ഹോട്ടലുകളെ ഗ്രേഡ് തിരിച്ചു ഭക്ഷണങ്ങളുടെ വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിക്കുകയുണ്ടായി. ഹോട്ടലുകളിലെ വിലവര്‍ധനവുമായി ബന്ധപ്പെട്ട പരിശോധനക്കായി കലക്ടര്‍, സിവില്‍ സപ്ലൈസ് ഓഫീസര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുമുണ്ട്. ഓരോ ജില്ലയിലും ഈ ടീമിന്റെ നേതൃത്വത്തില്‍ നേരിട്ടു ഇടപെലുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില ഹോട്ടലുകള്‍ കൊള്ളവില ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഭക്ഷ്യ വകുപ്പിന്റെ ഈ ഇടപെടല്‍.
കഴിഞ്ഞ ദിവസം ആലപ്പുഴ എം എല്‍ എ. പി പി ചിത്തരഞ്ജന്‍ ഹോട്ടലുകളിലെ അമിത വില സംബന്ധിച്ചു പരാതി ഉന്നയിച്ചിരുന്നു. ആലപ്പുഴ കാണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപയാണത്രേ അദ്ദേഹത്തില്‍ നിന്നു വാങ്ങിയത്. കൊള്ള വിലയാണ് ഹോട്ടലുകാര്‍ ഈടാക്കിയതെന്നു കാണിച്ചു ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജിനു എം എല്‍ എ പരാതി നല്‍കി. ‘ഫാന്‍ വേഗം കൂട്ടിയാല്‍ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് ഹോട്ടല്‍ വില. നാലര രൂപ വില വരുന്ന ഒരു മുട്ടക്കും അല്‍പ്പം ചാറിനും 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എ സി ഹോട്ടലെന്നു പറയുന്നുണ്ടെങ്കിലും എ സി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളില്‍ രണ്ട് കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. അതേസമയം ഒരു ചായക്ക് അഞ്ച് രൂപയും ഊണിന് 30 രൂപയും ഈടാക്കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അതിനിടെയാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’ -പരാതിയില്‍ എം എല്‍ എ പറയുന്നു.
അദ്ദേഹത്തിന്റെ ഇടപെടലിനു ഫലമുണ്ടായി. അടുത്ത ദിവസം തന്നെ പ്രസ്തുത ഹോട്ടലില്‍ സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ചു 40 രൂപയാക്കി. അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് അഞ്ച് രൂപ കുറച്ചു 10 രൂപയായും മാറ്റം വരുത്തി. പ്രമുഖനായ ഒരു ജനപ്രതിനിധി ഇടപെട്ടതു കൊണ്ടാണ് ഹോട്ടലുടമ വിലയില്‍ അല്‍പ്പം കുറവ് വരുത്താന്‍ സന്നദ്ധമായത്. സാധാരണക്കാരായിരുന്നു ഇത്തരമൊരു പരാതിയുമായി വന്നതെങ്കില്‍ അധികൃതരും ഹോട്ടലുടമയും ചവറ്റുകൊട്ടയില്‍ തള്ളുമായിരുന്നു. സംസ്ഥാനത്ത് ഹോട്ടലുകളില്‍ അടിക്കടി വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണ ഹോട്ടലുകളില്‍ രണ്ട് വര്‍ഷം മുമ്പ് ആറ് രൂയായിരുന്ന ചായക്ക് ഇപ്പോള്‍ 10 മുതല്‍ 15 രൂപ വരെ നല്‍കണം.
ചെറു കടികള്‍ക്ക് അഞ്ച് രൂപ വരെ വര്‍ധിച്ചു. പത്ത് രൂപ വിലയുണ്ടായിരുന്ന പൊറോട്ടക്ക് പതിനഞ്ച് വരെയെത്തി. അടുത്തിടെ ചിക്കന്റെ വില വര്‍ധനവിന്റെ പേരില്‍ ബിരിയാണിക്കു 25- 30 രൂപ വര്‍ധിപ്പിച്ച സാധാരണ ഹോട്ടലുകള്‍ വെജിറ്റേറിയന്‍ ഊണിന് പത്തും ഇരുപതും രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഊണിനൊപ്പം വാങ്ങുന്ന മീന്‍ വറുത്തതിന് 100 രൂപയിലധികം ഈടാക്കുന്നവരുണ്ട്. ഹോട്ടലില്‍ നിന്നു വയര്‍ നിറയെ എന്തെങ്കിലും കഴിച്ചാല്‍ കീശ കാലിയാകുന്ന അവസ്ഥയാണിന്ന്. സാധാരണക്കാരാണ് ഈ വിലക്കയറ്റത്തില്‍ കൂടുതല്‍ പ്രയാസത്തിലാകുന്നത്. നേരത്തേ ഒരു ദിവസത്തെ ഭക്ഷണത്തിനു 100 രൂപ മാറ്റി വെച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 150 രൂപ കരുതണം. അതിനനുസരിച്ച് അവരുടെ വരുമാനം കൂടുന്നുമില്ല.
നിരക്കു വര്‍ധനവിനെക്കുറിച്ചു പരാതിപ്പെടുമ്പോള്‍ വിപണിയിലെ സാധാനങ്ങളുടെ വിക്കയറ്റത്തിലേക്കാണ് കട നടത്തിപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സര്‍വ സാധനങ്ങള്‍ക്കും വില കുത്തനെ വര്‍ധിച്ചിട്ടുണ്ട് അടുത്ത കാലത്ത്. 2020ല്‍ 1,040 രൂപ ഉണ്ടായിരുന്ന പാചക വാതക വാണിജ്യ സിലിന്‍ഡറിന്റെ വില ഇപ്പോള്‍ 2,359 രൂപയിലെത്തി. ഈ വര്‍ഷം ജനുവരിക്കു ശേഷമുളള നാലര മാസത്തിനിടെ മാത്രം 563 രൂപയാണ് വര്‍ധിച്ചത്. തൊഴിലാളികളുടെ കൂലി, കെട്ടിട വാടക, വിറക്, അരി, പച്ചക്കറി, മാംസം, ഓയില്‍, മൈദ, വാഴയില തുടങ്ങിയവക്കെല്ലാം വില കൂടി. കോഴി വിഭവങ്ങളാണ് ഹോട്ടലുകളിലെ ആകര്‍ഷക വസ്തു. ചിക്കന്‍ വിഭവങ്ങളുടെ രുചി തേടിയാണ് കൂടുതല്‍പേരും ഹോട്ടലുകളിൽ എത്തുന്നത്. കോഴിയിറച്ചി വില 150ല്‍ നിന്നു ഇപ്പോള്‍ 240ല്‍ എത്തിനില്‍ക്കുന്നു. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകളില്‍ പലതും വാടകയും തൊഴിലാളികള്‍ക്കുള്ള കൂലിയും കറന്റ് ബില്ലും താങ്ങാനാകാതെ പൂട്ടുകയുണ്ടായി.
പരിഗണിക്കപ്പെടേണ്ടതു തന്നെയാണ് ഹോട്ടല്‍ നടത്തിപ്പുകാരുടെ ഈ പരാതികളും. വിലക്കയറ്റം രാജ്യത്ത് എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. ഹോട്ടലുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വിലക്കയറ്റത്തിനനുസൃതമായി ഹോട്ടല്‍ ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടിയില്ലെങ്കില്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാനാകില്ല. ന്യായമായ വിലവര്‍ധനയെ ഉപഭോക്താക്കളും എതിര്‍ക്കില്ല. എന്നാല്‍ പല ഹോട്ടലുകളിലും വിപണിയിലെ വിലക്കയറ്റത്തിനനുസൃതമായല്ല ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടുന്നത്. അവസരം മുതലെടുത്ത് കൊള്ളവില ഈടാക്കുകയാണ് പലരും. ഒരു നഗരത്തിലെ തന്നെ ഒരേ ഗ്രേഡില്‍ പെട്ട ഹോട്ടലുകള്‍ വ്യത്യസ്ത വിലകളാണ് ഈടാക്കുന്നത്. ഇതിന് അറുതി വരുത്തേണ്ടതുണ്ട്.
ഹോട്ടലുകളുടെ നിലവാരമനുസരിച്ച് ഗ്രേഡ് നിശ്ചയിച്ച് വില ഏകീകരിക്കുകയാണ് ഇതിനു പരിഹാരം. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബ് ഇത്തരത്തില്‍ ഒരു ബില്‍ കൊണ്ടുവരികയും മന്ത്രിസഭ അംഗീകാരവും നല്‍കുകയും ചെയ്തിരുന്നതാണ്. ഭക്ഷണസാധന വില നിയന്ത്രിക്കാന്‍ സംസ്ഥാന- ജില്ലാ അതോറിറ്റി, ഹോട്ടലുകള്‍ക്ക് രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍, ഹോട്ടലുകളെ ഗ്രേഡ് തിരിച്ചു വില നിശ്ചയിക്കല്‍, നിയമം ലംഘിക്കുന്നവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയവയായിരുന്നു ബില്ലിലെ വ്യവസ്ഥകള്‍. ഹോട്ടലുടമകള്‍ ബില്ലിനെ എതിര്‍ത്തെങ്കിലും അവരുമായി ചര്‍ച്ച നടത്തി നിയമമാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. അന്നു സോളാര്‍ വിഷയത്തില്‍ നിയമസഭ പ്രക്ഷുബ്ധമായതോടെ ബില്‍ ഫയലിലൊതുങ്ങുകയാണുണ്ടായത്. ആ ബില്‍ പൊടിതട്ടിയെടുത്തു നിയമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
source https://www.sirajlive.com/inflation-in-hotels-must-be-controlled.html
Post a Comment