വഴിവിട്ട ലൈംഗിക ബന്ധങ്ങള്‍ക്കും ലൈംഗിക അരാജകത്വത്തിനും നിയമത്തിന്റെ പരിരക്ഷ നല്‍കുന്ന വിധിപ്രസ്താവനകള്‍ അടിക്കടി വന്നുകൊണ്ടിരിക്കുകയാണ് അടുത്തിടെയായി കോടതികളില്‍ നിന്ന്. വേശ്യാവൃത്തിക്ക് മാന്യത കല്‍പ്പിക്കുന്ന ഒരു വിധിപ്രസ്താവം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് (ലൈംഗികത്തൊഴിലാളികള്‍) നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷക്കും അര്‍ഹതയുണ്ടെന്നും നിയമപാലകര്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കരുതെന്നുമാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്. പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ഇഷ്ടപ്രകാരമോ സമ്മതത്തോടെയോ ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിനെതിരെ പോലീസോ നിയമങ്ങളോ ഇടപെടുന്നത് ശരിയല്ലെന്നും കോടതി പറയുന്നു. വേശ്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാനും ഇവരില്‍ നിന്ന് പിഴ ഈടാക്കാനും റെയ്ഡുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തി പിടികൂടാനും പാടില്ലത്രെ. തൊഴില്‍ ഏതായാലും രാജ്യത്തെ ഓരോ പൗരനും തുല്യ നീതിയും നിയമ പരിരക്ഷയും ലഭിക്കേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ പ്രകാരം ഇത് ഓരോ പൗരന്റെയും അവകാശമാണെന്നും പരമോന്നത കോടതി കൂട്ടിച്ചേര്‍ത്തു.
2020 സെപ്തംബറില്‍ ബോംബെ ഹൈക്കോടതിയില്‍ നിന്നും വന്നിരുന്നു വേശ്യാവൃത്തിയെ ന്യായീകരിച്ചു കൊണ്ടുള്ള വിധിപ്രസ്താവം. വേശ്യാവൃത്തി കുറ്റമായി കാണാനാകില്ലെന്നും പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി തീരുമാനിക്കാനാകുമെന്നുമായിരുന്നു മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം. 1956ലെ പെണ്‍വാണിഭ നിരോധന ആക്ട് പ്രകാരം വേശ്യാവൃത്തി കുറ്റകരമല്ലെന്നു കൂടി അഭിപ്രായപ്പെടുക വഴി പെണ്‍വാണിഭത്തിന് പ്രോത്സാഹനം നല്‍കുക കൂടിയുണ്ടായി ഹൈക്കോടതി.
എക്കാലവും പൊതുസമൂഹം മ്ലേഛവും അധാര്‍മികവും അസാന്മാര്‍ഗികവുമായാണ് വേശ്യാവൃത്തിയെ കാണുന്നത്. മനുഷ്യനില്‍ പ്രകൃത്യായുള്ള ലൈംഗിക വികാരത്തിന്റെ ശമനത്തിന് മാന്യവും അംഗീകൃതവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് എല്ലാ മതങ്ങളും ധാര്‍മിക പ്രസ്ഥാനങ്ങളും ഉദ്ഘോഷിക്കുന്നത്. വിവാഹമെന്ന അംഗീകൃത കരാറിലൂടെയായിരിക്കണം അത് നിര്‍വഹിക്കേണ്ടത്. ലൈംഗിക വികാര ശമനത്തിന് അതിരുകള്‍ നിശ്ചയിച്ചില്ലെങ്കില്‍ സദാചാരത്തകര്‍ച്ചക്കും സമൂഹത്തില്‍ അരാജകത്വം പടര്‍ന്നുപിടിക്കാനും ഇടയാകും. കുടുംബശൈഥില്യം, ബന്ധവിച്ഛേദം, സന്താനങ്ങളോടുള്ള അനീതി, ഗുഹ്യരോഗങ്ങള്‍ തുടങ്ങി വേശ്യാവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. ആരോഗ്യകരമായ സമൂഹത്തിന് അനിവാര്യമാണ് ഇണകള്‍ തമ്മില്‍ പരസ്പര വിശ്വാസത്തിലൂടെ കൊണ്ടുനടക്കുന്ന ഭദ്രമായ കുടുംബം. ബ്രിട്ടീഷ് ചരിത്രകാരനായ അര്‍ണോള്‍ഡ് ജോസഫ് ടോയന്‍ബി (എ ജെ ടോയന്‍ബി) നിരീക്ഷിച്ചതു പോലെ ലൈംഗിക അരാജകത്വം നമ്മുടെ നാടിനെയും സമൂഹത്തെയും തകര്‍ക്കും.
സ്ത്രീചൂഷണവും ലൈംഗിക വൈകൃതവുമാണ് യഥാര്‍ഥത്തില്‍ വേശ്യാവൃത്തി. വെറും ലൈംഗിക ഉപകരണമായി മാത്രം സ്ത്രീയെ കണക്കാക്കുന്ന സമൂഹത്തിന്റെ അതിദാരുണമായ ഒരു രോഗാവസ്ഥ. ഒരു വിഭാഗം ചൂഷകര്‍ സാമ്പത്തിക നേട്ടത്തിനായി സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. വേശ്യാവൃത്തി മാന്യമായതു കൊണ്ടോ സംരക്ഷിക്കപ്പെടേണ്ട ഒരു തൊഴിലായതു കൊണ്ടോ അല്ല, സാമ്പത്തിക താത്പര്യം മുന്‍നിര്‍ത്തിയാണ് മിക്ക ഭരണകൂടങ്ങളും അത് നിയമവിധേയമാക്കുന്നത്. സെക്സ് ടൂറിസമാണ് ചില രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ്. സ്വയം മനസ്സാലെ വേശ്യാവൃത്തിയിലേര്‍പ്പെടുന്നവര്‍ കുറവാണെന്നും നിര്‍ബന്ധിതാവസ്ഥയിലാണ് സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നതെന്നും സര്‍വേകള്‍ വ്യക്തമാക്കുന്നു. നിയമവിധേയ സെക്‌സ് നിലനില്‍ക്കുന്ന നെതര്‍ലന്‍ഡില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 79 ശതമാനം വേശ്യകളും അതില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ്. സ്വീഡന്‍ വേശ്യാവൃത്തിയെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള പുരുഷന്റെ അതിക്രമമായാണ് കാണുന്നത്.
കാലത്തിനൊത്ത് കോലം കെട്ടുകയാണ് വേശ്യാവൃത്തിക്ക് മാന്യത കല്‍പ്പിക്കുക, സ്വവര്‍ഗ രതി അനുവദനീയമാക്കുക, പ്രായപൂര്‍ത്തിയായവരുടെ വൈവാഹികേതര ബന്ധം നിയമവിധേയമാക്കുക തുടങ്ങിയ വിധിപ്രസ്താവനകളിലൂടെ ഇന്ത്യന്‍ കോടതികള്‍. മൂല്യനിരാസത്തില്‍ ആധുനികത കണ്ടെത്തുകയും ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നത് പഴഞ്ചനാണെന്ന് വാദിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പം കോടതികളും സഞ്ചരിക്കുന്നത് വിരോധാഭാസമാണ്. സമൂഹം കാലങ്ങളായി സദാചാര മൂല്യമായി കാണുന്ന നിയമങ്ങളെയും ചട്ടങ്ങളെയും കോടതികള്‍ നിരാകരിക്കുകയും അസാന്മാര്‍ഗികമായി കണ്ട പ്രവര്‍ത്തനങ്ങളെ നിയമവിധേയമാക്കുകയും ചെയ്യുന്നത് അതിന്റെ സാമൂഹികവും ആരോഗ്യകരവുമായ പ്രത്യാഘാതങ്ങള്‍ കൂടി പഠിച്ചും കണക്കിലെടുത്തുമായിരിക്കണം. വേശ്യാവൃത്തി എയ്ഡ്സ്, ഗുഹ്യരോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയതാണ്. എയ്ഡ്‌സിന് അവര്‍ നിര്‍ദേശിച്ച ഏക പരിഹാരം ലൈംഗിക വിശുദ്ധിയാണ്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച് ഐ വി/എയ്ഡ്‌സ്, ഹെര്‍പ്സ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ മാരക രോഗങ്ങളുടെ ഭീഷണി നേരിടുന്നവരില്‍ ബഹുഭൂരിഭാഗവും ലൈംഗിക തൊഴിലാളികളാണ്.
തൊഴില്‍ സംരക്ഷണമാണ് വേശ്യാവൃത്തിയെ പിന്തുണക്കാന്‍ കോടതികളും ഭരണകൂടങ്ങളും പറയുന്ന ന്യായീകരണം. എന്നാല്‍ എല്ലാ തൊഴിലുകളും സംരക്ഷിക്കാന്‍ ജുഡീഷ്യറിക്ക് ബാധ്യതയുണ്ടോ? രാജ്യത്തിനും ജനങ്ങള്‍ക്കും ദോഷകരമല്ലാത്ത തൊഴിലുകളെ മാത്രമേ ജുഡീഷ്യറി പിന്തുണക്കാവൂ. ആരോഗ്യത്തിനു ഹാനികരമായ, ലൈംഗിക അരാജകത്വത്തിനും സമൂഹത്തിന്റെ ധാര്‍മിക തകര്‍ച്ചക്കും വഴിവെക്കുന്ന തൊഴിലുകളെ അനുകൂലിക്കാനും സംരക്ഷിക്കാനും ബാധ്യതയില്ലെന്നു മാത്രമല്ല, അത് ജുഡീഷ്യറിയുടെ ലക്ഷ്യത്തിനു തന്നെ കടകവിരുദ്ധവുമാണ്. ആധുനിക സമൂഹത്തിന്റെ മൂല്യച്യുതിക്കൊത്ത് ചലിക്കുകയല്ല, മൂല്യച്യുതിയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവും പുറപ്പെടുവിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടത്.
source https://www.sirajlive.com/dignity-for-prostitution.html
إرسال تعليق