തിരുവനന്തപുരം | കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച് ആഭ്യന്തര-വിദേശ സഞ്ചാരികളെ വരവേല്‍ക്കാന്‍ കേരള ടൂറിസം തയാറാണെന്ന സന്ദേശം ലോകജനതയില്‍ എത്തിക്കുന്നതില്‍ രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ട് (കെ ടി എം) സുപ്രധാന പങ്കുവഹിച്ചതായി കെ ടി എം അവലോകന വാര്‍ത്താസമ്മേളനത്തില്‍ മേഖലയിലെ പ്രമുഖര്‍ വ്യക്തമാക്കി. ഈ മാസം അഞ്ച് മുതല്‍ എട്ടു വരെ കൊച്ചിയിലായിരുന്നു കെ ടി എം നടന്നത്. കൂടുതല്‍ വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കെ ടി എം കൊവിഡ് മങ്ങലേല്‍പ്പിച്ച ടൂറിസം മേഖലക്ക് ഏറെ ഊര്‍ജം പകര്‍ന്നതായി ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു. കൂടുതല്‍ രാജ്യാന്തര-ആഭ്യന്തര ബയര്‍മാരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതില്‍ കെ ടി എം വിജയിച്ചു. ലോകമെമ്പാടും ഖ്യാതി നേടിയ കേരള ടൂറിസത്തിന്റെ മുഖമുദ്ര ശക്തമായ പ്രചാരണമാണ്.
കേരള ടൂറിസം അടുത്തിടെ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ മധ്യ പൂര്‍വേഷ്യയില്‍ നിന്നുള്‍പ്പെടെ വിദേത്ത് നിന്ന് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുമെന്നും കാരവന്‍ ടൂറിസം ഏറ്റവും മികച്ച ആശയമാണെന്നും ശ്രീനിവാസ് വ്യക്തമാക്കി. 234 വിദേശ ബയര്‍മാരും 897 ആഭ്യന്തര ബയര്‍മാരുമുള്‍പ്പെടെ 1,200 ഓളം ബയര്‍മാര്‍ പങ്കെടുത്ത കെ ടി എമ്മില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 55,000 വാണിജ്യ കൂടിക്കാഴ്ചകളാണ് നടന്നത്. കെ ടി എമ്മിന്റെ സോഫ്റ്റ്‌വെയര്‍ വഴി മാത്രം 49,000 കൂടിക്കാഴ്ചകള്‍ നടന്നു. ഇതിന് പുറമെ 6,000 അനുബന്ധ കൂടിക്കാഴ്ചകളും നടന്നിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ, കെ ടി എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ്, മുന്‍ പ്രസിഡന്റ് ഇ എം നജീബ് പങ്കെടുത്തു.
source https://www.sirajlive.com/55000-commercial-meetings-at-ktm-the-post-covida-situation-has-convinced-us-that-there-are-gains-in-the-tourism-sector.html
Post a Comment