വൈദ്യുതി ബോര്‍ഡിലെ പ്രതിസന്ധി പരിഹരിക്കണം

വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റും കെ എസ് ഇ ബി ഓഫീസേഴ്സ് അസ്സോസിയേഷനും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ ബോര്‍ഡിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ്. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജാസ്മിന്‍ ബാനുവിന്റെയും അസ്സോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെയും സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ മാനേജ്മെന്റ് തയ്യാറായെങ്കിലും ഇരുവരുടെ സ്ഥലം മാറ്റ ഉത്തരവ് അംഗീകരിക്കില്ലെന്ന അസ്സോസിയേഷന്റെ നിലപാടാണ് സമവായശ്രമം പരാജയപ്പെടാന്‍ കാരണം. ജാസ്മിന്‍ ബാനുവിനെ പത്തനംതിട്ട സീതത്തോട് ഡിവിഷനിലേക്കും സുരേഷ് കുമാറിനെ പെരിന്തല്‍മണ്ണയിലേക്കുമാണ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റ ഉത്തരവില്‍ ഇവരെ സസ്പെന്‍ഡ് ചെയ്ത ഒഴിവില്‍ പകരം നിയമനം നടത്തിയതായി അറിയിപ്പുമുണ്ട്. ഏകപക്ഷീയമാണ് മാനേജ്മെന്റിന്റെ നിലപാടെന്നും ഇത് തിരുത്താതെ സമരം അവസാനിപ്പിക്കില്ലെന്നുമാണ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്.

സി പി എം നിയന്ത്രണത്തിലുള്ള കെ എസ് ഇ ബി ഓഫീസേഴ്സ് സംസ്ഥാന ഭാരവാഹിയും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ ജാസ്മിന്‍ ബാനുവിനെ സസ്‌പെന്‍ഡ് ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അനുമതിയില്ലാതെ അവധിയെടുക്കുകയും ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ മാസം നടന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായിരുന്നു നടപടി. അതേസമയം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണ് ജാസ്മിന്‍ അവധിയില്‍ പോയതെന്നും ഇതുസംബന്ധിച്ച് ചീഫ് എന്‍ജിനീയര്‍ റിപോര്‍ട്ട്നല്‍കിയിട്ടുണ്ടെന്നുമാണ് ഓഫീസേഴ്‌സ് അസ്സോസിയേഷന്റെ വാദം. ഇതിനു പിന്നാലെ കെ എസ് ഇ ബി ഓഫീസേഴ്സ് സംസ്ഥാന പ്രസിഡന്റ് എ ജി സുരേഷ് കുമാറിനെയും സസ്പെന്‍ഡ് ചെയ്തു. ജാസ്മിനെ സസ്പെന്‍ഡ് ചെയ്തതിനെതിരെ തിരുവനന്തപുരം വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് നടന്ന പ്രതിഷേധ സമരത്തിനിടെ സുരേഷ് കുമാര്‍ ബോര്‍ഡ് യോഗത്തിലേക്ക് തള്ളിക്കയറി യോഗം തടസ്സപ്പെടുത്തിയതിനായിരുന്നു ഈ നടപടി. രാഷ്ട്രീയ പ്രേരിതമാണ് സുരേഷ് കുമാറിന്റെ സസ്പെന്‍ഷന്‍. സമരം ചെയ്തതിന് ഇടതു സംഘടനകളോട് പ്രതികാരം തീര്‍ക്കുകയാണ് ചെയര്‍മാനെന്നാണ് സംഘടന ആരോപിക്കുന്നത്.

സസ്പെന്‍ഷന്‍ നടപടിക്കപ്പുറം മറ്റൊരു തലം കൂടിയുണ്ട് ബോര്‍ഡ് ചെയര്‍മാനും യൂനിയന്‍ നേതൃത്വവും തമ്മിലുള്ള ഭിന്നതക്ക് പിന്നില്‍. വൈദ്യുതി ബോര്‍ഡിനെ നന്നാക്കാനും പണിയെടുക്കാതെ ഉഴപ്പി നടക്കുന്ന ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിക്കാനും ചെയര്‍മാന്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ഇത് യൂനിയന്‍ നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബോര്‍ഡില്‍ നടന്ന ചില അഴിമതികള്‍ ചെയര്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചതും യൂനിയന്‍ നേതൃത്വത്തെ കലിപ്പിലാക്കി. കെ എസ് ഇ ബിയുടെ ഭൂമി മൂന്നാറിലെ സൊസൈറ്റിക്ക് പതിച്ചു കൊടുക്കാന്‍ ശ്രമം നടന്നു. ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെയോ സര്‍ക്കാറിന്റെയോ അനുമതി ഇല്ലാതെ സ്ഥലം വിട്ടു നല്‍കി. ഒരു ജൂനിയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നൂറുകണക്കിന് ഏക്കര്‍ സ്ഥലം ആരും അറിയാതെ വാണിജ്യ പാട്ടത്തിന് നല്‍കി തുടങ്ങിയവയാണ് ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ച പ്രധാന ക്രമക്കേടുകള്‍. അക്കാലത്ത് ബോര്‍ഡ് ചെയര്‍മാനെ നോക്കുകുത്തിയാക്കി കെ എസ് ഇ ബി അടക്കിവാണിരുന്നത് ചില ഓഫീസേഴ്സ് അസ്സോസിയേഷന്‍ നേതാക്കളായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ആഴ്ചകളായി തുടരുന്ന ബോര്‍ഡ് ചെയര്‍മാനും അസ്സോസിയേഷന്‍ ഭാരവാഹികളുമായുള്ള തര്‍ക്കം വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ജാസ്മിനും സുരേഷ് കുമാറിനുമെതിരായ മാനേജ്മെന്റ് നടപടി സംഘടനാ ബലത്തില്‍ നേരിടാനുള്ള യൂനിയന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ അനുകൂല ജീവനക്കാര്‍ പൊതുവെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഒരുതരം മെല്ലെപ്പോക്ക് നയമാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. നേരത്തേ വൈദ്യുതി പോയാല്‍ ഏറെ വൈകാതെ പുനഃസ്ഥാപിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞാലും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി പോയപ്പോള്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് കണക്ഷന്‍ പുനഃസ്ഥാപിച്ചത്. പ്രശ്നപരിഹാരം നീണ്ടുപോയാല്‍ ഉപഭോക്താക്കളുടെ കഷ്ടപ്പാടും പ്രയാസങ്ങളും ഇനിയും വര്‍ധിക്കാനാണ് സാധ്യത. മാത്രമല്ല ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയും ഇത് രൂക്ഷമാക്കും. 14,000 കോടി രൂപയാണ് സഞ്ചിത നഷ്ടമെന്നാണ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ബോര്‍ഡിനെയും ഉപഭോക്താക്കളെയും കൂടുതല്‍ പ്രയാസത്തിലേക്കും നഷ്ടത്തിലേക്കും നയിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് മന്ത്രിയാണ്. എന്നാല്‍ സമരത്തില്‍ താനോ മുന്നണിയോ ഇടപെടില്ലെന്നും ചെയര്‍മാന്‍ മുന്‍കൈയെടുത്താണ് ചര്‍ച്ച നടത്തി പരിഹാരം കാണേണ്ടതെന്നുമാണ് മന്ത്രിയുടെ നിലപാട്. ചെയര്‍മാനാകട്ടെ, നേരിട്ടു ചര്‍ച്ചക്ക് തയ്യാറാകാതെ സമവായത്തിന് ഫിനാന്‍സ് ഡയറക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. മന്ത്രിയുടെയും ചെയര്‍മാന്റെയും ഈ നിലപാട് വിമര്‍ശന വിധേയമായിട്ടുണ്ട്. അതേസമയം, യൂനിയന്‍ നേതൃത്വത്തിന്റെ കടുംപിടിത്തവും അംഗീകരിക്കപ്പെടാവതല്ല.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച കാണിച്ച യൂനിയന്‍ നേതാക്കള്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്നും തങ്ങളെ സ്ഥിരമായി ഒരു താവളത്തില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള ശഠ്യം ശരിയല്ല. ഏത് ജീവനക്കാരനായാലും കൃത്യനിര്‍വഹണത്തില്‍ കാര്യക്ഷമതയും അച്ചടക്കവും പാലിക്കേണ്ടതുണ്ട്. അച്ചടക്ക ലംഘനം നടത്തിയവരെ ശിക്ഷാനടപടിക്കു വിധേയമാക്കേണ്ടത് ബോര്‍ഡിന്റെ പുരോഗതിക്കും വളര്‍ച്ചക്കും ആവശ്യമാണ്. യൂനിയന്‍ നേതാക്കളുടെ ആധിപത്യ മനോഭാവവും സംഘടനാബലത്തില്‍ സ്ഥാപനത്തെ അടക്കിഭരിക്കാനുള്ള ശ്രമവുമാണ് പല പൊതുമേഖലാ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നത്. ഇതിന് അറുതി വരേണ്ടത് ആവശ്യമാണ്.

 



source https://www.sirajlive.com/the-crisis-in-the-power-board-must-be-resolved.html

Post a Comment

Previous Post Next Post