അബുദബി / ജിദ്ദ | സഊദി അറേബ്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തായിഫില്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നു. തായിഫിലെ സിറ്റി വാക് മാളിലാണ് 5 കോടി റിയാല്‍ നിക്ഷേപത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നത്.
ഇത് സംബന്ധിച്ച കരാറില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയും മനാസില്‍ അല്‍ ഖുബറാ റിയല്‍ എസ്റ്റേറ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ താമര്‍ അല്‍ ഖുറഷിയും മക്കയില്‍ ഒപ്പ് വെച്ചു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ജിദ്ദ റീജിയണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു.
രണ്ട് നിലകളിലായി രണ്ട് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റ് 2023 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും.
മക്ക പ്രവിശ്യയില്‍ ഉല്‍പ്പെടുന്ന തായിഫില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതോടു കൂടുതല്‍ സഊദികള്‍ക്ക് തൊഴില്‍ നല്കാന് സാധിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. സഊദി അറേബ്യയില്‍ നില നില്ക്കുന്ന മികച്ച നിക്ഷേപാവസരങ്ങളാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രോത്സാഹനമേകുന്നത്. ഇതിനായി സൗദി ഭരണകൂടം നല്കുന്ന സഹകരണങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
26 ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, അരാംകോ മാര്‍ക്കറ്റുകള്‍, സഊദി നാഷണല്‍ ഗാര്‍ഡ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്‍പ്പെടെ 3,000 ലധികം സഊദി പൗരന്മാരാണ് നിലവില്‍ ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്.
സുഖകരമായ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവു കൊണ്ട് അനുഗ്രഹീതമായ തായിഫ് വേനല്‍ക്കാലത്തെ സഊദി അറേബ്യയുടെ അനൗദ്യോഗിക തലസ്ഥാനം കൂടിയാണ്. ഹജ്ജ്- ഉംറ തീര്‍ത്ഥാടനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ തായിഫിലെ മീഖാത്തില്‍ എത്തിയാണ് ഇഹ്റാം വസ്ത്രമണിയുന്നത്.
source https://www.sirajlive.com/lulu-hypermarket-in-saudi-taif-will-open-in-january.html
Post a Comment