ പരിരക്ഷ ലഭിക്കുന്നതാണ്.

പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതാക്കിയെന്നതായിരുന്നു ഈ കിരാത നിയമത്തിന്റെ അനന്തര ഫലം. ദേശദ്രോഹികളെ നേരിടാനെന്ന പേരില്‍ സൈന്യം വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് ആയിരക്കണക്കിനു നിരപരാധികളെയാണ് ഇതിന്റെ മറവില്‍ കൊന്നൊടുക്കിയത്. മണിപ്പൂരില്‍ 2000-2012 കാലയളവില്‍ നടന്ന 1,528 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കണക്കുകള്‍ സഹിതം ‘എക്സ്ട്രാ ജുഡീഷ്യല്‍ എക്സിക്യൂഷന്‍ വിക്ടിം ഫാമിലീസ് അസ്സോസിയേഷന്‍’ പൊതു താത്പര്യ ഹരജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതകങ്ങളിലേറെയും കസ്റ്റഡിയിലിരിക്കെ ക്രൂരമായ മര്‍ദനങ്ങളേറ്റായിരുന്നെന്നും അസ്സോസിയേഷന്റെ ഹരജിയില്‍ പറയുന്നു. മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കാന്‍ 2013ല്‍ സുപ്രീം കോടതി നിയമിച്ച മുന്‍ ജഡ്ജി ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ വ്യാജ ഏറ്റുമുട്ടല്‍ ആരോപണം ശരിയാണെന്നു കണ്ടെത്തിയതുമാണ്. 2003-2009 കാലഘട്ടത്തില്‍ മണിപ്പൂരിനെ ചോരക്കളമാക്കി വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയതായി അന്ന് കമാന്‍ഡോ വിഭാഗത്തിലായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ ഹിറോജിത്ത് 2018 ജനുവരിയില്‍ സുപ്രീംകോടതി മുമ്പാകെ സമ്മതിക്കുകയുമുണ്ടായി. എല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും ഹിറോജിത്ത് വെളിപ്പെടുത്തി.

സവിശേഷ അധികാരത്തിന്റെ പേരില്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വര്‍ധിച്ചപ്പോഴാണ് സായുധ സേനകള്‍ക്കും അഫ്സ്പക്കുമെതിരായ എതിര്‍പ്പ് രൂക്ഷമായത്. സംശയത്തിന്റെ പേരില്‍ ഒരാളെ വെടിവെച്ച് കൊന്നാല്‍ പോലും സൈനികര്‍ക്ക് വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്ന അഫ്സ്പയുടെ ആറാം വകുപ്പ് സുപ്രീം കോടതിയുടെ വിമര്‍ശത്തിനും ഇടയാക്കിയിട്ടുണ്ട്. സൈനികര്‍ക്കെതിരെ വിചാരണയോ നിയമ നടപടിയോ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ നിയമം ദുരുപയോഗം ചെയ്ത് നടത്തപ്പെടുന്ന അതിക്രമങ്ങള്‍ക്ക് ഒരു വിധത്തിലുള്ള പരിരക്ഷയുമുണ്ടാകില്ലെന്നാണ് 2016ല്‍ ജസ്റ്റിസ് മദന്‍ ലോകൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചത്. പ്രദേശത്തെ ക്രമസമാധാനനില പരിരക്ഷിക്കാന്‍, അക്രമാസക്തമായ വ്യക്തികള്‍ക്കോ ജനക്കൂട്ടത്തിനോ വേണ്ടത്ര മുന്നറിയിപ്പുകള്‍ കൊടുത്ത ശേഷം മാത്രം നടത്തപ്പെടുന്ന സായുധ നടപടികള്‍ക്ക് മാത്രമേ നിയമ പരിരക്ഷ നല്‍കുകയുള്ളൂ.

വടക്കുകിഴക്കന്‍ മേഖലയിലെ ഏതാനും പ്രദേശങ്ങളില്‍ നിന്ന് അഫ്സ്പ നിയമം ഒഴിവാക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതുകൊണ്ട് മാത്രമായില്ല, ബ്രിട്ടീഷുകാരുടെ കിരാത ഭരണത്തിന്റെ ബാക്കിപത്രമായ ഈ നിയമം കശ്മീരില്‍ ഉള്‍പ്പെടെ പൂര്‍ണമായും പിന്‍വലിക്കണം. എങ്കിലേ സൈന്യത്തിന്റെ അതിക്രമങ്ങളില്‍ നിന്ന് അഫ്സ്പ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ രക്ഷപ്പെടുകയുള്ളൂ. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളില്‍ അസ്വസ്ഥതയും സംഘര്‍ഷവും വര്‍ധിക്കാന്‍ കാരണം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുടെ അഭാവവും കേന്ദ്രത്തിന്റെ വിവേചനപരമായ നിലപാടുകളുമാണ്. വികസന പാക്കേജുകളിലൂടെ ഈ മേഖലകളില്‍ വികസനം ത്വരിതപ്പെടുത്തുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും വഴിയാണ് അതിനു പരിഹാരം കാണേണ്ടത്. വിഘടന വാദവും രാജ്യദ്രോഹവും ആരോപിച്ച് നിരപരാധികളെ കൊന്നൊടുക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുകയല്ല വേണ്ടത്. ജനാധിപത്യ വ്യവസ്ഥിതിയുമായി പൊരുത്തപ്പെടുന്നതല്ല ഇത്തരം കിരാത നിയമങ്ങള്‍. 2008ല്‍ പഞ്ചാബിലും 2015ല്‍ ത്രിപുരയിലും 2018ല്‍ മേഘാലയയിലും അഫ്സ്പ പൂര്‍ണമായി പിന്‍വലിച്ചിട്ടുണ്ട്.

 



source https://www.sirajlive.com/afspa-not-because-the-limit-was-reduced.html

Post a Comment

أحدث أقدم