വേരോടെ പിഴുതെറിയണം കൊലപാതക രാഷ്ട്രീയം

നേരത്തേ ആര്‍ എസ് എസ്-സി പി എം സംഘര്‍ഷമായിരുന്നു കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിനു വലിയ ഭീഷണിയെങ്കില്‍ അടുത്ത കാലത്തായി ആര്‍ എസ് എസ്-എസ് ഡി പി ഐ (പോപ്പുലര്‍ ഫ്രണ്ട്) സംഘര്‍ഷമാണ് സംസ്ഥാനത്ത് ചോരപ്പുഴ ഒഴുക്കിക്കൊണ്ടിരിക്കുന്നത്. നാല് മാസത്തിനിടെ നാല് പേരാണ് ഇവരുടെ കൊലക്കത്തിക്കിരയായത്. കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയാണ് ആലപ്പുഴ മണ്ണഞ്ചേരി-പൊന്നാട് റോഡിലെ കുപ്പേഴം ജംഗ്ഷനില്‍ വെച്ച് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിനെ കാറിലെത്തിയ ആര്‍ എസ് എസ് സംഘം സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എസ് ഡി പി ഐ ഇതിനു പകരം വീട്ടി. ആര്‍ എസ് എസ് പ്രവര്‍ത്തകനും ബി ജെ പിയുടെ ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെയാണ് പ്രഭാത സവാരിക്കിടെ ഒരു സംഘം അക്രമികള്‍ അമ്മയുടെയും മകളുടെയും മുന്നിലിട്ട് കൊന്നത്. ആര്‍ എസ് എസ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഈ രണ്ട് വധക്കേസുകളിലും പിടിയിലായത്.

പകരത്തിനു പകരമായി കൊന്നുതീര്‍ക്കുന്ന ഈ മനുഷ്യപ്പകയുടെ ആവര്‍ത്തനമാണ് കഴിഞ്ഞ ദിവസം പാലക്കാട്ട് ദൃശ്യമായത്. എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറും ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇവിടെ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് എലപ്പുള്ളിയില്‍ വെച്ച് രണ്ട് കാറുകളിലായി എത്തിയ സംഘം സുബൈറിനെ വെട്ടിക്കൊന്നത്. പള്ളിയില്‍ നിന്ന് ജുമുഅ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു കൊലപാതകം. വെട്ടേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിറ്റേ ദിവസം ഉച്ചക്ക് പാലക്കാട് മേലാമുറിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് കച്ചവടം നടത്തുന്ന ശ്രീനിവാസനെ രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലുമായി എത്തിയ അക്രമി സംഘം വെട്ടിക്കൊന്നു. വളരെ ആസൂത്രിതമായിരുന്നു ഈ കൊല. രണ്ട് പേര്‍ വീതമാണ് ഓരോ ബൈക്കിലുമുണ്ടായിരുന്നത്. ഇവരില്‍ വാഹനത്തിന്റെ പിന്നിലിരുന്ന മൂന്ന് പേര്‍ കടയിലേക്ക് കയറി കൃത്യം നിര്‍വഹിച്ചു. അന്നേരം ബൈക്കുകള്‍ ഓടിച്ചിരുന്ന മൂന്ന് പേരും വാഹനങ്ങള്‍ ഓഫാക്കാതെ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്നു. കൊല നടത്തിയ മൂന്ന് പേരും കൃത്യത്തിനു ശേഷം ഒട്ടും താമസിയാതെ ഈ വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു.

രണ്ട് വര്‍ഷം മുമ്പ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ ബൈക്ക് ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ ബൈക്കുമായി കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ടാണ് പാലക്കാട്ട് ആര്‍ എസ് എസ്-പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം ഉടലെടുക്കുന്നത്. ഇതുസംബന്ധിച്ച് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നു. അതിന്റെ തുടര്‍ച്ചയായി സഞ്ജിത്തിന്റെ ചായക്കട തീവെച്ച് നശിപ്പിച്ചു. പിന്നാലെ എസ് ഡി പി ഐ പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈന് വെട്ടേറ്റു. കഴിഞ്ഞ നവംബര്‍ 15ന് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊന്നാണ് ഇതിനു പകരം വീട്ടിയത്. കാലത്ത് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ബൈക്കില്‍ നിന്ന് റോഡിലേക്ക് വലിച്ചിട്ടു വെട്ടിക്കൊല്ലുകയായിരുന്നു. ഇതിന്റെ പ്രതികാരമാണ് സുബൈര്‍ വധമെന്നാണ് കരുതപ്പെടുന്നത്. സുബൈറിന്റെ കൊല നടത്തി രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച വാഹനം എസ് ഡി പി ഐക്കാരുടെ കത്തിക്കിരയായ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ചോര മണക്കുന്ന കഠാരയും വര്‍ഗീയ വിഷവുമായാണ് ദശാബ്ദങ്ങളായി ആര്‍ എസ് എസ് രാജ്യത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കാനുള്ള ലക്ഷ്യത്തില്‍ അണികള്‍ക്ക് ആയുധ പരിശീലനമടക്കം നല്‍കിയാണ് കേരളത്തില്‍ അവരുടെ പ്രവര്‍ത്തനം. അതേ പാതയിലാണ് സംഘ്പരിവാര്‍ ഭീകരതയെ പ്രതിരോധിക്കാനെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐയും പ്രവര്‍ത്തിച്ചു വരുന്നത്. നേരത്തേ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന ‘സിമി’ നിരോധിക്കപ്പെട്ടതോടെ അതിന്റെ നേതാക്കള്‍ രൂപം നല്‍കിയ എന്‍ ഡി എഫിന്റെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിംഗാണ് എസ് ഡി പി ഐ. ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദിയന്‍ ആശയഗതികളും സലഫിസത്തിന്റെ ആക്രമണ സ്വഭാവവും ചേര്‍ന്നതാണ് പേരുകള്‍ മാറിമാറി പ്രവര്‍ത്തിച്ചു വരുന്ന ഈ സംഘടനകളെന്ന് മുസ്ലിം പണ്ഡിത നേതൃത്വം നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അരക്ഷിതാവസ്ഥ ആസൂത്രിതമായി ചൂഷണം ചെയ്താണ് ഇവര്‍ സമൂഹത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.

കേരളത്തെ വര്‍ഗീയ കലുഷിതമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ, തീവ്രവാദ സംഘടനകളുമായി അകലം പാലിക്കുകയും ഇത്തരക്കാരുടെ തനിനിറം സമൂഹത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യേണ്ടതിനു പകരം രാഷ്ട്രീയ കാര്യലാഭത്തിനായി അവരുമായി രഹസ്യ ബന്ധം സ്ഥാപിക്കുകയും തിരഞ്ഞെടുപ്പുകളില്‍ സഹായം സ്വീകരിക്കുകയും ചെയ്യുന്നവരാണ് സംസ്ഥാനത്തെ മിക്ക മതേതര രാഷ്ട്രീയ കക്ഷികളും. കോലീബി ബന്ധം കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയിലെ കെ ടി ഡി സി ഹോട്ടലില്‍ വെച്ച് ലീഗ്-എസ് ഡിപി ഐ നേതാക്കള്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയും വന്‍ വിവാദമായിരുന്നു. മതേതര കക്ഷികളുടെ അവസരവാദപരമായ നിലപാടുകളാണ് വര്‍ഗീയ, തീവ്രവാദ പ്രസ്ഥാനങ്ങള്‍ വളരാന്‍ ഇടയാക്കുന്നതും കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പ്രചോദനമാകുന്നതും.

ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന പോപ്പുലര്‍ ഫ്രണ്ട്- എസ് ഡി പി ഐ പ്രവര്‍ത്തകരെ സഹായിക്കാന്‍ പലപ്പോഴും ചില മതേതര കക്ഷി നേതാക്കള്‍ രംഗത്തുവരാറുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. ആര്‍ എസ് എസ്-എസ് ഡി പി ഐ സംഘര്‍ഷം ഇതേനിലയില്‍ തുടര്‍ന്നാല്‍ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകരുകയും മറ്റൊരു ഉത്തര്‍ പ്രദേശായി കേരളം മാറുകയും ചെയ്യും. പോലീസും ഇന്റലിജന്‍സ് വിഭാഗവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

 



source https://www.sirajlive.com/murderous-politics-must-be-uprooted.html

Post a Comment

أحدث أقدم