കാലാവസ്ഥാ വ്യതിയാനവും കേരളവും

വേനല്‍ക്കാലത്ത് മഴ, മഴക്കാലത്ത് അത്യുഷ്ണം, ശക്തികുറഞ്ഞ മഴക്കു പകരം തീവ്രതയേറിയ മഴപ്പെയ്ത്തുകള്‍-സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാലാവസ്ഥയില്‍ സമൂല മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ വേനലില്‍ പതിവില്‍ കവിഞ്ഞ മഴയാണ് ലഭിച്ചത്. വേനല്‍ക്കാലത്ത് ഉഷ്ണവും കൂടുതലായിരുന്നു. മഴപ്പെയ്ത്തിന്റെ രീതിയിലും മാറ്റം അനുഭവപ്പെടുന്നു. ശക്തി കുറഞ്ഞ മഴയുടെ അളവില്‍ ഗണ്യമായ കുറവും പകരം തീവ്രതയേറിയ മഴപ്പെയ്ത്തുകളും സമീപ കാലത്തെ സവിശേഷതയാണ്. ഒരു ഋതുവില്‍ ലഭിക്കേണ്ട മഴ ചിലപ്പോള്‍ ഒരു മാസം കൊണ്ടും ഒരു മാസം കൊണ്ട് കിട്ടേണ്ട മഴ ഒരാഴ്ചക്കുള്ളിലും ഒരാഴ്ച കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ ദിവസത്തിലും വര്‍ഷിക്കുന്നു. കാലവര്‍ഷക്കാലത്ത് മൊത്തം ലഭിക്കേണ്ട മഴ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അതിശക്തമായി പെയ്തൊഴിയുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്.

കൊടും ഉഷ്ണത്തിന്റെ മാസമായ മെയ് ഇത്തവണ മഴയുടെ മാസമാണ് സംസ്ഥാനത്തിന്. ആഴ്ചകളായി തുടരുന്ന വേനല്‍മഴ ഇനിയും തുടരുമെന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ പുതിയ മുന്നറിയിപ്പ്. 60 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലഭിച്ചതെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷകരുടെ കണക്ക്. കാലവര്‍ഷം തുടങ്ങിയതു മുതല്‍ ഡിസംബര്‍ മൂന്നാമത്തെ ആഴ്ച വരെ നീണ്ട ഇടവപ്പാതി-തുലാ വര്‍ഷത്തില്‍ 3,610 മില്ലീമീറ്റര്‍ മഴയാണ് 2021ല്‍ സംസ്ഥാനത്ത് പെയ്തിറങ്ങിയത്. ജനുവരി, ഫെബ്രുവരി മാസത്തിലും ലഭിച്ചു 114 മില്ലീമീറ്റര്‍ മഴ. സാധാരണത്തേക്കാള്‍ വര്‍ധനവാണ് വേനല്‍ മഴയില്‍ രേഖപ്പെടുത്തിയത്.

ആഗോളതലത്തില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് കേരളത്തിലും പ്രകടമാകുന്നതെന്നാണ് വിദഗ്ധ പക്ഷം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭാ സമിതിയായ ഐ പി സി സി അടുത്തിടെ പുറത്തിറക്കിയ റിപോര്‍ട്ടില്‍, ആഗോളതലത്തില്‍ അപകടകരമാം വിധം തകിടം മറിയുകയാണ് കാലാവസ്ഥയെന്നും മനുഷ്യരാശിക്ക് ഇത് വലിയ ഭീഷണിയായി മാറുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വര്‍ധിച്ചു വരുന്ന താപതരംഗങ്ങളും വരള്‍ച്ചയും പേമാരിയും ചുഴലിക്കാറ്റും വരും കാലങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുടനീളം ഉണ്ടാകാന്‍ സാധ്യതയുള്ളതായും ഐ പി സി സി റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യയുള്‍പ്പെടെ 195 അംഗ പാനല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ റിപോര്‍ട്ട്, ഏറ്റവും സമഗ്രമെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടത്. ‘മണ്‍സൂണിന്റെ സ്വഭാവവും മഴ വരുന്ന തീയതി മുതല്‍ പെയ്ത്തിന്റെ രീതിയും മാറി. വരുന്ന 30 വര്‍ഷം ഈ മാറ്റങ്ങള്‍ കൂടുതല്‍ അനുഭവവേദ്യമാകും. സമുദ്ര ഉപരിതല ഊഷ്മാവ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇത് ചുഴലിക്കാറ്റുകള്‍, അതിതീവ്ര മഴ എന്നിവക്ക് കാരണമാകും. സമുദ്രനിരപ്പ് ഓരോ വര്‍ഷവും ഉയരുകയാണ്. ഇത് കടല്‍ക്കയറ്റവും തീരശോഷണവും കൂടുതല്‍ ശക്തവും സങ്കീര്‍ണവുമാക്കും. അത്യുഷ്ണവും വരള്‍ച്ചാ മാസങ്ങളും കൂടുന്നു. നഗരപ്രദേശങ്ങളിലെ ചൂട് അതീവ അസഹ്യമാകും. ഉത്തരേന്ത്യയിലെ താപതരംഗങ്ങള്‍ ഹിമാലയത്തിലെ മഞ്ഞുരുകിയുള്ള പ്രളയങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും. കരയിലെയും കടലിലെയും ജൈവ വൈവിധ്യത്തെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുകയും കൃഷി മുതല്‍ മത്സ്യസമ്പത്ത് വരെ അപകടാവസ്ഥയിലാകുകയും ചെയ്യും’ തുടങ്ങിയവയാണ് ഐ പി സി സി പഠനത്തിലെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ വീതം കടല്‍ കരയിലേക്ക് കയറാമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

2004ലെ സുനാമി തൊട്ട് അത്യുഷ്ണം, പേമാരി, മഹാപ്രളയങ്ങള്‍, കടലേറ്റം, മണ്ണിടിച്ചില്‍ എന്നിത്യാദി പ്രകൃതി ദുരന്തങ്ങള്‍ പൂര്‍വാധികം ശക്തിപ്പെട്ട കേരളം ഐ പി സി സി റിപോര്‍ട്ടിനെ ഗൗരവത്തോടെ കാണുകയും അതിജീവിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുകയും ചെയ്യേണ്ടതുണ്ട്. 2018, 2019 വര്‍ഷങ്ങളിലെ മഹാപ്രളയത്തിന്റെ ആഘാതങ്ങളില്‍ നിന്ന് സംസ്ഥാനം ഇനിയും മോചിതമായിട്ടില്ല. ഐ പി സി സിയുടെ നിര്‍ദേശപ്രകാരം ‘നാസ’ തയ്യാറാക്കിയ കടലേറ്റത്തെപ്പറ്റിയുള്ള റിപോര്‍ട്ടിലെ ഭാഗങ്ങള്‍ തീരമേഖലയെ കടുത്ത ആശങ്കയിലാക്കുന്നതാണ്. 2030ല്‍ സമുദ്രനിരപ്പ് 11 സെന്റിമീറ്ററും 2100ല്‍ 71 സെന്റീമീറ്ററും 2150ല്‍ 1.24 മീറ്റര്‍ വരെയും ഉയരുമെന്നാണ് നാസയുടെ നിരീക്ഷണം. ജനസാന്ദ്രത വര്‍ധിച്ച, തീരമേഖലകളില്‍ ആളുകള്‍ തിങ്ങിത്താമസിക്കുന്ന കേരളത്തില്‍ ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഭൂവിനിയോഗത്തില്‍ വന്ന മാറ്റങ്ങള്‍, അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെയും മറ്റു ഹരിത ഗൃഹവാതകങ്ങളുടെയും വന്‍തോതിലുള്ള വിസര്‍ജനം തുടങ്ങിയവയാണ് ആഗോള താപനം, അതിതീവ്ര മഴ തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കണക്കിലെടുത്തുള്ള വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങളും ഹരിതഗൃഹ വാതകങ്ങള്‍ പുറത്തേക്ക് വിടുന്നതില്‍ കടുത്ത നിയന്ത്രണവുമാണ് ഇതിനു പരിഹാരം. കാലാവസ്ഥയെയും പാരിസ്ഥിതിക ദുരന്ത സാധ്യതകളെയും പഠിച്ച് അതിനനുസരിച്ചുള്ള വികസന, രക്ഷാ പദ്ധതികള്‍ നടപ്പാക്കണം.

കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകട സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞ് അവയെ നേരിടാന്‍ ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിക്കണം. കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ ബഹിര്‍ഗമനം കുറഞ്ഞ വ്യവസായങ്ങളിലേക്കും ഗതാഗത സംവിധാനങ്ങളിലേക്കും മാറണം. ജല നിര്‍ഗമന മാര്‍ഗങ്ങള്‍ സംരക്ഷിച്ചും ആവശ്യമായവ നിര്‍മിച്ചും ജലത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കി വേണം റോഡുകളും റെയില്‍ പാതകളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍. മനുഷ്യ ഇടപെടലുകളാണ് കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കുന്നതെന്ന തികഞ്ഞ ബോധത്തോടെയായിരിക്കണം ഓരോ നിര്‍മാണ, വികസന പ്രവര്‍ത്തനത്തിലേക്കും പ്രവേശിക്കേണ്ടത്.

 



source https://www.sirajlive.com/climate-change-and-kerala.html

Post a Comment

Previous Post Next Post