ചുരുങ്ങിയത് ഒരു ദിവസം ഫോണ്‍ വഴി ഒരു വിളിയെങ്കിലും ബേങ്കില്‍ നിന്ന് വരും. ക്രെഡിറ്റ് കാര്‍ഡിന് നല്ല ഓഫര്‍ ഉണ്ടെന്നാണ് എപ്പോഴും പറയുക. ബേങ്ക് ഉദ്യോഗസ്ഥര്‍ നേരിട്ടു വിളിച്ചു തന്നെ വല്ലാതെ പ്രേരിപ്പിക്കും. ഒരിക്കല്‍ പ്രധാന ഉദ്യോഗസ്ഥനോട് ഞാന്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു. എനിക്ക് ആവശ്യമുള്ള ബാലന്‍സ് എന്റെ അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ എന്തിനാണ് ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നത്? ക്രെഡിറ്റ് കാര്‍ഡ് എടുത്ത് ഒരാളെ കടക്കെണിയിലേക്ക് വീഴ്ത്താന്‍ എന്തിനാണ് ഇത്ര ആവേശം കാണിക്കുന്നത്? ഈ രണ്ട് ചോദ്യത്തിനും ഉദ്യോഗസ്ഥന് മറുപടിയൊന്നും ഇല്ലെങ്കിലും നമ്മുടെ നാട്ടില്‍ ചിലരെങ്കിലും മറുപടി പറയേണ്ടതുണ്ട്- ബേങ്ക് മുതലാളിമാര്‍ മുതല്‍ സര്‍ക്കാര്‍ വരെ.
സര്‍ക്കാറിനും മുഴുവന്‍ ബേങ്കുകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കുമെല്ലാം ജനങ്ങള്‍ക്ക് യഥേഷ്ടം കടം കൊടുക്കാനാണിഷ്ടം. ഈ കടം എന്ത് ചെയ്യുന്നുവെന്നോ, എവിടെ ചെലവഴിക്കുന്നുവെന്നോ നോക്കാന്‍ ഒരു സംവിധാനവുമില്ല. മുഴുവന്‍ കവലകളിലും പരസ്യ സ്‌ക്രീനുകളിലും മീഡിയകളിലുമെല്ലാം ലോണ്‍ എടുക്കാനുള്ള ആവേശം ജനിപ്പിക്കുന്ന വാചകങ്ങള്‍ ധാരാളം നിരത്തിവെച്ചിരിക്കുന്നു. ഇതിന്റെയെല്ലാം ആത്യന്തിക ഫലം ഒരിക്കലും ചിന്തിക്കാതെ നൈമിഷിക ലാഭത്തിനുവേണ്ടി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനം സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുകയാണ് പതിവ്. അത് ആദ്യം ബാധിക്കുക പാവങ്ങളെയും. കാരണം സാമ്പത്തിക ശാസ്ത്രം പഠിച്ച ഏത് വിദ്യാര്‍ഥിക്കുമറിയാം, ജനങ്ങളുടെ കൈയില്‍ വെറുതെ ധാരാളം പണമുണ്ടായാല്‍ അത് ആത്യന്തികമായി സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിപ്പിക്കുമെന്ന്. എന്നാല്‍ പണത്തിന്റെ മൂല്യം വര്‍ധിക്കുന്നതിന് പകരം താഴോട്ട് പോകുകയും ചെയ്യും. ഇതിനാണ് ഇന്‍ഫ്‌ളേഷന്‍ അല്ലെങ്കില്‍ പണപ്പെരുപ്പം എന്ന് പറയുന്നത്. ബേങ്കുകള്‍ ആവശ്യത്തിനും അനാവശ്യത്തിനും പണം ലോണായി എറിഞ്ഞു കൊടുക്കുന്നയവസ്ഥ അവരുടെ ബിസിനസ്സിന്റെ ഭാഗമാണെങ്കിലും ആത്യന്തികമായി ഓരോ ബേങ്കും നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ് എന്നുകൂടി പറയാം- ശക്തമായ പണപ്പെരുപ്പം സൃഷ്ടിച്ച്, സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിപ്പിച്ച്.
സര്‍ക്കാറും സര്‍ക്കാര്‍ സംവിധാനങ്ങളും ബേങ്കുകളും തങ്ങളുടെ താത്പര്യങ്ങള്‍ക്കു വേണ്ടി നിര്‍മിക്കുന്ന ഈ ലോണ്‍ വ്യവസായം യഥാര്‍ഥത്തില്‍ ദോഷം ചെയ്യുന്നത് ഇന്ത്യയിലെ കോടാനുകോടി ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനുമാണ്. ലോണെടുക്കാന്‍ സെക്യൂരിറ്റിയില്ലാത്ത അനേകം കോടി ജീവനുകളുണ്ട് നമ്മുടെ നാട്ടില്‍. ലോണെടുത്ത് യഥേഷ്ടം ചെലവഴിക്കുന്ന ഒരു സമൂഹം വരുത്തിവെക്കുന്ന സ്വാഭാവിക പണപ്പെരുപ്പത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആദ്യം പറഞ്ഞ വിഭാഗത്തിന് ഒരു നിലക്കും സാധ്യമാകില്ല. കാരണം അവരുടെ കൈയില്‍ പണമില്ല. പണം വാങ്ങാനുള്ള സംവിധാനവുമില്ല. മറ്റു ചിലര്‍ ധൂര്‍ത്തടിക്കുന്നത് കൊണ്ടുതന്നെ സാധനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല വിലയും കാണും. ഈ തെറ്റായ പോളിസി തിരുത്തിയെഴുതാന്‍ ഒരു ബേങ്കും സര്‍ക്കാറും തയ്യാറില്ലെന്നതാണ് ഏറ്റവും വേദനാജനകം. ബേങ്കില്‍ നിക്ഷേപിച്ചവര്‍ക്കും മുതലാളിമാര്‍ക്കും എങ്ങനെയും പലിശയും ലാഭവും കിട്ടിയാല്‍ മതിയെന്ന വിചാരം നിര്‍ത്തണം. ലോണെടുക്കുന്ന പണം യഥാര്‍ഥ ആവശ്യങ്ങള്‍ക്ക് മാന്യമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. നമ്മുടെ നാട്ടിലെ പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും ആശങ്കപ്പെടുന്നവരുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ട വസ്തുതയാണിത്.
കൂടാതെ, ചെറുകിട മധ്യവര്‍ഗ കച്ചവടങ്ങള്‍ക്കും കൃഷിക്കും കര്‍ഷകര്‍ക്കുമെല്ലാം ഇന്ന് അനേകതരം ലോണുകളുണ്ടെങ്കിലും ഒരിക്കലും അവയൊന്നും പലിശ മുക്തമല്ല. ഓരോ കര്‍ഷകനും തന്റെ ഉത്പന്നം വില്‍ക്കുമ്പോള്‍ പലിശയടക്കം തനിക്ക് വീട്ടാന്‍ കഴിയുന്ന വിലക്ക് സാധനങ്ങള്‍ വില്‍ക്കേണ്ടിവരുന്നു. ഇത് ഒന്നുകില്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു; അല്ലെങ്കില്‍ വര്‍ധിച്ച വിലയിടാന്‍ നിര്‍ബന്ധിതനാകുന്ന കച്ചവടക്കാരനും കര്‍ഷകനും തന്റെ ഉത്പന്നം വിറ്റഴിക്കാനാകാതെ കടക്കെണിയില്‍ കുടുങ്ങുന്നു. ബേങ്കുകള്‍ ഈടാക്കുന്ന പലിശയാണ് ഇവിടെയെല്ലാം പ്രശ്‌നം. അതുകൊണ്ടുതന്നെ, പലിശരഹിതമായ ഒരു സംവിധാനത്തിലേക്ക് മെല്ലെമെല്ലെയെങ്കിലും നീങ്ങിയടുക്കേണ്ട കാലം അതിക്രമിച്ചുവെന്നു പറയാം. എല്ലാവരും പലിശാധിഷ്ഠിത ലോണുകളെ ആശ്രയിക്കുമ്പോള്‍ വിലക്കയറ്റത്തിലേക്കും അനേകമാളുകളുടെ തകര്‍ച്ചയിലേക്കുമുള്ള വഴികളാണ് തുറക്കപ്പെടുന്നത്. സമ്പദ് വ്യവസ്ഥയുടെയും നാട്ടുകാരുടെയും ക്ഷേമം സ്വപ്‌നം കാണുന്ന ഒരു സംവിധാനത്തിനും ഇത് അംഗീകരിക്കാന്‍ കഴിയില്ല.
നമ്മുടെ ഇത്തരം സംവിധാനങ്ങള്‍ പാവങ്ങളുടെയും ദരിദ്രരുടെയും നടുവൊടിക്കുമ്പോഴാണ് സര്‍ക്കാര്‍ തന്നെ നികുതികള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ മുന്നോട്ടുവരുന്നത് എന്നത് വളരെ വലിയ നാണക്കേട് സൃഷ്ടിക്കുന്നതാണ്. ജീവന്‍ രക്ഷാമരുന്നുകള്‍ക്കു പോലും വന്‍ നികുതിയാണ് ചാര്‍ത്തിയിരിക്കുന്നത്. കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച ശക്തമായ തൊഴിലില്ലായ്മ, പട്ടിണി, ദാരിദ്ര്യം തുടങ്ങിയ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ ജനങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ തന്നെ മരുന്നുകള്‍ക്ക് പോലും-അതും ജീവന്‍ രക്ഷാ മരുന്നുകള്‍ക്കടക്കം- വിലയും നികുതിയും വര്‍ധിപ്പിച്ചുവെന്നത് നീതിയുടെ ഒരു തുലാസിലിട്ടും തൂക്കാന്‍ സാധിക്കില്ല. ഓരോ മനുഷ്യനും അനിവാര്യമായും കഴിച്ചിരിക്കേണ്ട ഭക്ഷണ വസ്തുക്കള്‍ക്ക് പോലും വില വര്‍ധിപ്പിച്ചിരിക്കുകയാണ്. കൂടാതെ പാവങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പൊതു ഗതാഗത സര്‍വീസുകള്‍ക്കും വന്‍ നിരക്കു വര്‍ധനവ് വന്നു. ആത്യന്തികമായി ഇതെല്ലാം അനേക കോടി പട്ടിണിപ്പാവങ്ങളെ നിഷ്‌കരുണം ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് എങ്ങനെ പറയാതിരിക്കും!
സാധന, സേവനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതോടൊപ്പം ഉത്പാദന വസ്തുക്കളുടെ വിലയും വര്‍ധിപ്പിക്കുമ്പോഴുണ്ടാകുന്ന ആഘാതം അതി ഭീകരമാണ്. ഉദാഹരണത്തിന്, ഇന്ധനം വലിയൊരു ഉത്പാദന വസ്തുവാണ്. അഥവാ ഉത്പാദനത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്ന വസ്തു. കൂടാതെ, ഉത്പാദിപ്പിച്ച വസ്തുക്കളുടെ ഗതാഗതത്തിനും അനിവാര്യമാണ് ഇന്ധനം. ക്രമാതീതമായി ഓരോ ദിവസവും വന്‍ വില വര്‍ധന ഈ മേഖലയില്‍ സര്‍ക്കാര്‍ സൃഷ്ടിക്കുമ്പോള്‍ ഉപഭോഗ വസ്തുക്കളുടെ വില കൂടുമെന്ന് പറയേണ്ടതില്ലല്ലോ. ബേങ്കിംഗ് സംവിധാനം, പലിശ, വന്‍ നികുതികള്‍, ഉത്പാദന വസ്തുക്കളുടെ വിലവര്‍ധന എല്ലാം കൂടി ഒരുമിച്ചു കൂടുമ്പോള്‍ നമ്മുടെ നാട് അഭിമുഖീകരിക്കുന്ന വില വര്‍ധന എത്രമാത്രം ആഴത്തിലുള്ളതാണെന്ന് ബോധ്യപ്പെടും. ഒരിക്കലും ഇന്ത്യയിലെ മഹാ ഭൂരിഭാഗത്തിനും താങ്ങാനാകാത്ത ദുരവസ്ഥയാണ് ഇത് വരുത്തിവെക്കുന്നത്. പട്ടിണിപ്പാവങ്ങള്‍ ഓരോ ദിവസവും നമ്മുടെ നാട്ടില്‍ വര്‍ധിക്കാനിരിക്കുന്നു. ഒരുപക്ഷേ ശ്രീലങ്ക പോലെ അവര്‍ ഭക്ഷണത്തിനു വേണ്ടി തെരുവിലിറങ്ങേണ്ട ഗതികേടും പ്രവചിക്കാതിരിക്കാനാകില്ല.
കൊവിഡ്, യുദ്ധം തുടങ്ങിയ കാരണങ്ങളാല്‍ ലോകത്തെല്ലാം സാമ്പത്തിക പ്രയാസങ്ങളുണ്ട്. അതെല്ലാം ജനങ്ങളുടെ പിരടിയിലേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുന്ന സര്‍ക്കാറുകള്‍ ലോകത്ത് നമ്മുടേത് മാത്രമായിരിക്കാം. അല്ലെങ്കില്‍ അത്തരം അപൂര്‍വം സര്‍ക്കാറുകളില്‍ ഒന്നായിരിക്കും നമ്മുടേത്. എല്ലാ രാഷ്ട്രങ്ങളും ജനങ്ങളുടെ പര്‍ച്ചേസിംഗ് പവര്‍ അഥവാ വാങ്ങാനുള്ള ശക്തി കൂട്ടിക്കൊണ്ടിരിക്കുകയാണ്, അതിന് വ്യത്യസ്ത സ്‌കീമുകള്‍ പ്രഖ്യാപിക്കുകയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മുടെ സര്‍ക്കാറുകള്‍ക്ക് അത്തരം ചിന്തകളല്ല വരുന്നത്. കോര്‍പറേറ്റുകളെ സഹായിക്കാന്‍ എന്തുണ്ട് താത്കാലിക വഴി എന്ന് മാത്രമാണ് ചിന്ത. തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മാത്രം പണം കണ്ടെത്താന്‍ ജനങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്ന് മാത്രം ചിന്തിക്കുന്നു. അതിന് നികുതി കൂട്ടുകയേ മാര്‍ഗമുള്ളൂ. സാധനങ്ങളുടെ വില കൂട്ടുകയേ വഴിയുള്ളൂ. പരകോടി പട്ടിണിപ്പാവങ്ങളുടെ അടുപ്പുകളെക്കുറിച്ചുള്ള എല്ലാ ബോധവും നശിച്ചവര്‍ക്ക് മാത്രമേ ഈ ക്രൂരകൃത്യം ചെയ്യാന്‍ സാധിക്കൂ. തങ്ങള്‍ക്ക് വോട്ട് തന്ന് അധികാരത്തിലേറ്റിയ മഹാഭൂരിഭാഗം ജനങ്ങളും വേദനിക്കുകയാണെന്ന ബോധമെങ്കിലും അധികാരത്തിലിരിക്കുന്നവര്‍ക്കുണ്ടായാല്‍ ഭേദമാകുന്ന വിലക്കയറ്റമേ ഇന്ത്യയിലുള്ളൂ. ആ ബോധം അധികാരി വര്‍ഗത്തിനുണ്ടായില്ലെങ്കില്‍, തീര്‍ച്ചയായും പട്ടിണിയെന്ന ഏറ്റവും വലിയ ശക്തി സര്‍ക്കാറുകള്‍ക്കത് നല്‍കും. ചരിത്രം അങ്ങനെയാണ് സാക്ഷ്യപ്പെടുത്തുന്നത്.
source https://www.sirajlive.com/do-not-let-the-economy-get-in-the-way.html
Post a Comment