വിസ്മയ കേസ് വിധി പാഠമാകട്ടെ

വിവാഹത്തെ കമ്പോളവത്കരിക്കുകയും സ്ത്രീയെ കച്ചവടച്ചരക്കാക്കുകയും ചെയ്യുന്നവര്‍ക്കുള്ള താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി. ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ വിസ്മയ എം നായര്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് എസ് കിരണ്‍കുമാറിന് പത്ത് വര്‍ഷം കഠിന തടവും 12.55 ലക്ഷം പിഴയുമാണ് കൊല്ലം ഒന്നാം ക്ലാസ്സ് അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചത്. സ്ത്രീധന നിരോധന നിയമ പ്രകാരം ഇത്രയും വലിയ പിഴ വിധിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്. പിഴസംഖ്യയില്‍ രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്കു നല്‍കണം. ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കയറിവന്ന പെണ്‍കുട്ടിയെ ഒരു ദയയുമില്ലാതെ ദ്രോഹിച്ച് ആത്മഹത്യയിലേക്കെത്തിച്ച പ്രതി കിരണ്‍കുമാര്‍ ഒരു ദാക്ഷീണ്യവും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ കോടതി എടുത്തു പറയുകയുണ്ടായി. കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രബുദ്ധരെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും സ്ത്രീധന പീഡനങ്ങളും അതേചൊല്ലിയുള്ള മരണങ്ങളും വര്‍ധിച്ചു വരികയാണ് കേരളീയ സമൂഹത്തില്‍. ആറ് പതിറ്റാണ്ടായി സ്ത്രീധന നിയമം നിലവിലുണ്ട് രാജ്യത്ത്. അത് ചോദിച്ചു വാങ്ങുന്നത് ശിക്ഷാര്‍ഹമാക്കുന്ന നിയമം 1961ല്‍ അംഗീകരിച്ചു നടപ്പാക്കിയതാണ്. 1985ല്‍ ഗാര്‍ഹിക പീഡനം തടയുന്ന 498(എ) എന്ന വകുപ്പുകൂടി ചേര്‍ത്ത് ഈ നിയമം ശക്തമാക്കി. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് 2004ല്‍ കേരള സര്‍ക്കാര്‍ ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സ്ത്രീധന നിരോധന ചട്ടവും അംഗീകരിച്ചു. നിയമമനുസരിച്ച് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും 15,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അതിനു പ്രേരിപ്പിക്കുന്നതും. പ്രത്യക്ഷമായോ പരോക്ഷമായോ അതാവശ്യപ്പെട്ടാല്‍ പോലും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ലഭിച്ചേക്കാം. സ്ത്രീധനം കൊടുക്കുന്നതോ വാങ്ങുന്നതോ പ്രോത്സാഹിപ്പിക്കുന്നവിധം മാധ്യമങ്ങളില്‍ പരസ്യമോ വാഗ്ദാനമോ നല്‍കുന്നവര്‍ക്കും ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കും. വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ച സമ്പത്ത് വധുവിന്റെ പേരിലേക്ക് നിര്‍ദേശിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ മാറ്റുന്നില്ലെങ്കിലും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിച്ചേക്കാം.

നിയമം ഇത്ര കര്‍ശനമായിട്ടും സ്ത്രീധനം നല്‍കാത്തതിനെയും കുറഞ്ഞു പോയതിനെയും ചൊല്ലിയുള്ള പീഡനങ്ങളും ആത്മഹത്യകളും കൊലകളും ധാരാളം റിപോര്‍ട്ട് ചെയ്യപ്പെടുന്നു. 2021ല്‍ പത്ത് സ്ത്രീധന പീഡന മരണങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് വര്‍ഷം മുമ്പ് കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവം മറക്കാറായിട്ടില്ല. സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിച്ചു ജീവിക്കുന്ന സ്ത്രീകള്‍ ആയിരക്കണക്കിനുണ്ട് സംസ്ഥാനത്ത്. പീഡനം അസഹ്യമാകുമ്പോഴാണ് അത് ആത്മഹത്യയില്‍ പര്യവസാനിക്കുന്നതും പുറംലോകത്ത് വിവരങ്ങള്‍ എത്തുന്നതും.

വിവാഹ നിശ്ചയ സമയത്തു തന്നെ, സ്ത്രീധനവും ആഭരണ കണക്കും പറഞ്ഞുറപ്പിക്കുന്ന രീതിയായിരുന്നു അടുത്ത കാലം വരെ. ഈ രീതിക്കു മാറ്റം വന്നിട്ടുണ്ട്. നിശ്ചയം കഴിഞ്ഞ് വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ഇപ്പോള്‍ പലരും സ്ത്രീധനം ആവശ്യപ്പെടുന്നത്. വിവാഹം കഴിഞ്ഞ് പിന്നെയും പലവിധ കാരണങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാരെ പിഴിഞ്ഞെടുക്കുന്നവരുമുണ്ട്. ഇതുകൂടി കൊടുത്താല്‍ മകള്‍ക്ക് നല്ല ജീവിതം കിട്ടുമല്ലോ എന്ന പ്രതീക്ഷയില്‍ കടം വാങ്ങിയോ വിറ്റുപെറുക്കിയോ മാതാപിതാക്കള്‍ പണം നല്‍കാന്‍ സന്നദ്ധമാകുന്നു. സ്ത്രീധനം നല്‍കാനായി കിടപ്പാടം വിറ്റ് വാടക വീടുകളിലേക്ക് മാറുന്നവര്‍ വരെയുണ്ട് സമൂഹത്തില്‍. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വിവരം അറിയിച്ചാല്‍ നടപടിയുണ്ടാകുമെങ്കിലും ഭര്‍ത്താവോ ഭര്‍തൃവീട്ടുകാരോ നിയമ നടപടിക്കു വിധേയമായാല്‍ മകളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയില്‍ അധിക പേരും പരാതി നല്‍കാന്‍ മുന്നോട്ടു വരാറില്ല. ഇത് സ്ത്രീധന മോഹികള്‍ക്ക് പ്രചോദനമാകുന്നു.

നിയമത്തിന്റെ കാര്‍ക്കശ്യം കൊണ്ടോ സര്‍ക്കാറിന്റെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മാത്രമായില്ല, സമൂഹം അതിനൊപ്പം മാറിയെങ്കില്‍ മാത്രമേ സ്ത്രീധന സമ്പ്രദായവും പീഡനവും പോലുള്ള സാമൂഹിക വിപത്തുകള്‍ നിര്‍മാര്‍ജനം ചെയ്യാനാകുകയുള്ളൂവെന്നാണ് വര്‍ധിച്ചു വരുന്ന ഇത്തരം കേസുകളുടെ എണ്ണം വ്യക്തമാക്കുന്നത്. സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് സ്ത്രീധനം അത്ര മോശമായ ഒരു ഏര്‍പ്പാടല്ല എന്ന ചിന്താഗതി. വിദ്യാസമ്പന്നര്‍ പോലും മുക്തരല്ല ഈ പൊതുബോധത്തില്‍ നിന്ന്. വിസ്മയ സംഭവത്തില്‍ ഉള്‍പ്പെടെ അടുത്തിടെ റിപോര്‍ട്ട് ചെയ്യപ്പെട്ട പല സ്ത്രീധന കേസുകളിലെയും പ്രതികളും ഇരകളും വിദ്യാസമ്പന്നരാണ്. ശക്തമായ ബോധവത്കരണം ആവശ്യമാണ് ഈ സാമൂഹിക വിപത്തിനെതിരെ. സ്ത്രീധനത്തിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ മാധ്യമങ്ങളില്‍ ഏതാനും ദിവസത്തെ ചര്‍ച്ചകള്‍ ഉണ്ടാകുന്നുവെന്നതൊഴിച്ചാല്‍ കാര്യമായ ബോധവത്കരണങ്ങള്‍ നടക്കുന്നില്ല നിലവില്‍. കുട്ടികള്‍ക്ക് ഇത് ചെറുപ്പം മുതലേ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. സ്ത്രീധനം ചോദിക്കുന്നവരെ മാറ്റിനിര്‍ത്തി നല്ല സ്വഭാവവും ധാര്‍മിക ബോധവും സംസ്‌കാരവുമുള്ളവരെ വരന്മാരായി സ്വീകരിക്കുന്ന രീതി രക്ഷിതാക്കളില്‍ വളര്‍ന്നു വരേണ്ടതും ആവശ്യമാണ്. പണവും ജോലിയും തറവാട്ടുമഹിമയും സൗന്ദര്യവുമല്ല ദാമ്പത്യ ജീവിതത്തെ ഊഷ്മളവും അനശ്വരവുമാക്കുന്നത്, സ്വഭാവമഹിമയും ധാര്‍മിക ചിന്തയുമാണ്. സ്ത്രീധനക്കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുമുണ്ട്. പോലീസിനെയും സാക്ഷികളെയും സ്വാധീനിച്ചോ, മറ്റു മാര്‍ഗേണയോ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്തുകൊണ്ട് സ്ത്രീധന നിരോധന നിയമവും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഇതിനിടെ ഹൈക്കോടതിക്കു തന്നെ ചോദിക്കേണ്ടി വന്നു സര്‍ക്കാറിനോട്.

 



source https://www.sirajlive.com/let-the-verdict-of-the-awesome-case-be-a-lesson.html

Post a Comment

Previous Post Next Post