കൊല്‍ക്കത്ത | അവസാന ഓവറില്‍ ഗുജറാത്തിന് വേണ്ടിയിരുന്നത് 16 റണ്‍സ്. ആദ്യ മൂന്ന് പന്തുകള്‍ മൈതാനം തൊടാതെ പറത്തിയ ഡേവിഡ് മില്ലര്‍ ടീമിന് സമ്മാനിച്ചത് ഫൈനലിനുള്ള ടിക്കറ്റ്. ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് തകര്‍ത്തു വിട്ടത്. രാജസ്ഥാന്‍ മുന്നോട്ട് വെച്ച 189 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെ ഗുജറാത്ത് മറികടന്നു. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ ആറിന് 188. ഗുജറാത്ത് 19.3 ഓവറില്‍ മൂന്നിന് 191.
ഡേവിഡ് മില്ലര്‍ (38 പന്തില്‍ പുറത്താകാതെ 68), ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ പുറത്താകാതെ 40), മാത്യു വെയ്ഡ് (30 പന്തില്‍ 35), ശുഭ്മാന്‍ ഗില്‍ (21 പന്തില്‍ 35) എന്നിവരിലൂടെയാണ് ഗുജറാത്ത് വിജയം കണ്ടത്. തോറ്റെങ്കിലും സഞ്ജു സാംസണിനും സംഘത്തിനും ഒരു അവസരം കൂടെയുണ്ട്. ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് ഫൈനലിലെത്താം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്്ലറുടെയും (56 പന്തില്‍ 89) സഞ്ജു സാംസണിന്റെയും (26 പന്തില്‍ 47) മിന്നുന്ന ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് മികച്ച സ്‌കോര്‍ നേടിയത്. ദേവദത്ത് പടിക്കല്‍ 20 പന്തില്‍ 28 റണ്‍സെടുത്തു. രണ്ടാം ഓവറില്‍ യശസ്വി ജയ്സ്വാളിനെ (മൂന്ന്) നഷ്ടമായെങ്കിലും പിന്നീടെത്തിയ സഞ്ജു ആക്രമണത്തിന് തിരികൊളുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തിയ സഞ്ജു പവര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തടിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ ഒരു വിക്കറ്റിന് 55. ഇതില്‍ 30 റണ്‍സും സഞ്ജുവിന്റെ വകയായിരുന്നു. പത്താം ഓവറില്‍ സായി കിഷോറിനെ സിക്സര്‍ പറത്താനുള്ള ശ്രമത്തിനിടെ അല്‍സാരി ജോസഫിന് ക്യാച്ച് നല്‍കി മലയാളി താരം മടങ്ങി. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്ന മനോഹര ഇന്നിംഗ്സ്. സഞ്ജു പുറത്തായതോടെ സ്‌കോറിംഗിന് വേഗം കുറഞ്ഞു. സായി കിഷോര്‍ എറിഞ്ഞ 14ാം ഓവറില്‍ 18 റണ്‍സടിച്ച് ദേവദത്ത് ട്രാക്കിലായെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ അടുത്ത ഓവറില്‍ പുറത്തായി.
തുടക്കത്തിലേ മെല്ലെപ്പോക്കില്‍ നിന്ന് പതിയെ താളം കണ്ടെത്തിയ ബട്്ലര്‍ അവസാന ഓവറുകളില്‍ കത്തിക്കയറി. ദേവദത്തിന് പകരമെത്തിയ ഹെറ്റ്മെയറിന് (ഏഴ് പന്തില്‍ നാല്) കാര്യമായൊന്നും ചെയ്യാനായില്ല. 12 ബൗണ്ടറികളും രണ്ട് സിക്സും അടക്കം 89 റണ്‍സെടുത്ത ബട്്ലര്‍ അവസാന ഓവറില്‍ റണ്ണൗട്ടായി. ഗുജറാത്തിനായി മുഹമ്മദ് ഷാമി, യഷ് ദയാല്‍, സായി കിഷോര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കിയ റാശിദ് ഖാന്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചത്.
source https://www.sirajlive.com/beat-rajasthan-by-seven-wickets-gujarat-flies-to-finals.html
إرسال تعليق