യുവതിയുടെ ആത്മഹത്യ; സിവില്‍ പോലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഇടുക്കി | വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയായ ഷീബ എയ്ഞ്ചല്‍ റാണി (27) ജീവനൊടുക്കിയ സംഭവത്തില്‍ ശാന്തമ്പാറ സ്റ്റേഷനിലെ സി പി ഒ ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാറിനെ (32)യാണ് പിരിച്ചുവിട്ടത്. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമിയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ജനുവരി ഒന്നിനാണ് ഷീബയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷീബയും മുമ്പ് മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന ശ്യാംകുമാറും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. നേരത്തെ വിവാഹിതനായിരുന്ന ശ്യാംകുമാര്‍ തന്റെ വൈവാഹിക ബന്ധം തകരാറിലാണെന്നും ഷീബയെ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി. എന്നാല്‍ മൂന്നാറില്‍ നിന്ന് ശാന്തന്‍പാറ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റമുണ്ടായതോടെ വാഗ്ദാനത്തില്‍ നിന്ന് ശ്യാംകുമാര്‍ പിന്മാറി. ഇതിന്റെ നൈരാശ്യമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ആരോപിച്ച് ഷീബ എയ്ഞ്ചലിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. എ ജി ലാല്‍ നടത്തിയ അന്വേഷണത്തില്‍ ശ്യാംകുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഡി സി ആര്‍ ബി ഡി വൈ എസ് പി വീണ്ടും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ശ്യാമിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

 



source https://www.sirajlive.com/young-woman-commits-suicide-the-civil-police-officer-was-dismissed-from-service.html

Post a Comment

أحدث أقدم