പാലക്കാട് | ഒരു കൊലപാതക കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നേരത്തേയും ഉണ്ടായിട്ടുണ്ടെങ്കിലും 25 പേര്‍ക്ക് ജീവപര്യന്തം ലഭിക്കുന്നത് അപൂര്‍വമെന്ന് നിയമ വിദഗ്ധര്‍. സുന്നി പ്രവര്‍ത്തകരായ നൂറുദ്ദീനെയും കുഞ്ഞുഹംസയെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 25 പ്രതികളും പ്രവര്‍ത്തിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. രക്ഷപ്പെടാനുള്ള എല്ലാ പഴുതുമടച്ച് 25 പേരും സംഘം ചേര്‍ന്ന് ആസൂത്രിതമായാണ് കൊല നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. പ്രതിഭാഗം പല ന്യായങ്ങളും നിരത്തി ശിക്ഷായിളവിന് വാദിച്ചെങ്കിലും അതിന് പ്രതികളാരും അര്‍ഹരല്ലെന്നും ജീവപര്യന്തത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
2013 നവംബര്‍ 20ന് രാത്രിയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്തുവീട്ടില്‍ കുഞ്ഞുഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവര്‍ സഞ്ചരിച്ച കാര്‍ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഇരുവരെയും വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദ് സമീപത്തെ വീട്ടില്‍ അഭയം പ്രാപിച്ചു. കുഞ്ഞുഹംസക്കായിരുന്നു ആദ്യം വെട്ടേറ്റത്. തടയാനെത്തിയ നൂറുദ്ദീനെ സമീപത്തെ വിറക് പുരയുടെ പിറകില്‍ കൊണ്ടുപോയി പലതവണ വെട്ടി. കൊല്ലപ്പെട്ട രണ്ട് പേര്‍ക്കും മൂന്ന് വീതം മക്കളുണ്ട്. കൊല്ലപ്പെടുമ്പോള്‍ നൂറുദ്ദീന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു.
കേസിലെ ഒന്നാം പ്രതി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലാംകുഴി തൃക്കളൂര്‍ ചേലോട്ടില്‍ സിദ്ദീഖ്, പാണ്ടി നൗഷാദ്, പൂളമണ്ണ് നിജാസ്, ചീരത്ത് ഹംസ, ചോലോട്ട് ശമീര്‍, സ്വലാഹുദ്ദീന്‍, മുനീര്‍, അമീര്‍, റഷീദ് എന്നിവരടക്കം 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കേസിലുള്‍പ്പെട്ടവര്‍ക്കും അറസ്റ്റിലായവര്‍ക്കും സ്ഥലം ലീഗ് എം എല്‍ എ സംരക്ഷണമൊരുക്കുകയും പുറത്തുകൊണ്ടു വരികയും ചെയ്തു. കൊല്ലപ്പെട്ട സുന്നി പ്രവര്‍ത്തകരുടെ വീടുള്‍പ്പെടുന്ന കല്ലാംകുഴി കോങ്ങാട് നിയോജക മണ്ഡലത്തിലാണെങ്കിലും പോലീസ് സ്റ്റേഷന്‍ മണ്ണാര്‍ക്കാടാണ്. അതുകൊണ്ടുതന്നെ, കേസില്‍ ശംസുദ്ദീന്‍ എം എല്‍ എ പ്രതികള്‍ക്ക് വേണ്ടി പോലീസിനെ സ്വാധീനിച്ചുവെന്ന് ആരോപണമുയര്‍ന്നു.
അറസ്റ്റിലായ പ്രതികള്‍ പത്തില്‍ താഴെ ദിവസം മാത്രാണ് റിമാന്‍ഡില്‍ കഴിഞ്ഞത്. മുഴുവന്‍ പ്രതികളും അറസ്റ്റിലായിട്ടും വിചാരണ നടത്താതെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് നീട്ടിക്കൊണ്ടുപോയി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് സമയബന്ധിതമായി വിചാരണ നടത്തി കേസില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ഉത്തരവായത്.
source https://www.sirajlive.com/for-this-cruelty-there-is-no-lesser-punishment.html
Post a Comment