കൊച്ചി | മുസിലിംങ്ങള്‍ക്കെതിരായ മത വിദ്വേഷ പ്രസംഗങ്ങളില്‍ ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പി സി ജോര്‍ജ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരത്തെ പ്രസംഗത്തിലെ ജാമ്യാപേക്ഷയും വെണ്ണല പ്രസംഗത്തിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നേൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുക.
തിരുവനന്തപുരത്തെ പ്രസംഗക്കേസില്‍ പി സിയുടെ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് ഡി ജി പി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് നിലവില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
പി സി ജോര്‍ജിനെ വെണ്ണലയിലെ പ്രസംഗത്തിന് ക്ഷണിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കൊച്ചി കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒരു സംഭവമുണ്ടായിരിക്കെ വീണ്ടും ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അത് അറിഞ്ഞുകൊണ്ടാണ് പ്രസംഗത്തിന് ക്ഷണിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണം. ആവശ്യമെങ്കില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ സൂചിപ്പിച്ചിരുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതിന് തെളിവുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
നേരത്തേ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച പി സി ജോര്‍ജിനോട്, വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ വ്യവസ്ഥ കോടതിക്ക് പുറത്തുവെച്ച് തന്നെ ജോര്‍ജ് ലംഘിച്ചിരുന്നു.
source https://www.sirajlive.com/pc-george-39-s-bail-application-in-high-court-today.html
Post a Comment