സംസ്ഥാന സർക്കാറിന്റെ പുതിയ സംരംഭമായ സ്വിഫ്റ്റ് ബസ് തുടർച്ചയായി അപകടത്തിൽ പെടുന്നത് വിവാദമായിരിക്കയാണ്. ഏപ്രിൽ പതിനൊന്നിനാണ് സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങിയത്. അന്നു തന്നെ തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തും മലപ്പുറം ജില്ലയിലെ കോട്ടക്കൽ ചങ്കുവെട്ടിയിലും ബസുകൾ അപകടത്തിൽ പെട്ടു. ഏപ്രിൽ 13നു കുന്നംകുളത്തും ഏപ്രിൽ 14നു താമരശ്ശേരി ചുരം എട്ടാം വളവിലും അപകടമുണ്ടായി. ബസുകൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നത് പരിചയമില്ലാത്ത ഡ്രൈവർമാരെ ബസ് ഓടിക്കാൻ നിയോഗിച്ചതു കൊണ്ടാണെന്നും കെ എസ് ആർ ടി സിയിൽ മികച്ച ഡ്രൈവർമാരുണ്ടായിട്ടും അവരെ നിയോഗിച്ചില്ലെന്നും കെ എസ് ആർ ടി സി യൂനിയനുകൾ കുറ്റപ്പെടുത്തുന്നു. എന്നാൽ ആദ്യ ദിവസത്തെ രണ്ട് അപകടങ്ങളും ആസൂത്രിതമാണ്, സ്വിഫ്റ്റ് വിരുദ്ധലോബിയാണ് ഇതിനു പിന്നിലെന്നാണ് കെ എസ് ആർ ടി സി. എം ഡി ബിജു പ്രഭാകർ പറയുന്നത്. മുമ്പും കെ എസ് ആർ ടി സി പുതിയ സർവീസുകൾ ആരംഭിച്ചാൽ അപകടത്തിൽ പെടുന്ന ചരിത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടങ്ങളെക്കുറിച്ചു അന്വേഷിക്കണമെന്നു ഡി ജി പിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട് എം ഡി.
കെ എസ് ആർ ടി സിയെ നഷ്ടത്തിൽനിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി പ്രഖ്യാപിച്ച പദ്ധതിയാണ് കെ-സ്വിഫ്റ്റ് ബസ് സർവീസ്. അനധികൃത സ്വകാര്യ ബസുകൾ കൈയടക്കിയ ദീർഘദൂര റൂട്ടുകളിൽ സുരക്ഷ ഉറപ്പ് നൽകി വൃത്തിയുള്ള, അത്യാധുനിക സംവിധാനങ്ങളുള്ള ബസുകൾ ഇറക്കി സർവീസുകൾ നടത്തുക വഴി ഈ റൂട്ടുകളെ സ്വകാര്യ ബസ് ലോബിയുടെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുകയും കെ എസ് ആർ ടി സിയുടെ വരുമാനം വർധിപ്പിക്കുകയുമാണ് സ്വിഫ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക. സ്വിഫ്റ്റ് സർവീസിനായി സർക്കാർ 116 പുതിയ ബസുകൾ വാങ്ങിയിട്ടുണ്ട്. ഇവയിൽ 28 എണ്ണം എ സിയും എട്ടെണ്ണം എ സി സ്ലീപ്പറും 20 എണ്ണം എ സി സെമി സ്ലീപ്പറുമാണ്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ ബസുകൾ നിരത്തിൽ ഇറക്കുന്നത്. ഒരു സ്വതന്ത്ര കമ്പനിയായാകും സ്വിഫ്റ്റ് പ്രവർത്തിക്കുക. കെ എസ് ആർ ടി സിയുടെ ഡ്യൂട്ടി സംവിധാനവും നിയമവ്യവസ്ഥകളും ഇതിനു ബാധകമല്ല. കരാർ അടിസ്ഥാനത്തിലാണ് ഇതിനകം 325 പേർക്കു സ്വിഫ്റ്റിൽ നിയമനം നൽകിയത്.
സ്വിഫ്റ്റ് സർവീസ് പ്രഖ്യാപനം വന്നപ്പോൾ തന്നെ അതിനെതിരെ എതിർപ്പ് ആരംഭിച്ചിരുന്നു കെ എസ് ആർ ടി സി തൊഴിലാളി യൂനിയനുകളും ദീർഘദൂര സ്വകാര്യ ബസ് ലോബിയും. സ്വിഫ്റ്റ് പ്രത്യേക കമ്പനയാക്കുന്നതിനോടും ജീവനക്കാരെ കെ എസ് ആർ ടി സിയിൽ നിന്നെടുക്കാതെ കരാർ അടിസ്ഥാനത്തിൽ പുതിയ നിയമനം നടത്തുന്നതിലുമാണ് യൂനിയനുകൾക്ക് എതിർപ്പ്. സ്വിഫ്റ്റിലെ കരാർ നിയമനങ്ങൾ ക്രമേണ കെ എസ് ആർ ടി സിയിലേക്കും വ്യാപിച്ചേക്കുമെന്നാണ് യൂനിയനുകളുടെ ആശങ്ക. ട്രാൻസ്‌പോർട്ട് കോർപറേഷനെ സ്വകാര്യവത്കരിക്കുന്നതിന്റെ മുന്നോടിയാണ് ഈ നീക്കമെന്നും അവർ ആരോപിക്കുന്നു. സ്വിഫ്റ്റ് സർവീസിനെതിരെ കോടതിയെ സമീപിച്ചിട്ടുമുണ്ട് ചില പ്രതിപക്ഷ യൂനിയനുകൾ. ഭരണപക്ഷ യൂനിയനുകളുടെ രഹസ്യ പിന്തുണയും അവർക്കുണ്ട്. സ്വിഫ്റ്റിന്റെ ദീർഘദൂര സർവീസുകളിൽ, സ്വകാര്യ ബസുകൾ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ തുകയാണ് ഈടാക്കുന്നത്. ഇത് സ്വകാര്യ ബസുകളുടെ വരുമാനത്തെ ബാധിക്കുമെന്നതാണ് അവരുടെ എതിർപ്പിനു കാരണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളെ മുൻനിർത്തി വലിയ പ്രചാരണമാണ് സ്വിഫ്റ്റ് ബസുകൾക്കെതിരെ കെ എസ് ആർ ടി സി യൂനിയനുകളും സ്വകാര്യ ബസ് ലോബിയും ചില മാധ്യമങ്ങളും നടത്തിവരുന്നത്.
നിസ്സാരമാണ് കന്നിയാത്രയിൽ കല്ലമ്പലത്തും ചങ്കുവെട്ടിയിലും സ്വിഫ്റ്റ് ബസുകൾ വരുത്തിയ അപകടങ്ങൾ. ആളപായമില്ല രണ്ടിലും. ബസുകൾക്കു ചെറിയ ചില പരുക്കുകൾ സംഭവിച്ചുവെന്നു മാത്രം. ഇത്തരം ചെറിയ അപകടങ്ങൾ ഗതാഗത മേഖലയിൽ ഒരു സാധാരണ സംഭവമാണ്. എന്നാൽ സ്വിഫ്റ്റ് അപകടങ്ങൾക്കു വലിയ വാർത്താപ്രാധാന്യമാണ് ചില മാധ്യമങ്ങൾ നൽകിയത്. സ്വിഫ്റ്റുകളിൽ യാത്ര സുരക്ഷിതമല്ലെന്ന വിലയിരുത്തൽ വരെയുണ്ടായി. ഇതിനു പിന്നിൽ അന്തർ സംസ്ഥാന റൂട്ടുകളിൽ ഇരട്ടി ചാർജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ബസ് ഓപറേറ്റർമാരാണെന്നാണ് കെ എസ ്ആർ ടി സി മാനേജ്‌മെന്റ്സ്ഥാപനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. സിഫ്റ്റ് സർവീസ് ആരംഭിച്ചത് മുതൽ മുൻവിധിയോടുകൂടിയാണ് ചില മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്നും മാനേജ്‌മെന്റ് കുറ്റപ്പെടുത്തുന്നു. വൻകിട ബസ് കമ്പനികൾ അടക്കി വാഴുന്ന റൂട്ടുകളിലാണ് പ്രധാനമായും സ്വിഫ്റ്റ് സർവീസ് നടത്തുന്നത്. യാത്രക്കാർ കൂടുതലുള്ള ഉത്സവ സീസണുകളിലും വാരാന്തങ്ങളിലും സാധാരണ ദിവസത്തേക്കാൾ രണ്ടും മൂന്നും ഇരട്ടി ചാർജാണ് സ്വകാര്യബസുകൾ ഈടാക്കുന്നത്. പ്രത്യേക ദിനങ്ങളിലും സാധാരണ ദിനങ്ങളിലും ഒരേ നിരക്കു ഈടാക്കുന്ന സ്വിഫ്റ്റിന്റെ വരവോടെ പ്രൈവറ്റ് ബസ് ലോബിക്ക് കൊള്ളലാഭമെടുക്കാനാകില്ല. അതാണവരുടെ എതിർപ്പിനു പ്രധാന കാരണം. ബെംഗളൂരു- എറണാകുളം റൂട്ടിൽ സ്വകാര്യ വോൾവോ ബസുകളും സ്വിഫ്റ്റ് ബസുകളും തമ്മിലുള്ള ചാർജിലുള്ള വലിയ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് സ്വിഫ്റ്റിനെതിരെ നടക്കുന്ന ആസൂത്രിത പ്രചാരണങ്ങളെ കെ എസ് ആർ ടി സി മാനേജ്‌മെന്റ്പ്രതിരോധിക്കുന്നത്. ബെംഗളൂരു റൂട്ടിൽ സ്വകാര്യ ബസുകൾ കൊള്ളനിരക്കുകൾ ഈടാക്കുന്നതായി നേരത്തേ മാധ്യമങ്ങളിൽ വന്ന വാർത്ത കെ എസ് ആർ ടി സി മാനേജ്‌മെന്റിന്റെ ഈ വാദം ശരിവെക്കുന്നുണ്ട്. സ്വിഫ്റ്റ് സർവീസ് തുടങ്ങിയതോടെ സ്വകാര്യ ഓപറേറ്റർമാരുടെ വോൾഗോ ബസുകൾ നിരക്കു കുറച്ചുവെന്നതും ശ്രദ്ധേയമാണ്. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് സ്വിഫ്റ്റ് ബസുകൾക്കു ലഭിക്കുന്നതെന്നും അറിയുന്നു. എന്നാൽ രാഷ്ട്രീയ, മാധ്യമ മേഖലകളിൽ നല്ല പിടിപാടുള്ള സ്വകാര്യ ബസ് ലോബിയുടെയും ഏത് നല്ല പരിഷ്‌കാരങ്ങൾക്കും അള്ളു വെക്കുന്ന കെ എസ് ആർ ടി സി യൂനിയൻ നേതൃത്വങ്ങളുടെയും എതിർപ്പുകളെ അതിജീവിച്ചു ‘സ്വിഫ്റ്റി’നു പ്രതീക്ഷിച്ച നിലയിൽ മുന്നേറാനാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
source https://www.sirajlive.com/k-swift-controversy-abounds.html
Post a Comment