മുന്നണി വിപുലീകരണം: ഇ പി ജയരാജന്റെ നീക്കം യു ഡി എഫില്‍ ആശയക്കുഴപ്പം ലക്ഷ്യമിട്ട്

തിരുവനന്തപുരം | എല്‍ ഡി എഫ് കണ്‍വീനറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ മുസ്‌ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഇ പി ജയരാജന്റെ പരാമര്‍ശം യു ഡി എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുക ലക്ഷ്യമിട്ട്. എല്‍ ഡി എഫിന്റെ മുന്നണി വിപുലീകരണം സൂചിപ്പിച്ച ഇ പിയുടെ പരാമര്‍ശത്തില്‍ പരോക്ഷ എതിര്‍പ്പുമായി സി പി ഐ രംഗത്തെത്തിയിട്ടുണ്ടെങ്കിലും യു ഡി എഫില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇ പി ജയരാജന്റെ പരാമര്‍ശത്തിന് മൃദുവായ മറുപടിയുമായാണ് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മുന്നണി മാറ്റം ആലോചിച്ചിട്ടില്ലെന്നും ജയരാജന്റെ ക്ഷണം ഔദ്യോഗികമായി കാണുന്നില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇപ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നായിരുന്നു മുതിര്‍ന്ന ലീഗ് നേതാവ് കെ പി എ മജീദ് പ്രതികരിച്ചത്.

ലീഗ് നേതാക്കളെല്ലാം ഇ പി ജയരാജന്റെ പ്രസ്താവനയോട് വളരെ മൃദുവായാണ് പ്രതികരിച്ചതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെല്ലാം വളരെ രൂക്ഷമായാണ് ഇ പിയുടെ പ്രസ്താവനയില്‍ അഭിപ്രായ പ്രകടനം നടത്തിയത്. ഇടതു മുന്നണി കണ്‍വീനര്‍ പദവി ഏറ്റെടുത്തതിന് ശേഷമുള്ള ജയരാജിന്റെ ആദ്യ നീക്കം തന്നെ യു ഡി എഫിനെ പ്രതിരോധത്തിലാക്കിയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. യു ഡി എഫിന്റെ കാര്യത്തില്‍ ഇ പി ജയരാജന്‍ ഉത്കണ്ഠപ്പെടേണ്ടെന്നും അദ്ദേഹം എല്‍ ഡി എഫിന്റെ കാര്യം നോക്കിയാല്‍ മതിയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികണം. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ഇ പി ജയരാജനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും ഇ പി ജയരാജനെതിരെ രംഗത്തെത്തി.

മുസ്‌ലിം ലീഗ് മുന്നണി വിടുമെന്നത് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുവെന്നായിരുന്നു യു ഡി എഫ് നേതാക്കളുടെ പ്രതികരണത്തോടുള്ള ഇ പി ജയരാജന്റെ മറുപടി. വിഷയത്തില്‍ അതൃപ്തി വ്യക്തമാക്കി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും മുന്നണി വിപുലീകരണത്തെ അദ്ദേഹവും എതിര്‍ത്തിട്ടില്ല. ഇടതു മുന്നണിയുടെ അടിത്തറ വിപുലീകരണവുമായി ബന്ധപ്പെട്ട് കാര്യത്തില്‍ സി പി ഐക്കും എതിര്‍പ്പുണ്ടാകാനിടയില്ല.നിലവില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ലീഗിനെ ഇടതുമുന്നണിയിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാകുമെന്നുമായിരുന്നു കാനം പറഞ്ഞത്.

ഇതിനിടെ മുസ്‌ലിം ലീഗ് നേതാക്കളെ പ്രശംസിച്ച് ഇ പി ജയരാജന്‍ വീണ്ടും രംഗത്തെത്തി. പി കെ കുഞ്ഞാലിക്കുട്ടി നയതന്ത്ര വിദഗ്ധനും കിംഗ് മേക്കറുമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടതായി ഘടകകക്ഷികള്‍ക്ക് ബോധ്യമുണ്ട്. കോണ്‍ഗ്രസിന്റെ പിന്നാലെ പോയി തങ്ങളും നശിക്കണോയെന്ന ചിന്ത ആര്‍ എസ് പി, ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ക്കുണ്ടായിട്ടുണ്ടെന്ന് മാണി സി കാപ്പനും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് തന്നെ തങ്ങളുള്ളതുകൊണ്ടാണെന്ന ചിന്ത ലീഗിനുണ്ടായിട്ടുണ്ട്. അതിനാല്‍ ലീഗ് നിലപാടറിയിച്ചാല്‍ വിഷയം എല്‍ ഡി എഫ് ചര്‍ച്ച ചെയ്യുമെന്നാണ് ഇ പി ജയരാജന്‍ വ്യക്തമാക്കുന്നത്.

 



source https://www.sirajlive.com/front-expansion-ep-jayarajan-39-s-move-aims-to-confuse-the-udf.html

Post a Comment

أحدث أقدم