സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം | സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 182 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടെണ്ണല്‍ 18 ന് നടക്കും.

കാസര്‍കോട്, വയനാട് ഒഴികെയുള്ള ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുന്‍സിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 32 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതിനായി 94 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

തൃക്കാക്കരയില്‍ പ്രചാരണം ശക്തമായിരിക്കെ കൊച്ചിയിലെ 5 തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകളിലാണ് വിധിയെഴുത്ത്. കൊച്ചി കോര്‍പറേഷനിലെ ഡിവിഷന്‍ 62, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരികോവില്‍ എന്നീ വാര്‍ഡുകളിലേക്കും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മൈലൂര്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് അത്താണി ടൗണ്‍ എന്നീ തദ്ദേശ വാര്‍ഡുകളിലാണ് വിധിയെഴുന്നത്. ആകെയുള്ള 19 വാര്‍ഡുകളില്‍ ഒമ്പതില്‍ എല്‍ഡിഎഫും 8 എണ്ണത്തില്‍ യു ഡി എഫും ഒരെണ്ണത്തില്‍ സ്വതന്ത്രന്‍ എന്നതാണ് കക്ഷിനില.

മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിര്‍ണായകമാണ്. എല്‍ഡിഎഫ് 5 യുഡിഎഫ് 5 എസ്ഡിപിഐ 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. രാജിവെച്ച ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇടതുമുന്നണി പഞ്ചായത്ത് ഭരിച്ചിരുന്നത്.

 



source https://www.sirajlive.com/by-polls-in-42-local-body-wards-in-the-state-today.html

Post a Comment

أحدث أقدم