ഇന്ത്യയില്‍ നിന്ന് മുസ്ലിംകളെ തമസ്‌കരിക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ ഏര്‍പ്പാട് അഭംഗുരം തുടരുകയാണ്. കേന്ദ്രത്തിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ഥിതി തഥൈവ. അതിന് പുറമേ സേന ഭരിക്കുന്ന മഹാരാഷ്ട്രയിലും ഗതി ഇത് തന്നെ. മുസ്ലിംകളെ മഹത്വവത്കരിക്കരുതെന്നാണ് നിയമം. അതിനാലാണ് മഹാരാഷ്ട്രയിലെ പുസ്തകങ്ങളില്‍ മുഗളരെ മോശമായി ചിത്രീകരിച്ചത്. അവിടെ രജപുത്രനായ റാണാ പ്രതാപനെ മഹാനാക്കി. ഗുജറാത്തിലേത് പറയാതിരിക്കുകയാണ് നല്ലത്. ഗുജറാത്ത് വംശഹത്യയെ കുറിച്ച് പഠിപ്പിക്കുന്നിടത്ത് മുസ്ലിം വിരുദ്ധ കലാപം എന്ന് പറയരുതെന്ന് നിര്‍ദേശം നല്‍കി. നിര്‍ബന്ധമാണെങ്കില്‍ കലാപം എന്ന് മാത്രം എഴുതിയാല്‍ മതി. അവിടെയും ചരിത്രത്തില്‍ നിന്ന് ഗുജറാത്ത് സുല്‍ത്താന്‍മാരെ മാറ്റി. അഹമ്മദാബാദിന്റെ പേര് മാറ്റാനുള്ള നീക്കം നടക്കുന്നു. പാഠ പുസ്തകങ്ങളില്‍ ഈ തമസ്‌കരണ പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത് കേന്ദ്രത്തിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രൈനിംഗ് (എന്‍ സി ഇ ആര്‍ ടി) വക. ചെലവ് കേന്ദ്ര സര്‍ക്കാറിന്റേതും.
രാജസ്ഥാനില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താതെ ഇസ്ലാമിക് ഭീകരതയെ കുറിച്ചാണ് ചോദ്യങ്ങള്‍. എന്താണ് ഇസ്ലാമിക ഭീകരത എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത് ഇങ്ങനെ: ‘അത് അല്ലാഹുവിന്റെയും ഇസ്ലാമിന്റെയും പേരില്‍ മുസ്ലിംകള്‍ ചെയ്യുന്ന ഭീകര കൃത്യങ്ങളാണ്’. ഇസ്ലാമിനെ കുറിച്ച് അത് മാത്രമാണ് പഠിപ്പിക്കുന്നത്. കഴിഞ്ഞ ബി ജെ പി സര്‍ക്കാറിന്റെ കാലത്ത് ഉണ്ടാക്കിയതാണ് ഈ പുസ്തകങ്ങള്‍. കോണ്‍ഗ്രസ്സ് സര്‍ക്കാറും അത് തന്നെ തുടരുന്നു. ഹിന്ദുത്വത്തെ വ്രണപ്പെടുത്താനൊന്നും കോണ്‍ഗ്രസ്സില്ല. പല മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടുമില്ല.
ഇപ്പോള്‍ പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് പലതും ഒഴിവാക്കി. ഇസ്ലാമികചരിത്രത്തിന് പുറമേ, വ്യവസായ വിപ്ലവം, ജനാധിപത്യം, സെക്യുലര്‍ സ്റ്റേറ്റ്, സാമുദായികത എന്നിവയെ കുറിച്ചുള്ള പാഠങ്ങളും നീക്കി. മുഗള്‍ ചരിത്രം വെട്ടിക്കുറച്ചു. എന്തിന് ഉര്‍ദു കവിതകളുടെ വിവര്‍ത്തനമുണ്ടായിരുന്നതും ഒഴിവാക്കി. മുസ്ലിം പേരുകള്‍ കുറച്ചു കൊണ്ടുവന്ന് ഇല്ലാതാക്കണം. അങ്ങനെ ഇന്ത്യയില്‍ മുസ്ലിംകളെ ഒന്നുമല്ലാതാക്കണം. ഇതാണ് ഇവരുടെ സ്വപ്നം. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കാലത്തും ഇങ്ങനെ മുസ്ലിം പ്രാധാന്യം കുറച്ചു കൊണ്ടുവന്നിട്ടുണ്ട്. രജപുത്രര്‍ക്ക് അമിത പ്രാധാന്യം നല്‍കിയും മുസ്ലിം ചക്രവര്‍ത്തിമാരുടെ മേല്‍ അക്രമങ്ങള്‍ കെട്ടിവെച്ചും നേരത്തേ ഈ പരിപാടി തുടങ്ങിയതാണ്. ഒരു സഹസ്രാബ്ദത്തോളം ഈ നാട് ഭരിച്ച സുല്‍ത്താന്‍മാരെയും ഷഹിന്‍ഷമാരെയും ഒഴിവാക്കുന്നത് വ്യാമോഹമല്ലാതെ മറ്റെന്താണ്? അതും ഈ ഡിജിറ്റല്‍ യുഗത്തില്‍. യൂറോപ്പും അമേരിക്കയും ഈ പണി നേരത്തേ തുടങ്ങിയതാണ്. എന്നാല്‍ ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹികളും സെക്യുലറിസ്റ്റുകളും ഈ തമസ്‌കരണത്തെ ചെറുത്തു തോല്‍പ്പിക്കുന്നു. ലോകത്തുള്ള സര്‍വ കണ്ടുപിടിത്തങ്ങളും തങ്ങളുടേതാക്കി ചരിത്രമെഴുതിയ യൂറോപ്യന്‍മാര്‍ക്ക് യൂറോപ്യന്‍മാര്‍ തന്നെ മറുപടി കൊടുക്കുകയാണ്. മൈക്കല്‍ മോര്‍ഗാന്‍ യൂറോപ്യരെഴുതിപ്പിടിപ്പിച്ച കള്ളങ്ങള്‍ പുറത്ത് കൊണ്ടുവന്നപ്പോള്‍ സാമ്രാജ്യത്വ കുഴലൂത്തുകാര്‍ക്ക് നാണിക്കേണ്ടി വന്നു. അത്ര മാത്രം വായനക്കാര്‍ മോര്‍ഗന്റെ പുസ്തകത്തെ കൈ നീട്ടി സ്വീകരിച്ചു.
ഇന്ത്യയുടെ ഔദ്യോഗിക ചരിത്രത്തില്‍ ഏതാനും പേജുകള്‍ മാത്രമാണ് സുല്‍ത്താന്‍മാര്‍ക്കും മുഗളര്‍ക്കും വേണ്ടി നീക്കിവെച്ചിരുന്നത്. അതേസമയം ശിവജിക്കും രജപുത്രന്‍മാര്‍ക്കും വേണ്ടി നീക്കി വെച്ചത് അതിലും എത്രയോ അധികം. ഇവരൊക്കെ മുസ്ലിം വിരുദ്ധരാണെന്ന് വരുത്തിയാണ് അവരെ മഹത്വവത്കരിക്കുന്നത്. എന്നാല്‍ ഇവരുടെ യുദ്ധങ്ങള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രമാണെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. ഭൂരിപക്ഷം രജപുത്രന്‍മാരും മുഗളന്‍മാരുമായി സഖ്യം ചെയ്തവരാണ്. ശിവജി ഏറ്റവും മതേതരനായ ചക്രവര്‍ത്തിയാണ്. അദ്ദേഹത്തിന്റെ സേനാ നായകന്‍മാരും ഉദ്യോഗസ്ഥന്‍മാരും വലിയൊരു ഭാഗം മുസ്ലിംകളായിരുന്നു. അവര്‍ക്ക് വേണ്ടി സാമ്രാജ്യത്തില്‍ എല്ലാ സൗകര്യങ്ങളും അദ്ദേഹം ചെയ്തു കൊടുത്തിരുന്നു. ഹിന്ദു ധര്‍മത്തിന് വേണ്ടിയാണ് താന്‍ യുദ്ധം ചെയ്യുന്നതെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടുമില്ല. അങ്ങനെയുള്ള ശിവജിയെ ഹിന്ദുത്വത്തിന്റെ അപ്പോസ്തലനാക്കി ചിത്രീകരിക്കാന്‍ ഇവര്‍ക്ക് നാണമില്ല. ഹിന്ദുത്വത്തിന് ചരിത്ര പുരുഷന്‍മാരില്ലാത്തതിനാല്‍ ഇവരെയൊക്കെ കറുപ്പില്‍ മുക്കി സ്വന്തമാക്കുകയാണ് ഹിന്ദുത്വവാദികള്‍. രജപുത്രന്‍മാരും അങ്ങനെയാണ്. ഇന്ത്യയെ ഛിന്നഭിന്നമാക്കിയ രജപുത്രര്‍ തമ്മില്‍ തല്ലി അഖണ്ഡ ഭാരതത്തെ ഇല്ലാതാക്കിയെന്ന സത്യം മറച്ചു വെച്ചിട്ടെന്ത് കാര്യം? ഇവര്‍ ക്ഷണിച്ചത് കൊണ്ടാണല്ലോ മുഹമ്മദ് ഗോറിയും ബാബറുമൊക്കെ ഇന്ത്യയിലേക്ക് വന്നത്. ഈ വസ്തുതകളൊക്കെ ഇന്ന് വെളിച്ചത്തുണ്ടല്ലോ?
കഴിഞ്ഞ ജൂലൈയില്‍ പാര്‍ലിമെന്ററി കമ്മിറ്റിക്ക് സമര്‍പ്പിച്ച ഒരു ഗവേഷക റിപോര്‍ട്ടില്‍ കേരളത്തിലെ ചരിത്ര പാഠപുസ്തകങ്ങളില്‍ മുസ്ലിംകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും ഹിന്ദുക്കളെ അവഗണിച്ചിരിക്കുകയാണെന്നുമുള്ള ഒരു അവാസ്തവം പ്രസ്താവിച്ചിരുന്നു. കേരളത്തിലെ ചരിത്ര പാഠപുസ്തകത്തില്‍ മുസ്ലിംകളെ കുറിച്ച് കാര്യമായിട്ടൊന്നും ഇല്ല എന്നതാണ് വാസ്തവം. ഇന്ത്യയിലെ മുസ്ലിം ഭരണത്തെ കുറിച്ചോ, അവരുടെ പ്രസ്ഥാനങ്ങളെ കുറിച്ചോ കാര്യമായൊന്നും കേരളത്തിലെ ചരിത്ര പുസ്തകങ്ങള്‍ പറയുന്നില്ല. കേരളത്തില്‍ നവോത്ഥാനം സൃഷ്ടിച്ച മഖ്ദൂമിനെ കുറിച്ചോ മമ്പുറം തങ്ങളെ കുറിച്ചോ ഒന്നുമില്ല. ജാതി ചിന്ത ഏറ്റവും കൂടുതല്‍ പുലര്‍ത്തിയിരുന്ന കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചതില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും പങ്കുണ്ട്. എന്നാല്‍ എന്തുകൊണ്ടോ കേരളത്തിലെ ചരിത്രമെഴുത്തുകാര്‍ ഇതൊന്നും കാണാതെ പോയി. ഇക്കാര്യങ്ങളൊക്കെ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മത നേതാക്കള്‍ക്ക് നേരമില്ലാതെയും പോയി. എന്നിട്ടും ഗവേഷക റിപോര്‍ട്ടില്‍ പറയുകയാണ്, കേരള ചരിത്ര പുസ്തകങ്ങളില്‍ മുസ്ലിംകള്‍ക്ക് അമിതമായ സ്ഥാനം നല്‍കി എന്നിങ്ങനെ. പബ്ലിക് പോളിസി റിസര്‍ച്ച് സെന്റര്‍ (പി പി ആര്‍ സി) എന്ന സംഘടനയാണ് റിപോര്‍ട്ടുമായി വന്നത്. ഇവര്‍ എന്‍ സി ഇ ആര്‍ ടി പുസ്തകങ്ങളിലും മുസ്ലിംകളെ കൂടുതലായി പരാമര്‍ശിച്ചിരിക്കുന്നു എന്ന കള്ളം പറഞ്ഞ് വിലപിക്കുന്നവരാണ്.
ഈ റിപോര്‍ട്ടില്‍ ഗുജറാത്ത് സര്‍ക്കാറിനെ നന്നായി പുകഴ്ത്തുന്നു. ഗുജറാത്ത് സര്‍ക്കാര്‍ ജാതി വ്യവസ്ഥയെ കുറിച്ച് കൂടുതലായി പറഞ്ഞ് ഹിന്ദു ധര്‍മത്തെ ഇകഴ്ത്തുന്നില്ല എന്നതാണ് ഒരു ന്യായം. കൂടാതെ മുസ്ലിം ചരിത്രത്തെ ആവശ്യത്തിന് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ എന്നതും. എട്ടാം ക്ലാസ്സ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ ആധുനിക ഇന്ത്യയെ കുറിച്ചുള്ള പാഠങ്ങളില്‍ ഗാന്ധിജിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും അമിതമായി പരാമര്‍ശിക്കുന്നു എന്നതാണ് ഇവരുടെ മറ്റൊരു കണ്ടെത്തല്‍. അതേസമയം സര്‍ദാര്‍ പട്ടേല്‍, ബാല ഗംഗാധര തിലക്, ഭഗത് സിംഗ്, ഖുദി റാം ബോസ്, സൂര്യ സെന്‍ എന്നിവരെ കുറിച്ച് പരാമര്‍ശിക്കുന്നേയില്ല. ഇതില്‍ കോണ്‍ഗ്രസ്സിന് കൂടി പങ്കുണ്ട്. ഇവര്‍ ഐ എന്‍ എ ചരിത്രം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്ര്യ സമരങ്ങള്‍ എന്നിവ വെട്ടിയിരുന്നു. കോണ്‍ഗ്രസ്സ്- മുസ്ലിം ലീഗ് തര്‍ക്കങ്ങളെ സാമുദായികമായി ചിത്രീകരിക്കാനും കോണ്‍ഗ്രസ്സ് ചരിത്രം ശ്രമിച്ചു. മുസ്ലിംകളായ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും വേണ്ടത്ര ഇടം നല്‍കിയില്ല. അങ്ങനെയാണ് സ്വാതന്ത്ര്യത്തിന് വേണ്ടി ഗര്‍ജിച്ച മുഹമ്മദലിയും ഇഖ്ബാലുമൊക്കെ അപ്രസക്തരായത്. ഇഖ്ബാലിനെ പാക്കിസ്ഥാന്റെ ജനയിതാവാക്കി തള്ളാനും ശ്രമം നടത്തി. അദ്ദേഹത്തിന്റെ സാരേ ജഹാന്‍ സെ അച്ചാ രണ്ടാം സ്ഥാനത്തേക്ക് തള്ളിയതിലും കാരണമന്വേഷിക്കാനില്ല.
ഈയടുത്താണ് തെലങ്കാനയിലെ പാഠപുസ്തകത്തില്‍ ഭീകരത പഠിപ്പിക്കാന്‍ വേണ്ടി ഒരു കൈയില്‍ ഖുര്‍ആനും മറു കൈയില്‍ വാളും പിടിച്ചു കൊണ്ടുള്ള ഒരാളുടെ ചിത്രം വരച്ചു വിട്ടത്. വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ ഇസ്ലാമിനെതിരെ ഗൂഢ സന്ദേശം നല്‍കുമെന്നുറപ്പാണ്. അതിനെതിരെ ചില വിമര്‍ശങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും മുസ്ലിം നേതാക്കളും നടത്തിയിരുന്നു. ഇങ്ങനെ മിക്ക സര്‍ക്കാറുകളും ഒരു സമുദായത്തെ അപ്പാടെ തിരസ്‌കരിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നതില്‍ വാശി പിടിക്കുകയാണ്. 2014ല്‍ മോദി അധികാരത്തിലേറിയ ഉടനെ ആര്‍ എസ് എസ് തീരുമാനിച്ചതാണ് ചരിത്ര തമസ്‌കരണം. ആര്‍ എസ് എസ് പറയുന്നത് മാത്രം ചരിത്രമായി അംഗീകരിക്കുകയും അവര്‍ ശത്രുക്കളാക്കി വെച്ചവരെ ചരിത്രത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യുക എന്നതും. ഇതിന് വേണ്ടി ആര്‍ എസ് എസ് ഭാരതീയ ശിക്ഷാ നിതി ആയോഗ് എന്ന പേരില്‍ ഒരു സംഘത്തെയും പടച്ചു. ദീനനാഥ് ബത്ര എന്നയാളെ അതിന്റെ ചെയര്‍മാനാക്കി. ഇദ്ദേഹം ജ്യോതിഷവും രാമായണവും ഗണപതിയും പുഷ്പക വിമാനവുമൊക്കെ ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാക്കി. മതേതര ചരിത്രത്തെ അദ്ദേഹം ശാസ്ത്രീയമായ ഒരു തെളിവുമില്ലാതെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരുന്നു. മുസ്ലിം കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലമാക്കി. ഐ സി എച്ച് ആറിന്റെ തലപ്പത്ത് വന്ന സുന്ദരേശന്‍, ബിത്രയുടെ കള്ളക്കഥകള്‍ക്ക് ഔദ്യോഗിക മൂടുപടമണിയിച്ചു. ചരിത്രവും മിത്തോളജിയും പരസ്പരം ബന്ധപ്പെട്ടതാണെന്നും വേദങ്ങളിലെയും പുരാണങ്ങളിലെയും സന്ദര്‍ഭങ്ങള്‍ ചരിത്രപരമായി വ്യാഖ്യാനിക്കണമെന്നും ബിത്ര ആവശ്യപ്പെട്ടു. 2018ന് മുമ്പ് തന്നെ എന്‍ സി ആര്‍ ടിയുടെ 182 പുസ്തകങ്ങള്‍ പരിശോധിച്ച് 1,334 ഇടങ്ങളില്‍ തിരിമറി നടത്തി. പണ്ഡിറ്റ് ജവഹര്‍ലാലിനെയും ഗാന്ധിജിയെയും വെട്ടുകയോ വില കുറക്കുകയോ ചെയ്തു. ഏറ്റവും വലിയ വിപ്ലവകാരനും ദേശീയ വാദിയുമായി വി ഡി സവര്‍ക്കറെ പ്രതിഷ്ഠിച്ചു. അക്ബറെ ഒഴിവാക്കി പകരം രാജാ പ്രതാപിനെ മഹാനാക്കി. ഇതൊന്നും പോര എന്നാണ് പുതിയ ഗവേഷകന്‍മാര്‍ പറയുന്നത്.
source https://www.sirajlive.com/truncated-facts.html
Post a Comment