സ്വതന്ത്ര ഇന്ത്യയിലെ ദാരുണമായ മൂന്ന് കുറ്റകൃത്യങ്ങള്‍ ആദ്യം പരിശോധിക്കാം. ഒന്ന്, ഗാന്ധിവധം. കൊലയാളി ചിത്പാവന്‍ ബ്രാഹ്‌മണനായ നാഥുറാം വിനായക് ഗോഡ്‌സെ. ഹിന്ദുത്വയുടെ പ്രോല്‍ഘാടകനായ വി ഡി സവര്‍ക്കറുടെ ശിഷ്യന്‍. ഗോഡ്‌സെയുടെ കൂട്ടാളികള്‍ ഗോപാല്‍ ഗോഡ്സെ, മദന്‍ലാല്‍ പഹ്വ, നാരായണ്‍ ആപ്തെ, വിഷ്ണു കര്‍ക്കരെ മുതല്‍ പേര്‍. എല്ലാവരും ഹിന്ദുത്വയില്‍ മുങ്ങിക്കുളിച്ചവര്‍. ആര്‍ എസ് എസില്‍ പ്രചോദിതരായവര്‍. ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ളവര്‍. ആ പാതകത്തിലെ ഗൂഢാലോചന വേണ്ടവിധം അന്വേഷിക്കപ്പെട്ടില്ല. അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ താത്പര്യം കാണിച്ചില്ല എന്ന് പറയുന്നതാകും ശരി. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ വി ഡി സവര്‍ക്കര്‍ ഇന്ന് പാര്‍ലിമെന്റില്‍ പടമായി തൂങ്ങുമായിരുന്നില്ല, ആര്‍ എസ് എസ് ഇന്ന് കാണുന്ന പ്രതാപത്തിലോ പേരിലോ ഉണ്ടാകുമായിരുന്നില്ല! രണ്ട്, ബാബരി മസ്ജിദ് പൊളിക്കല്‍. വി എച്ച് പി, ആര്‍ എസ് എസ്, ശിവസേന ഉള്‍പ്പെടെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്ന കര്‍സേവയാണ് ബാബരി മസ്ജിദ് തകര്‍ത്തു മണ്ണോട് ചേര്‍ത്തത്. പൊളിക്കലിന് മുന്നോടിയായി അയോധ്യയിലേക്ക് രഥയാത്ര നയിച്ചത് ലാല്‍കൃഷ്ണ അഡ്വാനി. അശോക് സിംഗാള്‍, വിനയ് കത്യാര്‍, സ്വാധി ഋതംബര മുതല്‍ നേതാക്കളുടെ ആക്രോശങ്ങള്‍ ബാബരി തകര്‍ച്ചയെ വേഗപ്പെടുത്തിയെന്നു രേഖകള്‍.
മൂന്ന്, ഗുജറാത്ത് വംശഹത്യ. കാലം 2002. സംസ്ഥാനം ഭരിച്ചത് ബി ജെ പി. മുഖ്യമന്ത്രി നരേന്ദ്ര മോദി. കൊന്നുതള്ളിയത് രണ്ടായിരത്തിലേറെ മുസ്ലിംകളെ (അതിലേറെയെന്ന് സ്വതന്ത്രാന്വേഷണ സമിതികള്‍). ബലാത്സംഗം ചെയ്യപ്പെട്ട മുസ്ലിം സ്ത്രീകളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. അഭയാര്‍ഥികളായത് പതിനായിരക്കണക്കിന് മുസ്ലിംകള്‍. കൊള്ളയടിക്കപ്പെട്ടത് മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍. നഷ്ടം ശതകോടികള്‍. അഴിഞ്ഞാടിയത് സംഘ്പരിവാര്‍. നേതൃത്വം നല്‍കിയത് സര്‍ക്കാറിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ.
സ്വതന്ത്ര ഇന്ത്യയില്‍ ആര്‍ എസ് എസ് നടത്തിയ എണ്ണമറ്റ വംശീയ കലാപങ്ങള്‍. ഏകപക്ഷീയമായ മുസ്ലിം വിരുദ്ധ ഹത്യകള്‍. എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്ന സത്യസന്ധമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. ഇനി പുറത്തുവരാനും പോകുന്നില്ല.
2020ല്‍ ഡല്‍ഹിയില്‍ നടന്ന കലാപം ഓര്‍ക്കുക. രാജ്യതലസ്ഥാനത്ത് മുസ്ലിം വേട്ടക്കിറങ്ങിയ ഹിന്ദു വര്‍ഗീയവാദികള്‍ക്ക് സഹായം നല്‍കിയത് ഡല്‍ഹി പോലീസ് എന്ന് ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 2002ല്‍ ഗുജറാത്തിലെന്ന പോലെ 2020ല്‍ ഡല്‍ഹിയില്‍ പോലീസ് അക്രമികള്‍ക്കൊപ്പം ചേര്‍ന്നു. ആ കലാപത്തിന് വഴിയൊരുക്കിയ പ്രകോപന പ്രസംഗം നടത്തിയ കപില്‍ മിശ്ര നിയമത്തിന്റെ പിടിയില്‍ നിന്ന് വഴിമാറി നടക്കുന്നു ഇപ്പോഴും. അയാള്‍ക്കെതിരെ കേസെടുക്കണമെന്ന് പോലീസിനോട് നിര്‍ദേശിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ രായ്ക്കുരാമാനം സ്ഥലം മാറ്റി കപില്‍ മിശ്രക്ക് രക്ഷയൊരുക്കി കേന്ദ്രം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജഹാംഗീര്‍പുരിയില്‍ മുസ്ലിംകള്‍ക്കെതിരെ കലാപം അഴിച്ചുവിടാന്‍ ഹിന്ദുത്വ ഭീകരര്‍ക്കു വഴിയൊരുക്കിയത് ഇതേ പോലീസെന്ന് ഇടതു വസ്തുതാന്വേഷണ സംഘം. ആര്‍ എസ് എസ് എപ്പോഴൊക്കെ ആഗ്രഹിക്കുന്നുവോ അപ്പോഴെല്ലാം കലാപങ്ങള്‍ ഉണ്ടാകുന്നു. അത് രാജ്യത്ത് എവിടെയും സംഭവിക്കാം. കേരളത്തില്‍ അത് സംഭവിക്കാത്തത് ഇടതു രാഷ്ട്രീയത്തിന് ആഴത്തിലുള്ള വേരുകള്‍ ഉണ്ടെന്നതിനാലാണ്. ആര്‍ എസ് എസിനോട് കായികമായിത്തന്നെ ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട് അവര്‍ക്ക് പലപ്പോഴും. അവരുടെ നിലപാടുകളില്‍ സമീപ കാലത്ത് ഇടര്‍ച്ചകള്‍ കാണാമെങ്കിലും സംഘ്പരിവാറിനെ പ്രതിരോധിച്ചതില്‍ അവരുടെ പങ്ക് നിഷേധിക്കാവതല്ല. കേരളത്തിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗുമൊക്കെ അവരുടേതായ രാഷ്ട്രീയ പങ്കാളിത്തം വഹിക്കുന്നുണ്ട് എന്നും കാണാതിരിക്കാനാകില്ല. തലശ്ശേരി കലാപം പോലെ ഒറ്റപ്പെട്ട ചില ഏടുകള്‍ കേരളത്തിലും ഉണ്ട് ഓര്‍ത്തെടുക്കാന്‍ എന്നത് മറക്കുന്നില്ല. അത് തലശ്ശേരിക്ക് പുറത്തേക്ക് വ്യാപിക്കാതിരുന്നതും കേരളത്തിന്റെ പൊതുബോധവും രാഷ്ട്രീയബോധവും കലാപങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ്.
പറഞ്ഞുവന്നത് കലാപങ്ങളെ കുറിച്ചാണ്. രാജ്യത്തു നടന്ന കലാപങ്ങള്‍ ഏറെയും സംഘ്പരിവാറാണ് തുടക്കം കുറിച്ചത്. കലാപ കാലങ്ങളില്‍ മിക്കയിടങ്ങളിലും പോലീസ് കലാപകാരികള്‍ക്കൊപ്പം ആയിരുന്നു. അന്വേഷണ കമ്മീഷനുകള്‍ അക്കാര്യം എടുത്തുപറയുന്നുണ്ട് റിപോര്‍ട്ടുകളില്‍. കലാപക്കേസുകളില്‍ കാര്യമായ അന്വേഷണമോ അറസ്റ്റോ ശിക്ഷയോ ഉണ്ടായിട്ടില്ലെന്ന് കൂടിവേണം ചരിത്ര വായനയില്‍ നിന്ന് മനസ്സിലാക്കാന്‍.
ഇന്നിപ്പോള്‍ സംഭവിക്കുന്നത് എന്താണ്? രാജ്യവ്യാപകമായി മുസ്ലിംകള്‍ ആക്രമിക്കപ്പെടുന്നു, പള്ളികള്‍ അക്രമികളുടെ ലക്ഷ്യമാകുന്നു, മുസ്ലിംകളുടെ കച്ചവട സ്ഥാപനങ്ങള്‍ കത്തിക്കുന്നു, കൊള്ളയടിക്കുന്നു. ഒരു സമുദായത്തെ ദ്രോഹിക്കാവുന്നതിന്റെ അങ്ങേയറ്റം സംഭവിക്കുന്നു. അതിനു വേണ്ടി രാമനവമി പോലുള്ള ഹൈന്ദവ ആഘോഷ ദിനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നു. എന്നിട്ട് കേസില്‍ അറസ്റ്റ് ചെയ്യുന്നതോ ഇരകളാക്കപ്പെട്ട മുസ്ലിംകളെ തന്നെ. ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഇപ്പോള്‍ അതാണ് കാണുന്നത്.
ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിലും യഥാര്‍ഥ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും പോലീസ് അലംഭാവം കാണിക്കുന്നു, ഭരണകൂടം അക്രമികള്‍ക്ക് തണലൊരുക്കുന്നു, കോടതികള്‍ മെല്ലെപ്പോക്ക് നയമാക്കുന്നു, അന്വേഷണ ഏജന്‍സികള്‍ ഹിന്ദുത്വക്ക് അനുകൂലമായി റിപോര്‍ട്ടുകള്‍ തട്ടിക്കൂട്ടുന്നു. ചുരുക്കത്തില്‍ ഭൂരിപക്ഷ വര്‍ഗീയതക്ക് എല്ലാ നിലക്കും പരിചരണം ലഭിക്കുന്നു, പ്രതികള്‍ സംരക്ഷിക്കപ്പെടുന്നു. ദാദ്രിയില്‍ മുഹമ്മദ് അഖ്്‌ലാഖിനെ തല്ലിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരിക്കെ രോഗബാധിതനായി മരിച്ച പ്രതിയുടെ ശവശരീരത്തിനു മേല്‍ ദേശീയ പതാക പുതപ്പിച്ച് ‘ആദരിച്ച’ അനുഭവം നമ്മുടെ മുമ്പിലുണ്ട്. അത് മാത്രമോ, രവീണ്‍ സിസോദിയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം നടത്തിയ വിലപേശല്‍ അന്നത്തെ യു പി സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാണ് പരിഹരിച്ചത്! ആ കേസിലെ പ്രതികള്‍ക്ക് ദാദ്രിയിലെ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനിലെ പ്രൈവറ്റ് ഫേമില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ഉറപ്പാക്കാന്‍ മുന്‍കൈയെടുത്തതും ബി ജെ പി നേതാക്കള്‍. ആ കേസിലെ മുഖ്യപ്രതിയെ മുന്നിലിരുത്തി ഒരു തിരഞ്ഞെടുപ്പ് വേദിയില്‍ സംഭവത്തെ ന്യായീകരിക്കുന്ന മട്ടില്‍ യു പി മുഖ്യമന്ത്രി ആദിത്യനാഥ് സംസാരിച്ചതും ഓര്‍ക്കുക. കശ്മീരില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് എട്ട് വയസ്സുകാരി നാടോടി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കു വേണ്ടി രംഗത്തിറങ്ങിയത് ബി ജെ പി. എം എല്‍ എ ഉള്‍പ്പെടെ ആയിരുന്നു എന്നതും മറക്കരുത്. എണ്ണിപ്പറയാന്‍ ഇനിയും ഏറെയുണ്ട്. മറ്റേത് രാജ്യത്താണ് ഇങ്ങനെ സംഭവിക്കുക? കുറ്റവാളികള്‍ക്ക് കൈയാമം വെക്കേണ്ട ഭരണാധികാരികള്‍ അതിനെ സത്പ്രവൃത്തിയായി കണ്ട് അഭിനന്ദിക്കുകയാണ്! ഏറ്റവും ആപത്കരം ഭൂരിപക്ഷ വര്‍ഗീയതയാണ് എന്ന, സി പി എം നേതാവും മന്ത്രിയുമായ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശം ശരിവെക്കുന്ന ചരിത്രവും വര്‍ത്തമാനവുമാണ് ഇന്ത്യയുടേത്.
അതിനര്‍ഥം ന്യൂനപക്ഷ സമുദായങ്ങളില്‍ വര്‍ഗീയ ചിന്തകള്‍ ഇല്ലെന്നല്ല. സമീപ വര്‍ഷങ്ങളില്‍ ക്രൈസ്തവ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണം കണ്ടില്ലെന്നു നടിക്കാനാകില്ല. ഹിന്ദുത്വ ശക്തികളുടെ ചുവടുപിടിച്ചുകൊണ്ട് കാസ പോലുള്ള ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ സമൂഹത്തെ മതപരമായി വിഭജിക്കുന്നതിനുള്ള വര്‍ഗീയപ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ടെക്സ്റ്റ് ആയും വോയ്‌സ് നോട്ടുകളായും ഈ വര്‍ഗീയത ഒഴുകിപ്പരക്കുകയാണ്. ഉത്തരവാദപ്പെട്ട സഭാധ്യക്ഷന്മാര്‍ പോലും തെറ്റായ പ്രചാരണങ്ങളുടെ ഭാഗമാകുന്നുണ്ട്. ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, മതപരിവര്‍ത്തനം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ് തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. പക്ഷേ, അതിനെതിരെ ക്രൈസ്തവ സഭകളില്‍ നിന്ന് തന്നെ പ്രതിരോധം ഉണ്ടാകുന്നുണ്ട്. ഫാദര്‍ പോള്‍ തേലക്കാട്ടിനെ പോലുള്ള വിവേകശാലികള്‍ വിശ്വാസികളെ നേര്‍വഴിക്കു നയിക്കാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നു എന്നതാണ് ആശാവഹമായ കാര്യം.
മുസ്ലിം സമുദായത്തിലെ അതിസൂക്ഷ്മ ന്യൂനപക്ഷത്തെ വര്‍ഗീയത ഗ്രസിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാവതല്ല. ബാബരി മസ്ജിദ് തകര്‍ച്ചയോടെ സമുദായത്തില്‍ രൂപപ്പെട്ടുവന്ന അരക്ഷിതാവസ്ഥയാണ് അതിനു നിലമായത്. എങ്കില്‍പ്പോലും അതൊരു വടവൃക്ഷമായി പടരാതിരുന്നത് സമുദായത്തില്‍ ഉണ്ടായ ജാഗ്രതയുടെ ഫലമാണ്. വര്‍ഗീയതയിലേക്ക് യുവതയുടെ മനസ്സ് ചാഞ്ഞുപോയിക്കൂടാ എന്ന നിഷ്‌കര്‍ഷയോടെ ക്യാമ്പയിനുകള്‍ നടത്തിയും മഹല്ലുകള്‍ തോറും ബോധവത്കരണം സംഘടിപ്പിച്ചും പ്രബല മതസംഘടനകള്‍ ബാബരിയാനന്തര വൈകാരികതയുടെ കനലില്‍ വെള്ളമൊഴിച്ചു. സമുദായത്തിലെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലക്ക് മുസ്ലിം ലീഗ് അവര്‍ക്ക് സ്വാധീനമുള്ളയിടങ്ങളില്‍ ഇത്തരം പ്രതിപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് വര്‍ഗീയതക്കെതിരായ ക്യാമ്പയിനില്‍ പങ്കാളിയായി. സമുദായം കൈക്കൊണ്ട ഈ ജാഗ്രതയുടെ ഫലമായി വര്‍ഗീയത സ്ഥാപനവത്കരിക്കപ്പെടുന്ന സ്ഥിതി മുസ്ലിംകളില്‍ സംഭവിച്ചില്ല. ഹിന്ദുത്വ വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചുകൊണ്ടുതന്നെ ഹൈന്ദവ, ക്രൈസ്തവ സമുദായങ്ങളുമായി സംവാദത്തിന്റെയും ഒത്തിരുപ്പിന്റെയും കൂടുതല്‍ വേദികള്‍ ഒരുക്കുകയാണ് മുസ്ലിം സംഘടനകള്‍ ചെയ്തത്. മുസ്ലിം യുവാക്കളെ വൈകാരികമായി പ്രചോദിപ്പിക്കുന്ന സംഘടനകള്‍ക്ക് പോലും പരമതദ്വേഷം പ്രചരിപ്പിക്കാന്‍ കഴിയാത്തവിധം സമുദായ സൗഹാര്‍ദത്തിന്റെ ഒരന്തരീക്ഷം കേരളത്തിലുണ്ടാക്കാന്‍ ഇതുവഴി സാധിച്ചു. അതിനപ്പുറം ഇതര സമുദായങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവരുണ്ടാകാം; അവര്‍ എണ്ണം കൊണ്ട് അതിസൂക്ഷ്മ ന്യൂനപക്ഷമാണ്. ആ അസഹിഷ്ണുത പുറത്തുപറയാന്‍ കഴിയാത്തത്രയും അധീരമാണ് അവരുടെ സ്ഥിതി. പക്ഷേ കേരളത്തിലെ ഈ ചെറുസംഘത്തെ ചൂണ്ടിയാണ് ദേശീയതലത്തില്‍ സംഘ്പരിവാരം മുസ്ലിംവിരുദ്ധ നരേഷനുകള്‍ വികസിപ്പിക്കുന്നത്. പാലക്കാട് കഴിഞ്ഞ ദിവസം ആര്‍ എസ് എസ് നേതാവ് കൊല്ലപ്പെട്ടതിനെ എങ്ങനെയാകും ആര്‍ എസ് എസ് ദേശീയമായി അവതരിപ്പിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുസ്ലിംകള്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണ് എന്നാകും പ്രചാരണം. സംഘടനാപരമായ മേല്‍ക്കോയ്മക്ക് വേണ്ടിയുള്ള കൊലയാണ്, അവിടെ ആദ്യത്തെ കൊല നടത്തിയത് ആര്‍ എസ് എസ് ആണ് എന്നതൊന്നും എവിടെയും ഉണ്ടാകില്ല. ഏത് നുണയും തീ വേഗത്തില്‍ പടര്‍ത്താന്‍ സംഘ്പരിവാറിന് കഴിയും. കാരണം ഭൂരിപക്ഷ വര്‍ഗീയത സ്ഥാപനവത്കരിക്കപ്പെട്ടതും അധികാരസ്വഭാവം ആര്‍ജിച്ചതുമാണ്. ആ നുണകളെ പ്രതിരോധിക്കാനുള്ള ടൂളുകള്‍ മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൈയില്‍ പോലുമില്ല. ആ ബോധ്യമാണ് കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയിലൂടെ കേരളത്തിലെ ഒരു മന്ത്രി മാധ്യമങ്ങളോട് പങ്കിട്ടത്. ആ നിലപാടിനോട് ചേര്‍ന്നുനില്‍ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കഴിയേണ്ടതായിരുന്നു. രമേശ് ചെന്നിത്തല പക്ഷേ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരേ ത്രാസിലിട്ട് തൂക്കാനാണ് ഉദ്യമിച്ചത്. ചരിത്രബോധമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ ആവേശം പകരുന്നത് സംഘ്പരിവാറിനാണ് എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് സാധിക്കേണ്ടതാണ്.
source https://www.sirajlive.com/majority-racism-or-minority-racism.html
إرسال تعليق