ദേശീയതയുടെ മറപറ്റി കേന്ദ്രസര്‍ക്കാര്‍ ഹിന്ദുത്വവാദം ശക്തിപ്പെടുത്തുന്നു: സുനില്‍ പി ഇളയിടം

പത്തനംതിട്ട | വിഭജനകാലത്തെ അന്തരീക്ഷത്തിലേക്കു രാജ്യത്തെ മടക്കിക്കൊണ്ടുപോകാനാണ് കേന്ദ്ര ഭരണാധികാരികളുടെ ശ്രമമെന്ന് പ്രമുഖ ചിന്തകന്‍ ഡോ. സുനില്‍ പി ഇളയിടം. ഡി വൈ എഫ് ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു മതം, ഒരു നേതാവ്, ഒരു ഭാഷ എന്ന ഫാസിസത്തിലേക്ക് ഹിന്ദുത്വ ശക്തികള്‍ ജനാധിപത്യ സങ്കല്‍പത്തെ മാറ്റിമറിക്കുകയാണ്. പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കി ഭരണാധികാരത്തെ ഉപയോഗിച്ചുകൊണ്ടുള്ള നീക്കമാണിത്. ദേശീയതയുടെ മറപറ്റിയാണ് ഹിന്ദുത്വവാദം ശക്തിപ്പെടുത്തുന്നതെന്നും ഇളയിടം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി, സെക്രട്ടറി അവോയ് മുഖര്‍ജി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി പി എ മുഹമ്മദ് റിയാസ്, ചിന്ത ജെറോം, പ്രീതി ശേഖര്‍, കെ യു ജനീഷ് കുമാര്‍ എം എല്‍ എ, ട്രഷറര്‍ എസ് കെ സതീഷ്, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. 628 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ന്‌ വൈകിട്ട് പൊതുസമ്മേളനം സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.

 



source https://www.sirajlive.com/central-government-strengthens-hindutva-under-the-guise-of-nationalism-sunil-p-ilayidam.html

Post a Comment

Previous Post Next Post