മുല്ലപ്പെരിയാര്‍ വിധി കേരളത്തിന് ആശ്വാസം

കേരളത്തിന് ആശ്വാസമേകുന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പുതിയ വിധിപ്രസ്താവം. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പരിധിയില്‍പ്പെട്ട മുഴുവന്‍ ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് നല്‍കാനും ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്താനുമാണ് കോടതി തീരുമാനം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡാം സുരക്ഷാ നിയമ പ്രകാരം രൂപവത്കൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അതോറിറ്റി പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇനിയും ഒരു വര്‍ഷം കൂടി സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് കോടതി സുരക്ഷാ അതോറിറ്റിയുടെ അധികാരങ്ങള്‍ താത്കാലികമായി സമിതിക്കു കൈമാറുന്നത്. ഇതോടെ അണക്കെട്ടിന്റെ പരിപാലനം, സുരക്ഷ, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സമിതിക്ക് ലഭ്യമാകും. ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കില്ലെന്നും ജസ്റ്റിസുമാരായ ഖാന്‍വില്‍ക്കര്‍, അഭയ എസ് ഓക്ക, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

ഡാം സുരക്ഷ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം നിലവില്‍ വന്നതാണ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി. അണക്കെട്ടിലെ ജലനിരപ്പ് 142 അടി ആക്കി ഉയര്‍ത്താമെന്ന് 2006 ഫെബ്രുവരി 27ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് മധ്യകേരളത്തിലെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഭീഷണിയാണെന്ന വിലയിരുത്തലില്‍ 2006 മാര്‍ച്ച് 14-15ന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുകയും അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്തുന്ന നിയമം പാസ്സാക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് നല്‍കിയ ഹരജിയിലാണ് കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ മേല്‍നോട്ട സമിതി വേണമെന്ന് 2014 മെയ് ഏഴിന് സുപ്രീം കോടതി ഉത്തരവിട്ടത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ക്ക് മേല്‍നോട്ടം നല്‍കുക, മണ്‍സൂണിന് മുമ്പും മണ്‍സൂണ്‍ കാലത്തും സുരക്ഷ പരിശോധിക്കുക, സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യുക, ഇരു സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയാണ് കേന്ദ്ര ജല കമ്മീഷന്‍ പ്രതിനിധി ചെയര്‍മാനും കേരള-തമിഴ്‌നാട് പ്രതിനിധികള്‍ അംഗങ്ങളുമായുള്ള സമിതിയുടെ പ്രധാന ചുമതലകള്‍.

എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഒട്ടും സുതാര്യമല്ലാത്ത രീതിയിലാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്. രൂപവത്കൃതമായി എട്ട് വര്‍ഷമായിട്ടും സമിതി ഇതുവരെയും അണക്കെട്ടിന്റെ സുരക്ഷാ ഓഡിറ്റും നടത്തിയിട്ടില്ല. അണക്കെട്ട് സംബന്ധിച്ച് തമിഴ്‌നാട് നല്‍കുന്ന ഡാറ്റകള്‍ അപ്പടി അംഗീകരിക്കുകയല്ലാതെ സ്വതന്ത്രമായി അത് പരിശോധിക്കുന്നില്ലെന്നും പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ കാലത്ത് ഡാമില്‍ നിന്ന് രാത്രി മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കിയത് തമിഴ്നാടിനും സമിതിക്കുമെതിരെ ജനരോഷം ഉയരാന്‍ ഇടയാക്കി. അന്ന് അവിചാരിതമായ ജലപ്രവാഹത്തില്‍ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറുക മൂലം തീരവാസികള്‍ കടുത്ത ദുരിതത്തിലായിരുന്നു. ഇതിനു പിന്നാലെ പെരിയാര്‍ തീരത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ മനസ്സിലാക്കുന്നതില്‍ മേല്‍നോട്ട സമിതി പരാജയപ്പെട്ടെന്നും സ്പില്‍വേ വഴി ഒഴുക്കാനുള്ള വെള്ളത്തിന്റെ അളവ് നിശ്ചയിക്കാന്‍ ഇരു സംസ്ഥാനങ്ങളുടെയും വിദഗ്ധ പ്രതിനിധികള്‍ അടങ്ങിയ സമിതി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയുമുണ്ടായി. മേല്‍നോട്ട സമിതി വിപുലീകരിക്കുകയും കൂടുതല്‍ ശാക്തീകരിക്കുകയും ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ടതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കേരള-തമിഴ്നാട് തര്‍ക്കവും ഭിന്നതയും. തമിഴ്നാടിനു വെള്ളം നല്‍കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഡാം മധ്യകേരളത്തിലെ ലക്ഷക്കണക്കിനു ആളുകളുടെ ജീവനു നേരേ ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്ത് അത് പുനര്‍നിര്‍മിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പുതിയ ഡാം നിര്‍മിച്ചാലും തമിഴ്നാടിനു വെള്ളം നല്‍കുമെന്ന് കേരളം ഉറപ്പ് ആവര്‍ത്തിച്ചു പറയുന്നു. 2021 ജനുവരിയില്‍ പുറത്തു വന്ന യു എന്‍ റിപോര്‍ട്ടിലുള്‍പ്പെടെ അണക്കെട്ടിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടുന്നുണ്ട്. ഡാമിന് ഘടനാപരമായ പ്രശ്‌നമുണ്ടെന്നും ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് അത് നിലനില്‍ക്കുന്നതെന്നും വ്യക്തമാക്കുന്ന യു എന്‍ റിപോര്‍ട്ട് 1978ല്‍ ഒരു ചെറിയ ഭൂകമ്പം ഡാമില്‍ വിള്ളലുകള്‍ തീര്‍ത്ത കാര്യവും എടുത്തു പറയുന്നു. തമിഴ്നാട് പക്ഷേ പുതിയ ഡാം നിര്‍മാണ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയും നിലവിലുള്ള അണക്കെട്ട് ബലപ്പെടുത്തിയാല്‍ മതിയെന്ന നിലപാട് സ്വീകരിക്കുകയുമാണ്.

ഡാമിന്റെ മേല്‍നോട്ട ചുമതല മാത്രമുള്ള സമിതിക്ക് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരങ്ങള്‍ കൂടി ലഭ്യമായാല്‍ തമിഴ്നാടിന്റെ മേല്‍ക്കോയ്മയും ഏകപക്ഷീയമായ നിലപാടുകളും അവസാനിക്കും. വെള്ളം ഉപയോഗിക്കുന്ന തമിഴ്നാടിനാണ് നിലവില്‍ അണക്കെട്ടിന്റെ സുരക്ഷാ ചുമതലയും ഡാമിന്റെ പരിപൂര്‍ണ അധികാരവും. ഈ അധികാര ബലത്തില്‍ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളോടും പുറംതിരിഞ്ഞു നില്‍ക്കുകയാണ് തമിഴ്നാടിന്റെ പതിവ്. മേല്‍നോട്ട സമിതി അണക്കെട്ടില്‍ പരിശോധന നടത്തി സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ അവര്‍ സമയബന്ധിതമായി നടപ്പാക്കാറുമില്ല. മേല്‍നോട്ട സമിതിക്ക് അധികാരം ലഭിക്കുന്നതോടെ സുരക്ഷാ കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കേണ്ടത് സമിതിയായിരിക്കും. അണക്കെട്ടിനു കേടു സംഭവിച്ചാല്‍ സമിതിക്ക് ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കുകയും പ്രളയം നിയന്ത്രിക്കുന്നതിന് നേരിട്ട് നടപടികളെടുക്കുകയും ചെയ്യാം. തമിഴ്നാടിന്റെ അനുമതിക്ക് കാത്തു നില്‍ക്കേണ്ടതില്ല. അഥവാ സമിതി തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ തമിഴ്നാട് വീഴ്ച വരുത്തിയാല്‍ തങ്ങള്‍ ഇടപെടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് സുപ്രീം കോടതി

 



source https://www.sirajlive.com/mullaperiyar-verdict-a-relief-to-kerala.html

Post a Comment

Previous Post Next Post